holiday-rain

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. തൃശൂരിലും കാസര്‍കോടും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം, കണ്ണൂരില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധിയില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. 

തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾക്കും അവധിയായിരിക്കും. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. മഴയുടെ പശ്ചാത്തലത്തിലും അലര്‍ട്ടുകളും മറ്റു സാഹചര്യങ്ങളും കണക്കിലെടുത്താണ് അവധിയെന്ന് കലക്ടറുടെ പോസ്റ്റില്‍ പറയുന്നു. ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. 

കാസർകോട് ജില്ലയിലും നാളെ അവധിയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനസുരക്ഷയെ മുൻനിർത്തി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാല്‍ മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷാ സമയങ്ങളിലും മാറ്റമില്ല.

കണ്ണൂര്‍ ജില്ലയില്‍ സ്കൂളുകള്‍ക്കായിരിക്കും നാളെ അവധി. സ്കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്‍ററുകള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. സ്പെഷല്‍ ക്ലാസുകളും നടത്താന്‍ പാടുള്ളതല്ല. അതേസമയം, ജില്ലയില്‍ പ്രൊഫഷണൽ കോളജുകൾക്ക് അവധിയില്ല. ജില്ലയില്‍ ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഖനനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

അതേസമയം, സംസ്ഥാനത്ത് നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് അതിതീവ്രമഴക്കുള്ള റെഡ് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. എട്ടുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴ കിട്ടും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. വരുന്ന രണ്ടുദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ENGLISH SUMMARY:

Due to the ongoing heavy rainfall across Kerala, authorities have declared a holiday for educational institutions in two districts. Thrissur and Kasaragod districts will observe a closure of all schools and colleges on the announced day. This includes professional colleges and all government and private institutions. The decision was taken as part of precautionary measures amid the continuing red and orange alerts in the state. However, pre-scheduled exams and interviews will be held as planned, without any changes. Students and parents are advised to stay updated through official announcements from local authorities.