A map showing the Strait of Hormuz and Iran is seen behind a 3D printed miniature of U.S. President Donald Trump in this illustration taken June 22, 2025. REUTERS/Dado Ruvic/Illustration
ഇസ്‌ലാമാബാദില്‍ പാക് മധ്യസ്ഥതയില്‍ നടന്ന യുഎസ്– ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്താൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ തങ്ങളുടെ ആണവ പദ്ധതി ഉപേക്ഷിക്കാൻ വിസമ്മതിച്ചുവെന്നും ഇതിന്‍റെ ഫലമായി ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും യുഎസിന്‍റെ നാവികസേന തടയുമെന്നും ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
President Donald Trump speaks with reporters in the James Brady Press Briefing Room at the White House, Monday, April 6, 2026, in Washington. AP/PTI(AP04_07_2026_000001B)
തങ്ങളുടെ നേരെയോ സമാധാനപരമായി പോകുന്ന കപ്പലുകള്‍ക്കു നേരെയോ വെടിയുതിർക്കുന്ന ഏതൊരു ഇറാനിയനെയും നരകത്തിലേക്ക് തള്ളിവിടുമെന്നും ഉചിതമായ സമയത്ത് ഇറാനെ അവസാനിപ്പിക്കാൻ യുഎസ് തയാറാണെന്നും ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച നാവികസേന എന്നാണ് യുഎസിന്‍റെ നാവികസേനയെ ട്രംപ് കുറിപ്പില്‍ വിശേഷിപ്പിച്ചത്. മാത്രമല്ല ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടും അറിഞ്ഞുകൊണ്ട് ഇറാന്‍ അതില്‍ പരാജയപ്പെട്ടുവെന്നും ട്രംപ് ഇറാനെ വിമര്‍ശിച്ച് കുറിച്ചു.
ഇസ്‌ലാമാബാദില്‍ ഇറാന്‍ പ്രതിനിധികളുമായി നടന്ന 20 മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ചകളില്‍ നിരവധി വിഷയങ്ങളിൽ ധാരണയിലെത്തിയെന്നും എന്നാൽ ഇറാന്‍റെ ആണവ പദ്ധതി എന്ന പ്രധാനപ്പെട്ട വിഷയത്തിൽ പരാജയപ്പെട്ടുവെന്നുമാണ് ട്രംപ് പറയുന്നത്. ഇറാന് ആണവായുധം പാടില്ല എന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റെല്ലാം രണ്ടാമതാണെന്നും ട്രംപ് പറഞ്ഞു. ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിനെയും പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനെയും ട്രംപ് പ്രശംസിച്ചു. അസാധാരണ മനുഷ്യർ എന്നാണ് ഇരുവരേയും ട്രംപ് വിശേഷിപ്പിച്ചത്.
അസിം മുനീര്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്കൊപ്പം (AP Photo/Jacquelyn Martin)
ഇസ്‌ലാമാബാദില്‍ നടന്ന ചര്‍ച്ചകളില്‍ ഹോര്‍മുസ് തുറക്കുന്നതിലടക്കം യുഎസ് മുന്നോട്ടുവച്ച ഉപാധികളോട് ഇറാന്‍ യോജിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നീതിരഹിതമായ വ്യവസ്ഥകളാണ് യുഎസ് മുന്നോട്ടു വയ്ക്കുന്നതെന്നാണ് ഇറാന്റെ നിലപാട്. പരാജയപ്പെടാന്‍ കാരണം യുഎസിന്റെ കടുത്ത നിലപാടെന്നും ഇറാന്‍ പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍ ഇറാന് ആണവായുധം പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇക്കാര്യത്തില്‍ സമവായത്തിന് ഇറാന്‍ തയാറല്ലെന്നുമാണ് യുഎസ് വാദം. ഈ സാഹചര്യത്തില്‍ ചര്‍ച്ച മുന്നോട്ടുപോകില്ലെന്നും കരാറിലെത്താതെ നിരാശനായി മടങ്ങുന്നുവെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് പറഞ്ഞിരുന്നു.
യു.എസിന്‍റെ ഭാഗത്ത് നിന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്‍റെ നേതൃത്വത്തിലുള്ള സംഘവും ഇറാന്‍റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗചി, സ്പീക്കര്‍ ഹമ്മദ് ബാഗേര്‍ ഗാലിബഫ് അടക്കമുള്ള നേതാക്കളുമായാണ് ഇസ്‍ലാമാബാദില്‍ നേരിട്ട് ചര്‍ച്ച നടത്തിയത്. അതേസമയം, ഇറാനെതിരായ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ സംപുഷ്ടീകരിച്ച യുറേനിയം നീക്കംചെയ്യണമെന്നാണ് നെതന്യാഹുവിന്‍റെ ആവശ്യം.