us-saudi

ഇറാന്‍റെ ആണവശേഷിക്കെതിരെ പശ്ചിമേഷ്യയില്‍ യുദ്ധത്തിന് തുടക്കമിട്ട അമേരിക്ക പങ്കാളിയായ സൗദിയെ ആണവരാജ്യമാക്കാനുള്ള കരാറില്‍ ഒപ്പുവച്ചു. ഹൂതി വിമതരുടെയും ഇറാന്റെയും നിരന്തര ആക്രമണത്തിന് വിധേയമാകുന്ന സൗദി ആണവശേഷി കൈവരിച്ചാല്‍ മേഖലയിലെ സമവാക്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞേക്കാം.

എന്താണ് കരാര്‍?

സൗദിക്ക് സ്വന്തം മണ്ണില്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി യുറേനിയം സമ്പുഷ്ടീകരിക്കാന്‍ നിയമപരമായ ചട്ടക്കൂട് നല്‍കുന്നതാണ് കരാര്‍. കരാറനുസരിച്ച് സൗദിയില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാനും യുറേനിയം സമ്പുഷ്ടീകരിക്കാനും കഴിയും. പക്ഷേ സൗദി സ്വന്തമായി ആണവസാങ്കേതികവിദ്യ വികസിപ്പിക്കില്ല. പകരം അമേരിക്കന്‍ കമ്പനികളായിരിക്കും സൗദിയില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കുക. സാങ്കേതികവിദ്യയും അമേരിക്ക നല്‍കും. 

സമാധാനപരമായ ആണവ സഹകരണ കരാര്‍ എന്നു പേരിട്ടിരിക്കുന്ന കരാര്‍ ഗള്‍ഫിന്റെ സുരക്ഷയ്ക്കായാണെന്നാണ് വ്യാഖ്യാനം. 30 വര്‍ഷത്തേക്കാണ് കരാര്‍. പവര്‍ പ്ലാന്റുകളില്‍ ഊര്‍ജത്തിനായാണ് ആദ്യഘട്ടത്തില്‍ ആണവനിലയങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നാണ് വിശദീകരണം.

എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ഓയില്‍ റിസര്‍വുകള്‍ ഉള്ള സൗദിക്ക് ന്യൂക്ലിയാര്‍ എനര്‍ജിയുടെ ആവശ്യമില്ലെന്നതാണ് വാസ്തവം. കരാറിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പരസ്യമാക്കിയിട്ടില്ല. ചുരുക്കത്തില്‍ ആണവനിലയം സൗദിയിലാണെങ്കിലും അതിന്റെ സാങ്കേതികതയും നടത്തിപ്പും അമേരിക്കയുടെ കയ്യിലായിരിക്കും. പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് സേനാതാവളം മാത്രമല്ല, ആണവശക്തികൂടിയാകും എന്നര്‍ഥം.

അമേരിക്കയുടെ ലക്ഷ്യമെന്ത്?

അമേരിക്കയുടെ പൂര്‍ണനിയന്ത്രണത്തില്‍ സൗദിയില്‍ ഒരാണവകേന്ദ്രം. ഒരുവര്‍ഷത്തിലേറെയായി ഇത്തരമൊരു കരാര്‍ ചര്‍ച്ചകളിലുണ്ടെങ്കിലും അതിനിടെ വന്ന പ്രസിഡന്റുമാരൊന്നും അന്തിമ തീരുമാനമെടുക്കാന്‍ തയാറായിട്ടില്ല. 1954ലെ അമേരിക്കന്‍ ആറ്റോമിക് എനര്‍ജി ആക്ടിലെ 123ാം വകുപ്പ് പ്രകാരം മറ്റ് രാജ്യങ്ങളുമായി ആണവകരാറുണ്ടാക്കാന്‍ നിയമപരമായ ചട്ടക്കൂട് വേണം എന്ന നിബന്ധനയുണ്ട്. ഇത് കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ട്രംപ് സൗദിയുമായി കരാറുണ്ടാക്കുന്നത്.

യുഎന്നിന്റെ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിക്ക് പരിശോധന നടത്താന്‍ അധികാരം നല്‍കുന്ന അഡീഷണല്‍ പ്രോട്ടോക്കോള്‍ പോലും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2009ല്‍ യുഎഇയുമായി സമാനമായ ഒരു ആണവകരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും കടുത്ത മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ ജാഗ്രത ഇവിടെയില്ലാത്തതിന് പിന്നില്‍ സൗദിയിലെ ആണവകേന്ദ്രങ്ങള്‍ അമേരിക്കയ്ക്ക് അനായാസം കൈകാര്യം ചെയ്യാനാണെന്നാണ് ആക്ഷേപം.

ആശങ്കകള്‍ എന്തൊക്കെ?

മേഖലയില്‍ നിലവില്‍ ഇസ്രയേലിന് ആണവായുധമുണ്ട്. ഇറാനും ആണവശേഷിയുണ്ടെന്നത് വ്യക്തമാണ്. സൗദി കൂടി ആണവശേഷി കൈവരിച്ചാല്‍ ആണവായുധശേഷിയുള്ള രാജ്യങ്ങളുടെ എണ്ണം കൂടും. ഇത് ഒരുപക്ഷേ അനാവശ്യമായ ഒരു മത്സരത്തിന് കളമൊരുക്കിയേക്കാം. അങ്ങനെ വന്നാല്‍ പശ്ചിമേഷ്യയിലെ സാഹചര്യം ഒന്നുകൂടി മോശമായേക്കാം.

ടൂറിസം കേന്ദ്രങ്ങളിലും കാസിനോകളിലും ക്രിപ്റ്റോ മേഖലയിലുമായി ട്രംപ് കുടുംബത്തിന് വലിയ ബിസിനസ് സാമ്രാജ്യമാണ് സൗദിയിലുള്ളത്. അതുകൊണ്ടുതന്നെ ഈ ആണവകരാറും ട്രംപ് കുടുംബത്തിന്റെ ബിസിനസും തമ്മിലുള്ള ബന്ധത്തിലും സംശയങ്ങളുണ്ട്.

സൗദിയുടെ ആണവശേഷിയുണ്ടാക്കുന്ന മാറ്റം

ദീര്‍ഘകാലമായി അമേരിക്കയുമായി വന്‍കിട ബിസിനസ് സഖ്യങ്ങളുണ്ട് സൗദിക്ക്. ഒന്നിലേറെ അമേരിക്കന്‍ സേനാതാവളങ്ങളുമുണ്ട്. ഇതുതന്നെയാണ് ഇറാന്‍ ഇത്തവണ സൗദിയിലെ എണ്ണസംഭരണകേന്ദ്രങ്ങളടക്കം ലക്ഷ്യമിടാനുള്ള പ്രധാന കാരണവും. ഇറാനുമായുള്ള അകലം കുറയ്ക്കാന്‍ സൗദി പല നയതന്ത്ര നീക്കങ്ങളും നടത്തിയിരുന്നു. ആയത്തുല്ല അലി ഖനമനേയിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതിനിധികളെ അയച്ചതാണ് അതിലൊന്ന്. പക്ഷേ ഇറാന്‍ അടുത്തില്ലെന്ന് മാത്രമല്ല, ഹൂതികളെ വീണ്ടും ഇളക്കിവിടുകയും ചെയ്തു. സൗദിയില്‍ വീണ്ടും ഹൂതി വിമതരുടെ ആക്രമണം ശക്തമായതോടെ നയതന്ത്രബന്ധം വഷളായി.

ചെങ്കടലില്‍ ഹൂതികള്‍ ആക്രമണം ശക്തമാക്കിയതോടെ ഹോര്‍മൂസില്‍ നിന്ന് ചെങ്കടല്‍ വഴി ചരക്കുനീക്കം നടത്താനുള്ള ശ്രമം പൊളിക്കുകയായിരുന്നു ലക്ഷ്യം. അമേരിക്കയുമായി പുതിയ ആണവകരാര്‍ കൂടിയായതോടെ പശ്ചിമേഷ്യയിലെ അധികാര സമവാക്യങ്ങള്‍ ഇനിയും മാറിമറിയും.

 

ENGLISH SUMMARY:

Saudi Arabia's nuclear deal with the United States is a significant development that could reshape West Asian power dynamics. This agreement allows Saudi Arabia to enrich uranium for peaceful purposes, with US companies establishing and managing nuclear power plants.