Image credit:X/punjabtribune
പശുക്കള്ക്കുള്ള പുല്ല് ചെത്തിക്കൊണ്ടു നിന്ന ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം ഭര്ത്താവ് ജീവനൊടുക്കി. പഞ്ചാബിലെ ബര്ണലയിലാണ് സംഭവം. ഭോല സിങ് എന്നയാളാണ് ഭാര്യയെ കൊന്നശേഷം സ്വയം മരിച്ചതെന്ന് പൊലീസ് പറയുന്നു. ഭര്തൃമാതാവിനൊപ്പം പശുക്കള്ക്കുള്ള പുല്ല് ചെത്താന് പോയതായിരുന്നു ഭാര്യ കരംജിത് കൗര്. ഉച്ചയോടെ വയലിലേക്ക് എത്തിയ ഭോലാ സിങ്, കയ്യിലുണ്ടായിരുന്ന കോടാലിക്ക് കരംജിത്തിനെ ആക്രമിക്കുകയായിരുന്നു. പിന്നില് നിന്നെത്തിയാണ് തുടരെത്തുടരെ വെട്ടി വീഴ്ത്തിയത്. വീട്ടിലെത്തിയ ശേഷം ഭോല വിഷം കഴിച്ച് ജീവനൊടുക്കി.
കരംജിത്തിന്റെ മൃതദേഹവുമായി വീട്ടിലേക്ക് ഭോലയുടെ അമ്മ എത്തിയപ്പോഴാണ് മകന് അബോധാവസ്ഥയില് കിടക്കുന്നത് കണ്ടത്. ഉടന് തന്നെ ആശുപത്രിയില് എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുടുംബകലഹമാണ് കാരണമെന്നാണ് സൂചന. കൊലപാതകത്തിന്റെ കൃത്യമായ കാരണം വെളിവായിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ച കോടാലി കണ്ടെടുത്തിട്ടുണ്ടെന്നും മറ്റുകാര്യങ്ങളില് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
മൂന്ന് പെണ്കുട്ടികളും ഒരു മകനുമാണ് ഇവര്ക്കുള്ളത്. മൂത്ത പെണ്കുട്ടി വിവാഹിതയാണ്. മറ്റുള്ളവര് പഠിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ഭോല ലഹരിക്കടിമയായിരുന്നുവെന്നും ഇതേച്ചൊല്ലി കുടുംബത്തില് വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു.