Image: File
സിവിലിയന്‍ ആണവ സഹകരണ കരാര്‍ പൂര്‍ത്തിയാക്കാന്‍ ഗള്‍ഫ് രാഷ്ട്രമായ സൗദി അറേബ്യയ്ക്ക് മുന്‍പില്‍ പുതിയ നിബന്ധനവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാറുമായി മുന്നോട്ടുപോകണമെങ്കില്‍ ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. എന്നാല്‍ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിനു വ്യക്തമായ പാതയൊരുങ്ങാതെ ഇസ്രയേലുമായി ഒരു നീക്കുപോക്കുമില്ലെന്ന നിലപാടില്‍ തുടരുകയാണ് സൗദി അറേബ്യ. Also Read:പശ്ചിമേഷ്യയില്‍ സമവാക്യങ്ങള്‍ മാറുമോ?; സൗദി–അമേരിക്ക ആണവകരാറിന് പിന്നിലെന്ത്?
ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കാനുള്ള അബ്രഹാം ഉടമ്പടിയില്‍ സൗദി അറേബ്യ പങ്കാളിയാകണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. സൗദി ഈ ഉടമ്പടിയിൽ ചേർന്നില്ലെങ്കിൽ ആണവ കരാർ റദ്ദാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി. അബ്രഹാം ഉടമ്പടിയില്‍ ഒപ്പുവച്ച യുഎഇയുടേയും ബഹ്റൈന്റേയും പാതയില്‍ സൗദിയും വരണമെന്നാണ് യുഎസ് നിലപാട്. സൗദി അറേബ്യ ഈ വ്യവസ്ഥയിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പലസ്തീനുമായി ബന്ധപ്പെട്ട നിലപാടില്‍ അയവില്ലെന്ന് തന്നെയാണ് സൗദിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം തന്നെ അബ്രഹാം ഉടമ്പടിയുടെ ഭാഗമായി സൗദിയെത്തുന്നത് പശ്ചിമേഷ്യന്‍ സമാധാനത്തിന് വലിയ മുന്നേറ്റമായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് പ്രസ്താവനയിലൂടെ പ്രതികരണം നടത്തിയത്.
2020ല്‍ ട്രംപിന്റെ മധ്യസ്ഥതയില്‍ ഒപ്പുവച്ച ഉടമ്പടിയാണ് അബ്രഹാം ഉടമ്പടി. യു.എ.ഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങള്‍ ഈ ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു. അതേസമയം പലസ്തീന്‍ വിഷയത്തില്‍ ഇടഞ്ഞുനിന്ന സൗദി അറേബ്യ ഈ നീക്കത്തിന്റെ ഭാഗമാകാന്‍ തയാറായിരുന്നില്ല. അറബ് മേഖലയിലെ ഏറ്റവും വലിയ ശക്തിയായ സൗദി കൂടി ഈ ഉടമ്പടിയുടെ ഭാഗമാകുന്നത് മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ വലിയ രീതിയില്‍ സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തല്‍ .
ആണവോര്‍ജ മേഖലയില്‍ ചരിത്രപരമായ സഹകരണത്തിനാണ് സൗദി അറേബ്യ യുഎസിന് കൈകൊടുത്ത് തയാറായത്. സൗദി ഊർജ, വ്യവസായ, ഖനന വിഭവ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാനും യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റും തമ്മിലാണ് കരാറിൽ ഒപ്പുവച്ചത്. എന്നാല്‍ ട്രംപ് പുതിയ നിബന്ധന വച്ചതോടെ ഈ കരാറിന്റെ ഭാവിയെന്താകുമെന്ന കാര്യത്തിലും സംശയങ്ങള്‍ ഉയരുന്നുണ്ട്.