Image credit: instagram/rebelwheels_sia_

Image credit: instagram/rebelwheels_sia_

  • കല്യാണിന്‍റെ കാറിനെ കടന്നു പോയതിന് പിന്നാലെയാണ് കാര്‍ തന്റെ ഭാഗത്തേക്ക് കയറിയതെന്നും മോശം പെരുമാറ്റമുണ്ടായെന്നും ബൈക്കോടിച്ച് പോകാന്‍ ശ്രമിക്കവേ ഇടിച്ച് വീഴ്ത്തുകയായിരുന്നുവെന്നും സിയ

ഗുരുഗ്രാമില്‍ വനിതാ ബൈക്കറെ കാറിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി കല്യാണ്‍ ബെയ്ന്‍​സ്​ലയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രോഷം നിറയുന്നു. സിയയെന്ന ബൈക്കറെയാണ് യുവാവ് അപമാനിച്ച ശേഷം കാറില്‍ പിന്തുടര്‍ന്ന് ഇടിപ്പിച്ച് വീഴ്ത്തിയത്. സംഭവം വിവാദമാകുകയും പൊലീസ് കേസെടുക്കുകയും ചെയ്തതിന് പിന്നാലെ മനപ്പൂര്‍വമല്ല ബൈക്കില്‍ ഇടിച്ചതെന്നും സ്ത്രീ ആണെന്ന് അറിഞ്ഞില്ലെന്നുമെല്ലാം കല്യാണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംഭവത്തിന്‍റെ ഒരു ഭാഗം മാത്രമേ പുറത്തു വന്നിട്ടുള്ളൂവെന്നും യുവതിക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് എവിടെയെന്നും യുവതിയെ ഓര്‍ത്ത് സഹതാപം തോന്നുന്നു എന്നുമായിരുന്നു കല്യാണിന്‍റെ വാക്കുകള്‍. Also Read: അതിവേഗത്തിലെത്തി വനിതാ ബൈക്കറെ ഇടിച്ചുവീഴ്ത്തി; ക്യാമറയില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

കല്യാണിനെതിരെ അപകടത്തില്‍പ്പെട്ട സിയ തന്നെ രംഗത്തെത്തി. 'വീണത് കണ്ട് സഹതാപം തോന്നിയ ആളെന്തേ കാര്‍ നിര്‍ത്താതെ പോയി എന്നും റോഡില്‍ വീണ് മരിച്ചു പോയേനെയല്ലോ എന്നും സിയ ചോദിക്കുന്നു. കല്യാണിന്‍റെ കാറിനെ കടന്നു പോയതിന് പിന്നാലെയാണ് കാര്‍ തന്റെ ഭാഗത്തേക്ക് കയറിയതെന്നും മോശം പെരുമാറ്റമുണ്ടായെന്നും ബൈക്കോടിച്ച് പോകാന്‍ ശ്രമിക്കവേ ഇടിച്ച് വീഴ്ത്തുകയായിരുന്നുവെന്നും സിയ പറയുന്നു. 

ബൈക്കോടിച്ചത് ആണോ, പെണ്ണോയെന്ന് മനസിലായില്ലെന്ന കല്യാണിന്‍റെ പരിഹാസത്തിനും സിയ മറുപടി നല്‍കി. 'തന്‍റെ നീണ്ട മുടി പുറത്തേക്ക് ദൃശ്യമായിരുന്നു. കാര്‍ തനിക്ക് തൊട്ടരികിലേക്ക് വന്ന് അശ്ലീല ആംഗ്യം കാണിച്ചു. എന്നിട്ടിപ്പോള്‍ ആണോ പെണ്ണോയെന്ന് അറിഞ്ഞില്ലെന്ന് കള്ളം പറയുകയാണ് സിയ തുറന്നടിച്ചു. അപകടത്തില്‍ തനിക്ക് ഖേദമുണ്ടെന്ന കല്യാണിന്‍റെ വാക്കുകള്‍ കളവാണെന്നും ആ പറഞ്ഞതില്‍ സത്യസന്ധതയോ ആത്മാര്‍ഥതയോ ഉണ്ടായിരുന്നുവെങ്കില്‍ അപകടത്തില്‍പ്പെട്ടയാളുടെ സ്ഥിതി അറിയാന്‍ കാര്‍ നിര്‍ത്തി ഇറങ്ങി വന്നേനെയെന്നും അവര്‍ ചൂണ്ടിക്കാട്ടി. സംഭവിച്ചതെന്തെന്ന് കൃത്യമായി വിഡിയോയില്‍ ഉണ്ടെന്നും സ്വന്തം കുടുംബത്തിലും സ്ത്രീകളുണ്ടെന്ന ബോധമില്ലാത്തവരാണ് റോഡിലിറങ്ങി ഇങ്ങനെ പെരുമാറുന്നതെന്നും സിയ വിഡിയോയില്‍ പറഞ്ഞു. 

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ സിയ അപകട നില തരണം ചെയ്തു. ഞായറാഴ്ച ഒരു സംഘം ബൈക്കര്‍മാര്‍ക്കൊപ്പം തന്‍റെ അപ്രില RS 457 സ്പോര്‍ട്സ് ബൈക്കില്‍ പോകുകയായിരുന്നു സിയ. മദ്യലഹരിയിലായിരുന്നു പ്രതിയെന്ന് തോന്നിപ്പിക്കുന്നത് പോലെയായിരുന്നു കല്യാണിന്‍റെ പെരുമാറ്റമെന്നും പിന്തുടര്‍ന്നെത്തിയാണ് ആക്രമിച്ചെതന്നും സിയയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 300 മീറ്ററോളം ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഉരഞ്ഞ് നീങ്ങി. 

ENGLISH SUMMARY:

Public outrage has intensified following a road rage incident in Gurugram where a driver, Kalyan Bainsla, rammed his car into female biker Siya. Riding her Aprilia RS 457 sports bike with a group of motorcyclists, Siya was chased down and struck, causing her bike to drag for nearly 300 meters. Kalyan later claimed to the media that the crash was unintentional and that he did not realize the rider was a woman. Refuting his statements, Siya released a video calling his apology fake and pointing out that her long hair was clearly visible before he made obscene gestures and hit her. She questioned why he sped away instead of checking on her if he genuinely felt remorse. Gurugram Police have registered a case based on her complaint, and further legal actions against the driver are underway.