വധുവിന്‍റെ വീട്ടുകാര്‍ കൊടുത്ത കാര്‍ ഇഷ്ടപ്പെടാത്തതിനാല്‍ മണ്ഡപത്തില്‍ നിന്നിറങ്ങിപ്പോയി പൊലീസ് ഉദ്യോഗസ്ഥനായ വരന്‍. യുപി സോണിപത്തിലാണ് സംഭവം. ഡല്‍ഹി പൊലീസില്‍ ജോലി ചെയ്യുന്ന കുല്‍ദീപ് എന്ന യുവാവാണ് മണ്ഡപത്തില്‍ നിന്നിറങ്ങിപ്പോയത്. 

ആറ്  മാസങ്ങള്‍ക്ക് മുന്‍പാണ് കുല്‍ദീപിന്‍റെ വിവാഹം റാം നഗറിലെ യുവതിയുമായി നിശ്ചയിക്കുന്നത്. തുടര്‍ന്ന് വിവാഹത്തിന്‍റെ തലേ ദിവസമെത്തി. വധുവിന്‍റെ കുടുംബത്തിന് കുല്‍ദീപിന്‍റെ ബന്ധുക്കളില്‍ നിന്ന് ഒരു ഫോണ്‍കോള്‍ വന്നു. വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ വരനും വധുവിനുമായി കാര്‍ വാങ്ങിയിട്ടുണ്ടോ എന്ന് വരന്‍റെ ബന്ധുക്കള്‍ ചോദിച്ചു. ഒരു ഹ്യുണ്ടായ് ഓറ ബുക്ക് ചെയ്തിട്ടുണ്ടെന്നും വിവാഹദിവസം അതെത്തുമെന്നുമായിരുന്നു വധുവിന്‍റെ വീട്ടുകാരുടെ മറുപടി. എന്നാല്‍ ഉടന്‍ കുല്‍ദീപിന്‍റെ വീട്ടുകാരുടെ സ്വരം മാറി. കുല്‍ദീപിന് ഓറ ഇഷ്ടമല്ലെന്നും അത് ടാക്സിക്കായി ഉപയോഗിക്കുന്ന വാഹനമാണെന്നും മാരുതി സുസൂക്കി ബ്രെസ്സയാണ് കുല്‍ദീപിനിഷ്ടമെന്നും ബന്ധുക്കള്‍ പറഞ്ഞു. പത്ത് ലക്ഷമാണ് ഓറയുടെ വില.

ഇതോടെ വധുവിന്‍റെ പിതാവ് ഓറയുടെ ബുക്കിങ് കാന്‍സല്‍ ചെയ്യുകയും ബ്രെസ്സയ്ക്കായി നഗരത്തിലെ ഡീലര്‍ഷിപ്പുകളില്‍ കയറിയിറങ്ങുകയും ചെയ്തു. എന്നാല്‍ കാര്‍ കിട്ടിയില്ല. തല്‍ക്കാലത്തേക്ക് കാര്‍ പിന്നീട് നല്‍കാമെന്ന് പിതാവ് ധാരണയിലെത്തി. ഭക്ഷണവും ആഭരണവുമടക്കം കല്യാണചിലവിനായി ഇതിനോടകം 30 ലക്ഷം ചിലവായിരുന്നു. 

തൊട്ടടുത്ത വിവാഹദിവസം കുല്‍ദീപിനെ കാത്തുനിന്ന ബന്ധുക്കള്‍ കുല്‍ദീപിന്‍റെ വരവ് കണ്ട് ഞെട്ടി. വരന്‍റെ വസ്ത്രത്തിന് പകരം സാധാരണ വസ്ത്രം ധരിച്ചാണ് കുല്‍ദീപ് ചടങ്ങിനെത്തിയത്. ചടങ്ങിനെത്തിയ കുല്‍ദീപിന്‍റെ ബന്ധുക്കള്‍ വധുവിനെയും വധുവിന്‍റെ ബന്ധുക്കളെയും അധിക്ഷേപിക്കാന്‍ തുടങ്ങി. ഇതിന് പിന്നാലെ വധുവിന്‍റെ കുടുംബത്തെ കോടതി കയറ്റുമെന്ന് പ്രഖ്യാപിച്ച് സംഘം മടങ്ങി. 

പിന്നാലെ വധുവിന്‍റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുല്‍ദീപിനെയും ബന്ധുക്കളെയും  പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. വധുവിന്‍റെ സംഘവും സ്റ്റേഷനിലെത്തി. നിലവില്‍ കേസായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

ENGLISH SUMMARY:

A Delhi police groom walked out of his wedding mandap in Sonepat after his in-laws failed to provide his preferred car as dowry. The bizarre incident led to a police complaint and ongoing investigation after the family spent heavily on the ceremony.