shashi-tharoor-mocks-pakistan-us-iran-mediation

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ മധ്യസ്ഥ നിലപാട് വഹിക്കാന്‍ ഇന്ത്യ പോകാതിരുന്നതിനെ പ്രശംസിച്ചും ഇടനിലക്കാരായ പാക്കിസ്ഥാനെ പരിഹസിച്ചും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇറാന്‍–യുഎസ് സമാധാന ചര്‍ച്ചകള്‍ ഇസ്‌ലമാബാദില്‍ പുരോഗമിക്കവേയാണ് തരൂരിന്‍റെ അഭിപ്രായപ്രകടനം. പ്രത്യേകതരം ബന്ധമാണ് പാക്കിസ്ഥാന് അമേരിക്കയുമായുള്ളതെന്നും തരൂര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സമൂഹമാധ്യമങ്ങളില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച സംബന്ധിച്ച് പങ്കുവച്ച പോസ്റ്റ് അമേരിക്ക തയാറാക്കി നല്‍കിയതാണെന്ന വാര്‍ത്തകള്‍ മുന്‍നിര്‍ത്തിയായിരുന്നു തരൂരിന്‍റെ പരാമര്‍ശം.

'പാക് പ്രധാനമന്ത്രിക്കുള്ള ട്വീറ്റ് എഴുതിക്കൊടുത്തത് വാഷിങ്ടണില്‍ നിന്നാണെന്ന് ആരോപണങ്ങള്‍ കണ്ടില്ലേ? ഞാനും നിങ്ങളും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് എന്തെങ്കിലും സന്ദേശം കൈമാറുമ്പോള്‍ അതിന് മുകളില്‍ 'പ്രധാനമന്ത്രിക്ക് പോസ്റ്റ് ചെയ്യാനുള്ളത്' എന്ന് അതിന് മുകളില്‍ എഴുതുമോ?' എന്നായിരുന്നു തരൂരിന്‍റെ ചോദ്യം. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാചകങ്ങളെ ധ്വനിപ്പിക്കുന്നതായിരുന്നു പാക് പ്രധാനമന്ത്രിയുടെ ട്വീറ്റിലെ ഉള്ളടക്കം. 'പാക്കിസ്ഥാന് മാത്രമേ അമ്മാതിരി ഒരു ബന്ധം അമേരിക്കയുമായി നിലനിര്‍ത്താനാകൂ' എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. 

യുഎസ്– ഇറാന്‍ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുന്നതില്‍ കാര്യമുണ്ടെന്നും തരൂര്‍ പറയുന്നു. ഇറാനുമായി 900 കിലോമീറ്ററോളമാണ് പാക്കിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്നത്. ഷിയ വിഭാഗങ്ങളും വലിയൊരളവിലുണ്ട്. ഇറാനിലെ പ്രതിസന്ധി രൂക്ഷമായാല്‍ അഭയാര്‍ഥി പ്രവാഹം ഏറ്റവുമധികം ഉണ്ടാകാന്‍ സാധ്യതയുള്ളത് പാക്കിസ്ഥാനിലേക്കാകുമെന്നും തരൂര്‍ പറയുന്നു. 'നിലവിലെ മധ്യസ്ഥ വിഷയത്തില്‍ ഇന്ത്യയെ വലിച്ചിടേണ്ടതില്ല. ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നതില്‍ പാക്കിസ്ഥാന് കൃത്യമായ താല്‍പര്യങ്ങളുണ്ട്. ഇന്ത്യയുമായി അതിന് ഒരു ബന്ധവുമില്ല'- എന്നും അദ്ദേഹം വിശദീകരിച്ചു.

ഇറാന്‍–യുഎസ്–ഇസ്രയേല്‍ യുദ്ധം എത്രയും വേഗം അവസാനിക്കണമെന്നും സമാധാനം പുലരണമെന്നുമാണ് തന്‍റെ ആഗ്രഹമെന്നും തരൂര്‍ പറഞ്ഞു. 'സമാധാനം വരണം. ഇന്ത്യയെ യുദ്ധം വലിയതോതില്‍ ബാധിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ എന്നല്ല ആര് മധ്യസ്ഥത വഹിച്ചാലും യുദ്ധം അവസാനിക്കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ചില സാഹചര്യങ്ങളില്‍ മൗനം പാലിക്കുന്നതാണ് ഏറ്റവും മികച്ച തീരുമാനമെന്നും അതും നയതന്ത്രമാണെന്നും തരൂര്‍ വിശദീകരിച്ചു. 

അതേസമയം, യുഎസ്–ഇറാന്‍ ചര്‍ച്ചയില്‍ പാക്കിസ്ഥാന്‍ മധ്യസ്ഥരായി വരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. ഇന്ത്യയുടെ വിദേശനയത്തിന് സാരമായ ക്ഷീണം ഇതുണ്ടാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. എന്നാല്‍ തരൂരിന് ഇതില്‍ നിന്ന് ഭിന്നമായ നിലപാടാണുള്ളത്. ഇന്ത്യ ഉത്തരവാദിത്തോടെയാണ് വിഷയത്തില്‍ നിലപാടെടുത്തിരിക്കുന്നതെന്നും വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും തരൂര്‍ വ്യക്തമാക്കി.

ENGLISH SUMMARY:

Congress MP Shashi Tharoor praised India's decision to stay out of the mediation process in the Middle East conflict while mocking Pakistan's involvement. He highlighted the unusual relationship between Islamabad and Washington, suggesting that Pakistani Prime Minister Shehbaz Sharif's social media posts are drafted by the United States. Tharoor argued that Pakistan's geographic proximity to Iran makes them a logical mediator due to potential refugee crises. He emphasized that India should not be dragged into these discussions as it has no direct interest in leading the talks. Despite his party's official stance criticizing India's silence as a diplomatic failure, Tharoor defended the government's approach as responsible diplomacy. The MP concluded that while peace is essential for India's interests, remaining silent can sometimes be the best strategic decision.