gurugram-malayali

 

ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിനംപ്രതി പുറത്തുവരുന്നത്. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി മുഹമ്മദ് അസ്‌ലം (30), മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഫർസാന (28) എന്നിവരെയാണ് ഫ്ലാറ്റിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫർസാനയെ കൊലപ്പെടുത്തിയശേഷം അസ്‌ലം ജീവനൊടുക്കിയതാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

ഇപ്പോഴിതാ, ഇവരുടെ മുറിയിൽനിന്ന് കണ്ടെത്തിയ കുറിപ്പുകളാണ് വാർത്തയാകുന്നത്. ‘ഞങ്ങൾ ഈ ലോകം ഉപേക്ഷിക്കുകയാണ്’ എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങൾ ആദ്യം കണ്ട ഫ്ലാറ്റുടമയാണ് കുറിപ്പും കണ്ടെത്തിയത്. ഫർസാനയുടെ വസ്ത്രത്തിൽ ‘I Love You’ എന്ന് എഴുതിയിരുന്നതായും കണ്ടെത്തി. ഫർസാനയുടെ മൃതദേഹം നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. അസ്‌ലമിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമായിരുന്നു.

അസ്‌ലം ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ഫ്ലാറ്റുടമ എത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നതായി കണ്ടത്. മരണത്തിന് മുൻപ് അസ്‌ലം താൻ ജീവനൊടുക്കാൻ പോവുകയാണെന്നും വീട്ടുകാരെ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ട് സ്ഥാപനത്തിലേക്ക് ഇ-മെയിൽ അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിൽനിന്ന് ഫ്ലാറ്റുടമയ്ക്ക് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്.

ബന്ധുക്കളുടെ മൊഴിപ്രകാരം ഇരുവരും തമ്മിൽ വ്യക്തിവൈരാഗ്യമോ വഴക്കുകളോ ഉണ്ടായിരുന്നില്ല. എന്നാൽ, അസ്‌ലം ഒന്നര വർഷമായി വിഷാദരോഗത്തിനുള്ള മരുന്ന് കഴിച്ചിരുന്നെന്ന് കണ്ടെത്തി. ജോലിഭാരമായിരിക്കാം അസ്‌ലമിനെ കൊടുംക്രൂരതയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ നിഗമനം. ഗുരുഗ്രാമിലെ ഒരു ടെക് കമ്പനിയിലെ ജീവനക്കാരനാണ് അസ്‌ലം. കൊലപാതകക്കുറ്റം ചുമത്തി പൊലീസ് അന്വേഷണം തുടരുകയാണ്.

 

ENGLISH SUMMARY:

Manorama News reports on the shocking deaths of a Malayalam couple in Gurugram, where police suspect murder followed by suicide due to work-related stress and depression. The tragic incident, involving Aslam and Farhana, has left both their families and the local community in deep shock.