അസിം മുനീര്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്കൊപ്പം (AP Photo/Jacquelyn Martin)
ലോകമാകെ ഇന്ന് ഉറ്റുനോക്കുന്നത് യുഎസ്– ഇറാന്‍ സമാധാന ചര്‍ച്ചകളിലേക്കാണ്. എന്നാല്‍ ഇസ്‌ലാമാബാദില്‍ പാക് മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും നടത്തിയ 15 മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലും സമാധാന കരാറില്‍ ധാരണയിലെത്താനായിട്ടില്ല. നീതിരഹിതമായ വ്യവസ്ഥകളാണ് യുഎസ് മുന്നോട്ടു വയ്ക്കുന്നതെന്നാണ് ഇറാന്റെ നിലപാട്. അതേസമയം, ഇറാന് ആണവായുധം പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇക്കാര്യത്തില്‍ സമവായത്തിന് ഇറാന്‍ തയാറല്ലെന്നുമാണ് യുഎസ് വാദം. ഇതിനിടയില്‍ ചര്‍ച്ചയാകുന്ന മറ്റൊരു കാര്യവുമുണ്ട്. ഇറാന്‍, യുഎസ് പ്രതിനിധികളെ സ്വീകരിക്കാന്‍ പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീര്‍ സ്വീകരിച്ച വസ്ത്രധാരണം. രണ്ട് തരത്തിലുള്ള വസ്ത്രം ധരിച്ചതിലൂടെ അസിം മുനീര്‍ പറയാതെ പറഞ്ഞതെന്തെന്ന് അന്വേഷിക്കുകയാണ് ലോക രാഷ്ട്രീയ വിദഗ്ദര്‍.
ഇറാന്‍റെ പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇസ്‌ലാമാബാദില്‍ എത്തിയത് ഇറാനിയൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി എന്നിവരുൾപ്പെടെയുള്ള സംഘമായിരുന്നു. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിൽ ഈ ഇറാനിയന്‍ പ്രതിനിധി സംഘത്തെ സ്വീകരിക്കുമ്പോള്‍ മെഡലുകളും നക്ഷത്രങ്ങളുമുള്ള തന്‍റെ സൈനിക യൂണിഫോമാണ് പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീര്‍ ധരിച്ചിരുന്നത്. ഇറാനെ സ്വീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സിന്‍റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘവും ഇസ്‌ലാമാബാദിലെത്തി. യുഎസ് സംഘത്തെ സ്വീകരിക്കാന്‍ കറുത്ത നിറത്തിലുള്ള സ്യൂട്ടാണ് അസിം മുനീര്‍ തിരഞ്ഞെടുത്തത്. പാകിസ്ഥാൻ സൈനിക മേധാവിയുടെ ഈ 'വസ്ത്ര നയതന്ത്ര'മാണ് ചര്‍ച്ചയാകുന്നത്. ഒപ്പം ലോക രാഷ്ട്രീയ രംഗത്ത് ഏറെ പ്രാധാന്യമുള്ള സംഭാഷണത്തിന് മുന്നോടിയായി വിദേശ പ്രതിനിധികളെ സ്വീകരിക്കാൻ പോയത് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അല്ല, ആർമി ചീഫ് ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.
ലോക രാഷ്ട്രീയ വിദഗ്ദരുടെ അഭിപ്രായപ്രകാരം, അസിം മുനീര്‍ നല്‍കുന്ന സന്ദേശം വ്യക്തമാണ്. ഇറാനെ സ്വീകരിക്കാന്‍ യൂണിഫോം അണിഞ്ഞതില്‍ നിന്നും പാകിസ്ഥാൻ സൈനിക മേധാവി തന്റെ സൈനിക അധികാരവും ശക്തിയും പ്രദർശിപ്പിക്കുകയാണ് ചെയ്തത്. ഇറാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇത് നിര്‍ണായകമാണ്. മാത്രമല്ല ഇറാന്റെ രാഷ്ട്രീയ നേതൃത്വമല്ല മറിച്ച് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സാണ് നിലവിലുള്ള സംഘർഷത്തിൽ നിർണായക പങ്ക് വഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ സൈനിക ഇടപെടലിനെ സൈനിക ഇടപെടലുകൊണ്ട് പ്രതിരോധിക്കുക എന്ന ധ്വനിയും ഈ വസ്ത്രധാരണത്തില്‍ കാണാം.
അതേസമയം യുഎസ് പ്രതിനിധികളെ സ്വീകരിക്കാന്‍ ധരിച്ച സ്യൂട്ടില്‍ നിന്നും തങ്ങളുടെ നിഷ്പക്ഷത, രാഷ്ട്രതന്ത്രജ്ഞത എന്നിവ ഉയർത്തിക്കാട്ടാനായിരിക്കാം അസിം മൂനീര്‍ ശ്രമിച്ചത്. ഈ വസ്ത്രധാരണം പാക്– യുഎസ് ബന്ധത്തിന്റെ ആഴം ഊന്നിപ്പറയാനെന്നും കരുതപ്പെടുന്നു. അസിം മുനീറിനെ ‘പ്രിയപ്പെട്ട ഫീൽഡ് മാർഷൽ’ എന്നാണ് ഒരിക്കല്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പ്രശംസിച്ചിരുന്നത്. ലോകം ഉറ്റുനോക്കുന്ന ഒരു സംഭാഷണത്തിന് പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുമ്പോൾ ഈ വസ്ത്രങ്ങളിലൂടെയുള്ള സന്ദേശം ഏറെ നിര്‍ണായകമാണ്.
മാത്രമല്ല പ്രതിനിധികളെ സ്വീകരിച്ചത് പാക് പ്രധാനമന്ത്രിയല്ല, ആർമി ചീഫ് ആണ് എന്നത് മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കുന്നതിൽ നേതൃത്വം വഹിക്കുന്നത് രാഷ്ട്രീയ നേതൃത്വമല്ല, പാകിസ്ഥാന്‍റെ സൈനിക നേതൃത്വമാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, മുനീറിന്റെ വസ്ത്രധാരണ രീതികൾ ചർച്ചകളുടെ ഫലത്തെ സ്വാധീനിക്കാൻ സാധ്യതയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. എങ്കിലും അവ ഇറാനും യുഎസുമായുള്ള പാകിസ്ഥാന്റെ ബന്ധത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണ്.