അമേരിക്കയ്ക്കെതിരായ ആക്രമണം നിര്‍ത്തിവച്ചെന്ന് ഇറാന്‍. രണ്ട് ദിവസമായി യുഎസ് ആക്രമണങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് പ്രത്യാക്രമണം നടത്താത്തതെന്ന് ഇറാന്‍ സൈനിക വക്താവ് മുഹമ്മദ് അക്രാമിനിയ പറഞ്ഞു. യുഎസ് ആക്രമിച്ചാല്‍ മാത്രമായിരിക്കും ഇനി തിരിച്ചടിയെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാനെതിരെ വന്‍ ആക്രമണമുണ്ടാകുമെന്ന് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ആക്രമണം നിര്‍ത്തിവച്ചെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. അതേസമയം, ഹോര്‍മുസില്‍ ഇറാനും ഒമാനും തമ്മില്‍ ഉടന്‍ കരാറുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്
ഇറാനെതിരെ രണ്ടാഴ്ച തുടർച്ചയായി നടത്തിവന്ന വ്യോമാക്രമണങ്ങൾക്ക് താൽക്കാലിക വിരാമമായിരുന്നു. കഴിഞ്ഞ 13 ദിവസമായി ഇറാനു നേരെ പ്രതിദിന ആക്രമണങ്ങൾക്ക് ട്രംപ് അനുമതി നൽകിയിരുന്നു. എന്നാൽ, വെള്ളിയാഴ്ചത്തെ ആക്രമണ പദ്ധതിയോട് അദ്ദേഹം വിമുഖത കാണിക്കുകയായിരുന്നു. ആക്രമണം നിർത്തിവച്ചത് താൽക്കാലികമാണോ അതോ യുഎസ് നയത്തിൽ വന്ന വലിയൊരു മാറ്റത്തിന്റെ ഭാഗമാണോ എന്നത് വ്യക്തമല്ല.
വലിയ യുദ്ധത്തിലേക്ക് നീങ്ങാതെ നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ അവസരം നൽകാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നാണ് ആക്സിയോസ് റിപ്പോർട്ട്. തനിക്ക് വേണമെങ്കിൽ ആക്രമണങ്ങൾ ശക്തമായി തുടരാമെന്നും അവരുടെ പക്കലുള്ളതെല്ലാം തകർക്കാൻ സാധിക്കുമെന്നും വൈറ്റ് ഹൗസിൽ സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. എങ്കിലും ഇറാനുമായി ഒരു ധാരണയിലെത്തുന്നതാണ് ബുദ്ധിപരമായ തന്ത്രം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ചർച്ചകൾക്കായി ഒമാൻ പ്രതിനിധി സംഘം ഇറാനിൽ എത്തിയതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ നിർണായക ഉത്തരവ് വന്നതെന്നാണ് വിവരം. ഒമാനും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും, വാരാന്ത്യത്തോടെ ഇതിൽ ഒരു തീരുമാനമുണ്ടാകുമെന്നും പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ ചർച്ചകളുടെ ഫലം വിലയിരുത്തിയ ശേഷമാകും നിർദിഷ്ട കരാർ അംഗീകരിക്കണമോ എന്ന് ട്രംപ് തീരുമാനിക്കുക.