മുഹമ്മദ്‌ അസ്‌ലം

മുഹമ്മദ്‌ അസ്‌ലം

കൊടുങ്ങല്ലൂരില്‍ പതിനെട്ടുകാരന്‍ ജീവനൊടുക്കിയതില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്. കൊടുങ്ങല്ലൂർ പഴുപറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്‌ലം ആണ് മരിച്ചത്. പ്രണയത്തിന്റെ പേരിൽ തന്‍റെ രണ്ടുമക്കളെ പൊലീസ് ശാരീരികവും മാനസികവുമായും പീഡിപ്പിച്ചെന്നും ഇതിന്‍റെ മനോവിഷമത്തിലാണ് ഇളയ മകൻ ജീവനൊടുക്കിയതെന്നും പിതാവ് ആരോപിക്കുന്നു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സി.ഐ. ബൈജു, എസ്.ഐ. അതുൽ മോഹനൻ എന്നിവർക്കെതിരെയാണ് പിതാവ് നൗഷാദ് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബർ 27-ാം തീയതി വൈകുന്നേരമാണ് കൊടുങ്ങല്ലൂർ ജനമൈത്രി പൊലീസ് സ്റ്റേഷനിൽ നിന്നും സി.ഐ വിളിക്കുന്നുവെന്ന് പറഞ്ഞ് ഫോൺ കോൺ വന്നതെന്ന് നൗഷാദ് പറയുന്നു. മകൻ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നും പെട്ടന്ന് വരണമെന്നും പറഞ്ഞു. ടാക്‌സി ഡ്രൈവറായ നൗഷാദ് ഓട്ടത്തിലായതിനാൽ ഉടൻ പോകാനായില്ല. തുടർന്ന് 22കാരനായ മൂത്ത മകനെ സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. ഓട്ടം കഴിഞ്ഞ് രാത്രി സ്റ്റേഷനില്‍ എത്തിയപ്പോള്‍ മകൻ ഒരു പെൺകുട്ടിയുടെ കൈയിൽ നിന്നും 20 പവൻ സ്വർണ്ണവും 50,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങി ഇന്നോവ കാർ വാങ്ങിയെന്നാരോപിച്ച് കള്ളക്കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്നും നൗഷാദ് പറയുന്നു.

സ്റ്റേഷനിൽ വെച്ച് ഇളയ മകനെയും മൂത്ത മകനേയും പൊലീസ് ക്രൂരമായി മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും നൗഷാദ് പറഞ്ഞു. മർദനം സഹിക്കവയ്യാതെ മൂത്ത മകന്‍ താനാണ് എല്ലാം ചെയ്തതെന്ന് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. തുടര്‍ന്ന് മൂത്ത മകന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പൊലീസ് പ്രചരിപ്പിച്ചെന്നും പ്രായപൂർത്തിയാകാത്ത ഇളയ മകന് ജാമ്യം ലഭിക്കുന്നത് വൈകിപ്പിക്കാൻ ശ്രമിച്ചെന്നും നൗഷാദ് ആരോപിക്കുന്നു.

സെപ്റ്റംബർ 27-ന് കസ്റ്റഡിയിലെടുത്ത മക്കളെ മൂന്ന് ദിവസത്തിന് ശേഷമാണ് കോടതിയിലും ജുവനൈൽ ബോർഡിനും മുന്നിൽ ഹാജരാക്കിയത്. ജാമ്യത്തിലിറങ്ങിയതിന് ശേഷം സഹോദരന്‍ ജയിലിലായതിന്‍റെ വേദനയിലും പൊലീസിന്റെ ഭാഗത്തുനിന്നുള്ള നിരന്തര മാനസിക പീഡനങ്ങളുടെയും മനോവിഷമത്തിലാണ് അസ്‌ലം ജീവനൊടുക്കിയതെന്നും നൗഷാദ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ സി.ഐ ബൈജു, എസ്.ഐ അതുൽ മോഹൻ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും തക്കതായ ശിക്ഷ വാങ്ങി കൊടുക്കണമെന്നും നൗഷാദ് പോസ്റ്റില്‍ പറയുന്നു.

‘പരാതി കിട്ടിയാൽ അതിനെ കുറിച്ച് വിശദമായി പഠിച്ച ശേഷമാണോ കൈകാര്യം ചെയ്യുന്നത്? ഇത്രയും ടെക്നോളജി വളർന്ന സ്ഥിതിക്ക് ഒരു ഇന്നോവ കാർ ആരുടെ പേരിലാണ് എന്ന് അറിയാൻ ഒരു സർക്കിൾ ഇൻസ്‌പെക്ടർക്കും ഒരു സബ് ഇൻസ്‌പെക്ടർക്കും കഴിയാതെ പോയത് എങ്ങനെയെന്ന് മനസ്സിലാവുന്നില്ല. കാറിൽ ചാരി നിന്ന് ഫോട്ടോ എടുത്താൽ അത് അയാളുടെ കാർ തന്നെ ആവണമെന്നുണ്ടോ? ന്യൂസ്‌ കൊടുക്കുമ്പോൾ ആ പ്രതിയുടെ പേരിൽ ഒരു കാർ എങ്കിലും ഉണ്ടോയെന്ന് ഒന്ന് ചെക്ക് ചെയ്യാമായിരുന്നു. 20 പവൻ സ്വർണ്ണവും 50000 രൂപയും ഫോണിൽ കൂടി ഭീഷണിപെടുത്തി വാങ്ങി എന്ന് പരാതിയിൽ ആരോപിക്കുന്ന പെൺകുട്ടിയെ എന്റെ മൂത്ത മകൻ ഫോണിൽ കൂടി ചാറ്റ് ചെയ്യുകയോ മെസ്സേജ് ചെയ്യുകയോ കോൾ ചെയ്യുകയോ ചെയ്തിട്ടുണ്ടോ? ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ ആണ് അവന്റെ ഫോൺ ഇരിക്കുന്നത് ആ വിവരം എന്നെ ഒന്ന് കാണിക്കാമോ? പരാതി കിട്ടിയാൽ പ്രായപൂർത്തി ആകാത്ത പയ്യന്മാരെ ക്രൂരമായി തല്ലി ചതക്കാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നത്? പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുന്ന രക്ഷിതാക്കളോട് പൊലീസ് മാന്യമായി പെരുമാറണമോ?’– നൗഷാദ് ചോദിക്കുന്നു.

ENGLISH SUMMARY:

A grieving father in Kodungallur has leveled serious allegations against local police officers following the tragic suicide of his 18-year-old son, Muhammad Aslam. Naushad claims that constant police harassment and physical abuse during his sons' detention in a false extortion case drove the teenager to take his own life. The family has accused Kodungallur station CI Baiju and SI Atul Mohan of fabricating charges, leaking interrogation videos, and delaying juvenile bail procedures. Naushad is now demanding strict legal action and accountability against the accused police personnel for destroying his family.