Image Credit : https://www.facebook.com/actorkkofficial
നീറ്റ് പരീക്ഷാ ക്രമക്കേടിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്ദറിന് മുന്നില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ വിമര്‍ശിച്ച് എന്‍എഫ്ഡിസി ചെയര്‍മാന്‍ കൃഷ്ണകുമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുളള പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് സമൂഹമാധ്യത്തിലൂടെ കൃഷ്ണകുമാര്‍ തന്‍റെ നിലപാട് അറിയിച്ചത്. 'കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ... പിന്നെയാ ഡൽഹി...' എന്നാണ് കൃഷ്ണകുമാര്‍ പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. നീറ്റ് ഉള്‍പ്പടെയുളള വിവിധ പരീക്ഷകളിലെ ക്രമക്കേട് ഉയര്‍ത്തിക്കാട്ടി കോക്രോച്ച് ജനതാ പാര്‍ട്ടി കനത്ത പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് കൃഷ്ണകുമാര്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കൃഷ്ണകുമാറിന്‍റെ പോസ്റ്റ് വൈറലായതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്. ഒട്ടേറെപ്പേരാണ് ഈ നിലപാടിനോടുളള എതിര്‍പ്പ് കമന്‍റ് രൂപത്തില്‍ അറിയിച്ചത്. വിദ്യാര്‍ഥികളുടെ ഭാവിയെ ചോദ്യം ചെയ്യുന്ന സര്‍ക്കാരിനെ നിങ്ങളിങ്ങനെ ന്യായീകരിക്കുന്നത് എന്തിനാണെന്നാണ് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കുറിച്ചത്. ഇത്തരം പോസ്റ്റുകള്‍ പങ്കുവച്ച് സ്വയം കോമാളിയാകരുതെന്നും കമന്‍റുകളുണ്ട്.
അതേസമയം സിജെപി പ്രക്ഷോഭത്തിനെതിരെ പോസ്റ്റിട്ടതിന്‍റെ പേരില്‍ കൃഷ്ണ കുമാറിന്‍റെ മകളും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുമായ ദിയ കൃഷ്ണയും കഴിഞ്ഞ ദിവസങ്ങളില്‍ സൈബറിടത്ത് രൂക്ഷവിമര്‍ശനം നേരിട്ടിരുന്നു. തനിക്ക് ഈ പ്രതിഷേധത്തിന്‍റെ കാരണം അറിയാമെന്നും താനൊരിക്കലും ഇതിനൊന്നും എതിരല്ല എന്നും, സര്‍ക്കാര്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്നുമാണ് ദിയ സമൂഹമാധ്യമത്തില്‍ കുറിച്ചത്. എന്നാല്‍ പ്രാണികളെ പിന്തുണയ്ക്കുന്നില്ല എന്ന ഒറ്റ കാരണത്താല്‍ തന്നെയും കുടുംബത്തെയും നട്ടെല്ലില്ലാത്തവരെന്ന് വിളിക്കുന്നത് ക്രൂരതയാണെന്നും ദിയ കൂട്ടിച്ചേര്‍ത്തു. ഔറംഗസേബിന്‍റെ ചിത്രം സിജെപി പ്രക്ഷോപകര്‍ക്കിടയില്‍ കണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ വിഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചതിന് പിന്നാലെയാണ് ദിയക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.