Image Credit:x/livehindustan

  • ഒന്‍പത് റൗണ്ടുകളാണ് ഓടിപ്പൂര്‍ത്തിയാക്കാനുണ്ടായിരുന്നത്. ഇതില്‍ ആറാമത്തെ റൗണ്ട് പൂര്‍ത്തിയാക്കിയതോടെ വിവേക് ബോധരഹിതനായി വീണുവെന്നാണ് പൊലീസുകാര്‍ അറിയിച്ചതെന്ന് പിതാവ്

യുപി പൊലീസിലേക്കുള്ള ശാരീരികക്ഷമതാ പരീക്ഷയ്ക്കിടെ രണ്ട് യുവാക്കള്‍ കുഴഞ്ഞ് വീണ് മരിച്ചു. ഗോവിന്ദപുരത്തെ പിഎസി ഗ്രൗണ്ടില്‍ നടന്ന കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്‍റിനിടെയാണ് സംഭവം. വിവേക് കുമാര്‍ (23) അതുല്‍ കുമാര്‍ (27) എന്നിവരാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഓട്ടത്തിനിടെയാണ് വിവേകും   അതുലും കുഴഞ്ഞ് വീണത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഒന്‍പത് റൗണ്ടുകളാണ് ഓടിപ്പൂര്‍ത്തിയാക്കാനുണ്ടായിരുന്നത്. ഇതില്‍ ആറാമത്തെ റൗണ്ട് പൂര്‍ത്തിയാക്കിയതോടെ വിവേക് ബോധരഹിതനായി വീണുവെന്നാണ് പൊലീസുകാര്‍ അറിയിച്ചതെന്ന് പിതാവ് ബാലേന്ദ്ര റാണ പറഞ്ഞു. ബോധം വീണ്ടെടുത്ത് എഴുന്നേറ്റതിന് പിന്നാലെ വീണ്ടും ഓടാന്‍ ശ്രമിച്ചുവെങ്കിലും കുഴഞ്ഞ് വീഴുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പൊലീസ് റിക്രൂട്ട്മെന്‍റ് പരീക്ഷയില്‍ 266 മാര്‍ക്ക് വിവേക് നേടിയിരുന്നു. തനിക്കാകെയുള്ള മകനായിരുന്നു വിവേകെന്നും അവനെ പൊലീസ് യൂണിഫോമില്‍ കാണുകയെന്നതായിരുന്നു സ്വപ്നമെന്നും പറയവേ അച്ഛന്‍റെ വാക്കുകള്‍ ഇടറി. 

24 മിനിറ്റില്‍ 4.8 കിലോമീറ്ററാണ് പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് ഓടിപ്പൂര്‍ത്തിയാക്കേണ്ടത്. വനിതാ ഉദ്യോഗാര്‍ഥികള്‍ 14 മിനിറ്റില്‍ 2.4 കിലോമീറ്ററും ഓടണം. നിശ്ചിത സമയത്തിനുള്ളില്‍ ഈ ദൂരം പൂര്‍ത്തിയാക്കാത്തവര്‍ അയോഗ്യരാകുമെന്നാണ് ചട്ടം.

ഏഴു ദിവസമായാണ് ശാരീരികക്ഷമ പരീക്ഷ നടക്കുക. ഓരോ ദിവസവും 875 ഉദ്യോഗാര്‍ഥികള്‍ക്കാണ് പരീക്ഷ നടക്കുക. രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന ശാരീരികക്ഷമതാ  പരീക്ഷ എട്ടുമണിയോടെ പൂര്‍ത്തിയാകും. ഉദ്യോഗാര്‍ഥികളുടെ നെഞ്ചളവും ഉയരവും പരിശോധിച്ച ശേഷമാണ് ഓട്ടത്തിനായി വിടുക. വനിതകള്‍ക്ക് ഉയരവും ഭാരവുമാണ് പരിശോധിക്കുക.

ENGLISH SUMMARY:

Two young men died after collapsing during the physical fitness test for recruitment to the Uttar Pradesh Police force at a PAC ground in Govindpur. The deceased were identified as 23-year-old Vivek Kumar and 27-year-old Atul Kumar, who reportedly collapsed while running and were taken to hospital but could not be saved. Police suspect cardiac arrest as the cause of death, and the bodies have been sent for post-mortem examination.