Image Credit: AFP

Image Credit: AFP

ഒരുവശത്ത് യുദ്ധത്തിന് കോപ്പ് കൂട്ടുന്ന അമേരിക്ക. ഇപ്പുറം വീണ്ടും പ്രക്ഷോഭം. സമാനതകളില്ലാത്ത  പ്രതിസന്ധിയിലേക്ക് വീണിരിക്കുകയാണ് ഖമനയി ഭരണകൂടം. ആയിരങ്ങള്‍ കൊല്ലപ്പെട്ട ആദ്യ പ്രക്ഷോഭത്തിന്‍റെ ചോരക്കറ ഉണങ്ങുന്നതിന് മുന്‍പാണ് ഇറാന്‍ ഭരണകൂടത്തെ ഞെട്ടിച്ച് വിദ്യാര്‍ഥികള്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളൊന്നും നിലവിലെ ഭരണത്തെ എതിര്‍ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് വിദ്യാര്‍ഥികള്‍ തെരുവുകള്‍ കീഴടക്കിയിരിക്കുന്നത്. ഖമനയിയുടെ ഭരണം തുലയട്ടെ എന്നും ഏകാധിപതിയുെട മരണമെന്നും എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇന്നലെ കൂറ്റന്‍ റാലികള്‍ ഇറാനില്‍ നടന്നത്. 

സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭത്തിന്‍റെ തുടക്കമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്റാനിലെ മുന്‍നിര എന്‍ജിനീയറിങ് കോളജാണ് പ്രക്ഷോഭത്തിന്‍റെ പ്രധാന കേന്ദ്രം. 'ലോങ് ലിവ് ഷാ' എന്ന മുദ്രാവാക്യമാണ് വലിയ കരഘോഷത്തോടെ വിദ്യാര്‍ഥികള്‍ മുഴക്കുന്നതെന്ന് വിഡിയോ ദൃശ്യങ്ങളില്‍ കാണാം. പ്രക്ഷോഭകാരികളെ ഇറാന്‍ സൈന്യം പിടികൂടിയതായും സൈന്യത്തിന്‍റെയും അര്‍ധ സൈനിക വിഭാഗത്തിന്‍റെയും നടപടിയില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റെന്നും ഫാര്‍സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷരീഫ് യൂണിവേഴ്സിറ്റിയില്‍ നടന്ന മാര്‍ച്ചില്‍ ഇറാന്‍റെ പരമോന്നത നേതാവിനെ ആളുകള്‍ തള്ളിപ്പറയുന്നതും ഖമനയി കൊലപാതകികളുടെ നേതാവാണെന്ന് ആക്രോശിക്കുന്നതും കാണാം. റിസ പഹ്​ലവി ഇറാനിലേക്ക് മടങ്ങിയെത്തണമെന്നും ഭരണം നടത്തണമെന്നുമാണ് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കുന്നത്.  ഷരീഫിന് പുറമെ ബെഹേഷ്ടി, ആമിര്‍ കബീര്‍ സര്‍വകലാശാലകള്‍, മസ്ഹദ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

ഇറാനെ പൂട്ടാനുള്ള ട്രംപിന്‍റെ തന്ത്രമോ?

ആണവ ചര്‍ച്ചകള്‍ രണ്ടാംഘട്ടത്തിലേക്ക് കടന്ന ശേഷവും അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങാത്ത ഇറാനെ പൂട്ടാനുള്ള ട്രംപിന്‍റെ തന്ത്രമാണോ ഇതെന്ന് സംശയിക്കുന്നവരും കുറവല്ല. പുറത്ത് നിന്നും അകത്ത് നിന്നും ഇറാനെ സമ്മര്‍ദത്തിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഖമനയി ഭരണകൂടത്തെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തിന് മികച്ച മാര്‍ഗമായി ട്രംപ് കാണുന്നത് ആഭ്യന്തര കലഹത്തെ തന്നെയാണെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വിലക്കയറ്റവും കറന്‍സിയുടെ തകര്‍ച്ചയും തൊഴിലില്ലായ്മയുമെല്ലാമാണ് ഡിസംബര്‍ അവസാനവാരത്തോടെ ഇറാനിലെ ജനങ്ങളെ തെരുവിലിറക്കിയത്. വ്യാപാരികളില്‍ നിന്ന് തുടങ്ങിയ പ്രതിഷേധം അതിവേഗത്തിലാണ് രാജ്യവ്യാപക പ്രക്ഷോഭമായി മാറിയത്. 7000 പേരെങ്കിലും ഈ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. തുടക്കത്തില്‍ രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയിലെ തകരാറാണ് ജനങ്ങളെ തെരുവിലിറക്കിയതെന്ന് സമ്മതിച്ച ഇറാന്‍ ഭരണകൂടം പൊടുന്നനവേ പ്രക്ഷോഭകാരികളെ രാജ്യ വിരുദ്ധരെന്നും അമേരിക്കന്‍–ഇസ്രയേല്‍ ചാരന്‍മാരെന്നും മുദ്രകുത്തി വലിയ അക്രമം അഴിച്ചുവിട്ടു. പ്രക്ഷോഭകാരികളെ കൊല്ലുന്നത് തുടര്‍ന്നാല്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ പ്രക്ഷോഭം ഇറാന്‍ അടിച്ചമര്‍ത്തി. ഇതിനായി ഇറാഖില്‍ നിന്ന് സൈന്യത്തെ ഇറക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ആണവചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതിനൊപ്പം യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മധ്യപൂര്‍വ ദേശത്തേക്ക് അമേരിക്ക എത്തിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ തന്നെ കൂറ്റന്‍ വ്യോമവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍.ഫോള്‍ഡും ഇറാനെ ലക്ഷ്യമാക്കി സഞ്ചാരം തുടങ്ങിക്കഴിഞ്ഞു. വന്‍ തോതില്‍ സൈനികരെയും യുദ്ധവിമാനങ്ങളെയും യുഎസ് വിന്യസിക്കുന്നതും യുദ്ധഭീതി പടര്‍ത്തുന്നുണ്ട്. 10 ദിവസത്തിനുള്ളില്‍ കരാറിലെത്തിയില്ലെങ്കില്‍ യുദ്ധമായിരിക്കും ഫലമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി.എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സമാധാനപരമായി മാത്രം നടക്കുന്ന പ്രക്രിയ ആണ് അതെന്നും ആണവായുധം ഉണ്ടാക്കാന്‍ ഒരുദ്ദേശവും ഇല്ലെന്നുമാണ് ഇറാന്‍റെ വാദം. 

ENGLISH SUMMARY:

Iran is facing a massive internal crisis as thousands of students have taken to the streets in Tehran and other major cities, demanding the ousting of Supreme Leader Ayatollah Khamenei. Protesters at top institutions like Sharif, Beheshti, and Amir Kabir universities were seen chanting slogans such as "Death to the Dictator" and calling for the return of Reza Pahlavi. This fresh wave of unrest comes at a time when the US, led by President Donald Trump, has intensified military pressure on Iran following a 10-day nuclear ultimatum. While the Iranian government is cracking down on protesters with military force, international analysts suggest these internal conflicts might be strategically leveraged by the US to weaken the current regime. Human rights groups estimate thousands were killed in previous crackdowns, yet the youth remain defiant amidst a collapsing economy and soaring inflation. The presence of USS Abraham Lincoln and USS Gerald R. Ford in the region further escalates the risk of a dual-front conflict for Iran.