prakash-raj

ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന സി.ജെ.പിയുടെ യുവജന പ്രതിഷേധത്തിൽ പങ്കെടുത്ത നടൻ പ്രകാശ് രാജ് വീണ്ടും ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രതിഷേധ വേദിയിൽ രാത്രിവരെ ചെലവഴിച്ച അദ്ദേഹം പ്രതിഷേധക്കാരുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കേണ്ടതിന്‍റെ പ്രാധാന്യം ആവർത്തിക്കുകയും ചെയ്തു. സി.ജെ.പി സംഘടിപ്പിച്ച മാർച്ചിലും അദ്ദേഹം പങ്കെടുത്തു. പ്രതിഷേധ വേദിയിൽ ഇന്ത്യൻ ഭരണഘടന ഉയർത്തിക്കാട്ടിയ പ്രകാശ് രാജിന്‍റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രകാശ് രാജിന്‍റെ ആദ്യ പ്രതിഷേധമല്ല ഇത്. കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യയിലെ പൊതുചർച്ചകളിലും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലുമെല്ലാം ശക്തമായ നിലപാടുകളുമായി ഇടപെടുന്ന വ്യക്തിയാണ് അദ്ദേഹം.

'ജസ്റ്റ് ആസ്‌കിങ്':  ചോദ്യം ചോദിച്ച്  മുന്നോട്ട് 

 'Just Asking' എന്ന ക്യാംപെയിനിലൂടെയാണ് പ്രകാശ് രാജ് എന്ന നടനിലെ ആക്ടിവിസ്റ്റിനെ ആരാധകര്‍ തിരിച്ചറിയുന്നത്. സർക്കാരുകളോടും ഭരണകൂടത്തോടും പൊതുജനങ്ങൾ ചോദ്യങ്ങൾ ചോദിക്കണമെന്ന ആശയമായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവച്ചത്. ക്യാംപെയ്ന്‍ വളരെ പെട്ടെന്ന് ദേശീയതലത്തില്‍ ശ്രദ്ധനേടി. ‌റോഡുകൾ, തൊഴിലവസരങ്ങൾ, പൊതുസേവനങ്ങൾ, ഭരണപരമായ തീരുമാനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ജനപ്രതിനിധികൾ ഉത്തരവാദിത്തം കാണിക്കണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടു. 

ഗൗരി ലങ്കേഷ് വധത്തിന് പിന്നാലെ ഉയർന്ന ശബ്ദം

2017-ൽ മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ പ്രമുഖരിൽ ഒരാളായിരുന്നു പ്രകാശ് രാജ്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും നേരെയുള്ള ആക്രമണമായാണ് അദ്ദേഹം ഗൗരിലങ്കേഷ് വധത്തെ വിശേഷിപ്പിച്ചത്. രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുത, വിദ്വേഷ രാഷ്ട്രീയം, മതധ്രുവീകരണം എന്നിവയ്‌ക്കെതിരെയും അദ്ദേഹം നിരവധി വേദികളിൽ സംസാരിച്ചു. ഇതോടെ അദ്ദേഹത്തിന് പിന്തുണയും വിമർശനവും ഒരുപോലെ ലഭിച്ചു തുടങ്ങി.

കർഷക സമരങ്ങൾക്കും പൗരപ്രക്ഷോഭങ്ങൾക്കും പിന്തുണ

ഡൽഹി അതിർത്തികളിൽ നടന്ന കർഷക സമരകാലത്തും പ്രകാശ് രാജ് കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരത്തെക്കുറിച്ചുള്ള ദേശീയ ചർച്ചകളിൽ അദ്ദേഹം സജീവമായി ഇടപെട്ടു.പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ, ജനാധിപത്യ അവകാശങ്ങളെക്കുറിച്ചുള്ള പ്രക്ഷോഭങ്ങൾ, മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചർച്ചകൾ എന്നിവയിലും അദ്ദേഹം തന്‍റെ നിലപാട് തുറന്നുപറഞ്ഞു. 

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പ്

2019-ൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി ലോക്സഭാ തിരഞ്ഞെടുപ്പിൽ മല്‍സരിച്ചതും പ്രകാശ് രാജിന്‍റെ രാഷ്ട്രീയ ഇടപെടലിന്‍റെ മറ്റൊരു പ്രധാന അധ്യായമായിരുന്നു. വിജയിക്കാനായില്ലെങ്കിലും, തന്‍റെ ആശയങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാനുള്ള ശ്രമമായാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.

നടനെന്നതിലുപരി ഒരു പൊതുസ്വരം

പ്രകാശ് രാജിന്‍റെ നിലപാടുകളോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ട്. എന്നാൽ ഒരു കാര്യം നിഷേധിക്കാനാകില്ല. ഇന്ത്യൻ സിനിമയിലെ  മിക്ക താരങ്ങളും രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ നിശബ്ദത പാലിക്കുമ്പോൾ, തന്‍റെ അഭിപ്രായങ്ങൾ പരസ്യമായി പറയാൻ മടിക്കാത്ത വ്യക്തിയാണ് അദ്ദേഹം. അഭിനയ മികവിലൂടെ ദേശീയ പുരസ്‌കാരങ്ങൾ നേടിയ കലാകാരനിൽ നിന്ന്, പൊതുപ്രശ്നങ്ങളിൽ ഇടപെടുന്ന ആക്ടിവിസ്റ്റായി മാറിയ പ്രകാശ് രാജിന്‍റെ യാത്ര ഒരു മാതൃകയുമാണ്.

 

ENGLISH SUMMARY:

Prakash Raj's participation in the CJI youth protest at Jantar Mantar has garnered national attention, where he expressed solidarity and emphasized the importance of questioning the government. His activism, particularly through the 'Just Asking' campaign, highlights his decade-long engagement with public and political issues in India.