Image credit: instagram/mrbeast
യൂട്യൂബില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്സ് ഉള്ള കണ്ടന്‍റ് ക്രിയേറ്റര്‍ ‘മിസ്റ്റർ ബീസ്റ്റ്’ (ജിമ്മി ഡൊണാൾഡ്സൺ) വിവാഹിതനായി. എഴുത്തുകാരിയും ഗെയിമറുമായ തിയ ബോയ്സൻ ആണ് വധു. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
വിവാഹത്തിന് ഐവറി-ന്യൂഡ് നിറത്തിലുള്ള ഫ്ലോറൽ ലേസ് വസ്ത്രമണിഞ്ഞാണ് തിയ ബോയ്സണ്‍ എത്തിയത്. വൈറ്റ് ടക്സീഡോ ജാക്കറ്റിൽ ജിമ്മിയും തിളങ്ങി. ‘ഞാൻ എന്‍റെ മിസ്സിസ് ബീസ്റ്റിനെ കണ്ടെത്തി, എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനം’ എന്ന് വിവാഹചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് 28-കാരനായ മിസ്റ്റർ ബീസ്റ്റ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Image Credit: instagram/mrbeast
കോടികൾ ചിലവഴിച്ച് നിര്‍മിച്ച വിഡിയോകളിലൂടെ ലോക ശ്രദ്ധ നേടിയ വ്യക്തിയാണെങ്കിലും സ്വന്തം വിവാഹം സ്വകാര്യമായി നടത്തണമെന്നത് ജിമ്മിയുടെ ആഗ്രഹമായിരുന്നു. 2024 ഡിസംബറിലായിരുന്നു ഇവരുടെ നിശ്ചയം. ‘വലിയ പൊതുവേദിയിലോ സൂപ്പർ ബൗൾ പോലുള്ള വൻ ഇവന്‍റുകളിലോ വച്ച് ഞാന്‍ പരസ്യമായി വിവാഹാഭ്യർഥന നടത്തുമെന്നാണ് എന്‍റെ കൂട്ടുകാർ കരുതിയത്. എന്നാൽ തികച്ചും വ്യക്തിപരമായ അന്തരീക്ഷത്തിൽ അത് ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചത്.’ – ജിമ്മി ഡൊണാൾഡ്സൺ പറഞ്ഞു.
ദക്ഷിണാഫ്രിക്ക സന്ദർശനത്തിനിടെ പൊതു സുഹൃത്ത് വഴിയാണ് ജിമ്മിയും തിയയും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് തിയ എഴുതിയ 'ദ് മാർക്ക്ഡ് ചിൽഡ്രൻ' എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കാൻ എക്സ് (ട്വിറ്റർ) വഴി അയച്ച സന്ദേശമാണ് ഇവരെ കൂടുതൽ അടുപ്പിച്ചത്. തിയ എഡിൻബറോ സർവകലാശാലയിൽ നിന്ന് ഹ്യൂമൻ കോഗ്നിറ്റീവ് ന്യൂറോസൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരുന്നു. 2024ല്‍ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും പിജി പൂര്‍ത്തിയാക്കുന്നതുവരെ വിവാഹത്തിനായി കാത്തിരിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
യൂട്യൂബില്‍ സബ്സ്ക്രൈബര്‍മാരുടെ എണ്ണത്തില്‍ ഉടനൊന്നും ആര്‍ക്കും തകര്‍ക്കാനാകാത്ത റെക്കോര്‍ഡിനുടമയാണ് മിസ്റ്റര്‍ ബീസ്റ്റ്. 509 മില്യനിലേറെ (50 കോടി 90 ലക്ഷം) ആളുകളാണ് അദ്ദേഹത്തിന്‍റെ ചാനല്‍ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. വന്‍ തുക മുടക്കി ഷൂട്ട് ചെയ്യുന്ന വിഡിയോകള്‍ ഓരോന്നിനും ദശലക്ഷക്കണക്കിന് വ്യൂസ് ആണ് ലഭിക്കുന്നത്. ഇതില്‍ നിന്ന് കോടികളുടെ വരുമാനവുമുണ്ട്.