ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് അറിയിച്ചതിനെത്തുടർന്ന് എണ്ണവില ഉയർന്നു. യുഎസ് ക്രൂഡ് ഓയിൽ വില ബാരലിന് 8 ശതമാനം വർധിച്ച് 104.24 ഡോളറിലെത്തി. രാജ്യാന്തര വിപണിയുടെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ വില 7 ശതമാനം ഉയർന്ന് 102.29 ഡോളറുമായി. ഇറാനുമായുള്ള യുദ്ധസമയത്ത് ബ്രെന്റ് ക്രൂഡ് വിലയിൽ വലിയ ചാഞ്ചാട്ടമാണുണ്ടായത്. യുദ്ധത്തിനു മുൻപ് ബാരലിന് ഏകദേശം 70 ഡോളറായിരുന്നത്, യുദ്ധത്തിനിടെ 119 ഡോളറിനു മുകളിലെത്തിയിരുന്നു.
രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച എണ്ണവിലയിൽ കുറവുണ്ടായിരുന്നു. ബുധനാഴ്ച ബാരലിന് 100 ഡോളറിൽ താഴെയായിരുന്ന എണ്ണ വിലയാണ് വീണ്ടും കുതിച്ചത്. എണ്ണവില ബാരലിന് 100 ഡോളറിനു മുകളിൽ തുടരുമെന്നും വർഷത്തിന്റെ പകുതിയോടെ വില കുറയുമെന്നുമാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
ഇറാനിലെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും വരുന്നതും പോകുന്നതുമായ എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്കെതിരെ നിഷ്പക്ഷമായായിരിക്കും ഉപരോധം നടപ്പാക്കുകയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ, ഇറാനിലേക്കല്ലാത്ത മറ്റ് തുറമുഖങ്ങളിലേക്കു പോകുന്ന കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതിയുണ്ടാകുമെന്നും അവർ വ്യക്തമാക്കി. ലോകത്ത് വിതരണം ചെയ്യപ്പെടുന്ന എണ്ണയുടെ അഞ്ചിലൊന്നും ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.
അതേസമയം, ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്നാണ് യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് പൂര്‍ണമായും ഇറാന്‍റെ നിയന്ത്രണത്തിലാണെന്നും ഹോര്‍മുസ് കടക്കേണ്ട കപ്പലുകള്‍ ഇറാന്‍ റിയാലില്‍ ടോള്‍ നല്‍കണമെന്നും ഇറാന്‍റെ ഡെപ്യൂട്ടി സ്പീക്കര്‍ ഹാജി ബബേയ് പറഞ്ഞു.