‘4 മണിമുതൽ 7മണിവരെ പെയ്ത മഴ എല്ലാ റോഡുകളും വെള്ളത്തിലാക്കി, കഷ്ടമുണ്ട് സാറെ അവധി താ, ശക്തമായ മഴയിൽ കുട്ടികൾ ബുദ്ധിമുട്ടിയത് കൊണ്ടാണ് ക്ലാസ്സിൽ പോകാത്തത്. ദയവായി നാളെ അവധി പ്രഖ്യാപിക്കുക, രാവിലെ ഏഴുമണിക്ക് സ്കൂളില്‍ ചെല്ലണമെങ്കില്‍ കുട്ടികള്‍ അഞ്ച് മണിക്ക് എഴുന്നേറ്റ് ഒരുങ്ങണം, ഈ അവധിയെല്ലാം രാവിലെ ആറ് മണിക്ക് മുന്‍പ് പ്രഖ്യാപിക്കണം കലക്ടര്‍ സാറെ’, ഇന്നത്തെ കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്തെയടക്കം കലക്ടര്‍മാരുടെ പേജില്‍ വന്ന കമന്‍റുകളിലെ ചുരുക്കം ചിലതാണ് ഇത്, സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ അവധിയില്ലാത്തതിലായിരുന്നു ഇന്ന് കലക്ടര്‍മാരുടെ പേജിലെ കമന്‍റ് പൂരം, .

എറണാകുളം മൊത്തം കുളമാണ്. ഞാൻ എന്‍റെ മോനെ ഇന്ന് സ്കൂളിൽ വിട്ടില്ല. കുട്ടിയെ വെച്ച് റിസ്ക് എടുക്കാൻ ഒരു അമ്മയായ എനിക്ക് വയ്യ എന്നാണ് മറ്റൊരു കമന്‍റ്. അതേ സമയം സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളില്‍ മാറ്റം. നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് അതിതീവ്രമഴക്കുള്ള റെഡ് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴ കിട്ടും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വരുന്ന രണ്ടുദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തൃശൂർ, പാലക്കാട് ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. തൃശൂരിൽ നഗരപ്രദേശങ്ങളിലും മലയോര മേഖലയിലും ശക്തമായ മഴയാണ്. ചേലക്കരയിൽ മലവെള്ളപ്പാച്ചിലിൽ വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിൽ ആറ്റൂർ കമ്പനിപ്പടി പ്രദേശത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇക്കണ്ട വാര്യർ റോഡിലും മുരിങ്ങൂരിൽ അടിപ്പാത നിർമ്മാണം നടക്കുന്നിടത്തും വെള്ളക്കെട്ടുണ്ടായി. അശ്വിനി ആശുപത്രിയുടെ സമീപത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. പാലക്കാട് ഷൊർണൂരിൽ ശക്തമായ മഴയിൽ ഇറിഗേഷൻ ഓഫീസിനകത്ത് വെള്ളം കയറി. മണ്ണാർക്കാട് തെങ്കര കാഞ്ഞിരം റോഡിൽ കോൽപാടം ക്രോസ് വേ നിറഞ്ഞൊഴുകി. അലനല്ലൂർ എടത്തനാട്ടുകര കണ്ണംകുണ്ട് പാലത്തിലും വെള്ളം കയറി. രണ്ടു സ്ഥലത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ENGLISH SUMMARY:

Rain holiday demands surge across Kerala as citizens, especially parents, appeal to district collectors for early school holiday declarations amidst heavy rainfall and flood alerts. Red alerts have been issued for Idukki, Ernakulam, Thrissur, and Malappuram, prompting widespread concern over children's safety and calls for timely weather-related announcements