Image: instagram/ashukla09
പട്രിയാർക്കി അല്ലെങ്കില്‍ പുരുഷാധിപത്യമാണ് ആഗോളതാപനത്തിന് പ്രധാന കാരണമെന്ന ബോളിവുഡ് നടി ദിയ മിർസയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. ഇപ്പോളിതാ തൊട്ടുപിന്നാലെ മറ്റൊരു വിചിത്രമായ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ടെലിവിഷൻ താരം അഭിനവ് ശുക്ല. പോൺ വീഡിയോ കാണുന്നതാണ് ആഗോളതാപനത്തിന് കാരണമെന്നാണ് താരത്തിന്‍റെ ‘നിരീക്ഷണം’.
നടി റുബീന ദിലൈക്, ഹിനാ ഖാൻ എന്നിവര്‍ ചേർന്ന് അവതരിപ്പിക്കുന്ന 'ദി4പോവ്' എന്ന ജനപ്രിയ പോഡ്‌കാസ്റ്റിലാണ് അഭിനവ് ശുക്ല തന്‍റെ അഭിപ്രായം പങ്കുവെച്ചത്. ദിയ മിർസയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിലാണ് സംഭവം. പോൺ ഇൻഡസ്ട്രിയുടെ നിർമ്മാണത്തിനും വിതരണത്തിനുമായി വലിയ തോതിൽ ഊർജ്ജവും വൈദ്യുതിയും ഉപയോഗിക്കപ്പെടുന്നുണ്ടെന്നും, ഇത് ആഗോളതാപനത്തെ നേരിട്ട് സ്വാധീനിക്കുന്നുണ്ടെന്നും അഭിനവ് ചൂണ്ടിക്കാട്ടുകയായിരുന്നു.
അതേസമയം, പോൺ വീഡിയോ കാണുന്നത് വളരെ അപകടകരമാണെന്നും അത് ജീവിത യാഥാർത്ഥ്യങ്ങളെ മാറ്റിമറയ്ക്കുന്നുവെന്നും അഭിനവ് പറഞ്ഞു. പുരുഷന്മാരുടെ ലക്ഷ്യബോധത്തെയും ശക്തിയെയും അത് ഇല്ലാതാക്കുന്നുവെന്നും അഭിനവ് ശുക്ല പറഞ്ഞു. അഭിനവിന്റെ പ്രസ്താവന പോഡ്‌കാസ്റ്റിലുണ്ടായിരുന്ന റുബീനയെയും ഹിനാ ഖാനെയും അദ്ഭുതപ്പെടുത്തി. പിന്നാലെ പോൺ കാണാറുണ്ടോ എന്ന ഹിനയുടെ ചോദ്യത്തിന് താൻ മുൻപ് കണ്ടിട്ടുണ്ടെന്ന് അഭിനവ് തുറന്നുസമ്മതിക്കുകയും ചെയ്തു.
അഭിനവ് ശുക്ലയുടെ നിരീക്ഷണം സോഷ്യൽ മീഡിയയിൽ വൈറലാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്. ‘നിങ്ങൾ പോൺ കാണില്ലെന്ന് പറയുന്നു, എന്നാൽ സോഫ്റ്റ് പോൺ തരത്തിലുള്ള വെബ് സീരീസുകളിൽ അഭിനയിക്കുകയും ചെയ്യും. ആരെയാണ് നിങ്ങൾ പറ്റിക്കുന്നത്?’ എന്ന് തുടങ്ങി രൂക്ഷമായ ഭാഷയിലാണ് പലരും അഭിനവിനെ വിമർശിച്ചത്. ‘കൂടുതൽ കൂൾ ആകാൻ ശ്രമിക്കേണ്ടതില്ല’ എന്നും കമന്റുകള്‍ വരുന്നുണ്ട്.
നേരത്തെ, പുരുഷാധിപത്യവും കാലാവസ്ഥാ വ്യതിയാനവും തമ്മിൽ ബന്ധമുണ്ടെന്ന വാദത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി ദിയ മിർസയും രംഗത്തെത്തിയിരുന്നു. പരിസ്ഥിതി മലിനീകരണത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഏറ്റവും വലിയ ഇരകൾ സ്ത്രീകളാണെന്നും, പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണത്തിന് പിന്നിൽ പുരുഷാധിപത്യപരമായ ചിന്താഗതികളാണെന്നും ദിയ വ്യക്തമാക്കി. കുടിവെള്ള ക്ഷാമവും കൃഷിനാശവും ഉണ്ടാകുമ്പോൾ കുടുംബത്തെ സംരക്ഷിക്കാൻ കൂടുതൽ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണെന്നും ദിയ പറഞ്ഞു.