വിലപിടിപ്പുള്ള വസ്തുക്കൾ മനസറിയാതെ നഷ്ടപ്പെടുന്ന അനുഭവം പലർക്കുമുണ്ടാകാറുണ്ട്. മൂല്യമേറിയ വസ്തുക്കൾ നഷ്ടപ്പെട്ടാൽ അത് തിരിച്ചുകിട്ടുന്നതുവരെ വലിയ ആശങ്കയുമാണ്. എന്നാൽ, കൈവിട്ടുപോയെന്ന് കരുതിയ വിലപിടിപ്പുള്ള പാരമ്പര്യ സ്വത്ത് തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇൻഡോറിലെ ഒരു കുടുംബം.
വീട് വൃത്തിയാക്കുന്നതിനിടെയാണ് കുടുംബാംഗങ്ങളിലൊരാൾ വിലമതിക്കാനാകാത്ത പാരമ്പര്യ വെള്ളിപ്പാത്രം അടങ്ങിയ കവർ അറിയാതെ മാലിന്യവണ്ടിയിലേക്ക് വലിച്ചെറിഞ്ഞത്. കവറിനുള്ളിൽ വെള്ളിപ്പാത്രമുണ്ടെന്ന കാര്യം അറിയാതെയായിരുന്നു ഇത്. ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിപ്പാത്രമാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്.
പാത്രം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞ ഉടൻ കുടുംബം പ്രാദേശിക നഗരസഭയിലെ ശുചീകരണ വിഭാഗവുമായി ബന്ധപ്പെട്ടു. എന്നാൽ, അപ്പോഴേക്കും മാലിന്യം ശേഖരിക്കാനെത്തിയ നഗരസഭാ വാഹനം ടൺ കണക്കിന് മാലിന്യം ഡംപിങ് യാർഡിൽ എത്തിച്ചിരുന്നു.
വീട്ടുകാർ വെള്ളിപ്പാത്രത്തിന്‍റെ ചിത്രം നഗരസഭാ ജീവനക്കാർക്ക് കൈമാറി. ഇത്രയധികം മാലിന്യത്തിനിടയിൽനിന്ന് ഒരു വെള്ളിപ്പാത്രം കണ്ടെത്തുക എന്നത് "വൈക്കോൽക്കൂനയിൽ സൂചി തിരയുന്നതുപോലെയായിരുന്നു" എന്നാണ് ചീഫ് സാനിറ്ററി ഇൻസ്പെക്ടർ വിജയ് യാദവ് വിശേഷിപ്പിച്ചത്.
എന്നാൽ, ജീവനക്കാർ പിന്മാറിയില്ല. പ്രധാന ഡംപിങ് യാർഡിലെത്തിയ നഗരസഭാ ശുചീകരണ തൊഴിലാളികൾ മണിക്കൂറുകളോളം നടത്തിയ കഠിനമായ തിരച്ചിലിനൊടുവിൽ വെള്ളിപ്പാത്രം കണ്ടെത്തി കുടുംബത്തിന് തിരികെ കൈമാറുകയും ചെയ്തു.
വെള്ളിപ്പാത്രം കണ്ടെത്താൻ നടത്തിയ ആത്മാർഥമായ ശ്രമത്തിനും സത്യസന്ധതയ്ക്കും ഇൻഡോറിലെ ശുചീകരണ തൊഴിലാളികളെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.