thrissur-karalam-elderly-woman-found-dead

തൃശൂര്‍ കാറളത്ത് വയോധികയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രിയാണ് (65) കൊല്ലപ്പെട്ടത്. ഉച്ചയോടെ നടന്ന സംഭവത്തിൽ, മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണ് നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സാവിത്രിയുടെ ശരീരത്തിലുണ്ടായിരുന്ന അഞ്ച് പവന്റെ വള, അഞ്ച് പവന്റെ മാല, മോതിരം എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ, കഴുത്തിലും കൈകളിലും ബലപ്രയോഗം നടന്നതിന്റെ വ്യക്തമായ പാടുകളുമുണ്ട്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹത്തിന് ചുറ്റും മുളകുപൊടി വിതറിയ നിലയിലായിരുന്നു. പോലീസിനെയും ഡോഗ് സ്ക്വാഡിനെയും വഴിതെറ്റിക്കാനാണ് അക്രമി മുളകുപൊടി ഉപയോഗിച്ചതെന്നാണ് കരുതുന്നത്.

സംഭവസമയത്ത് സാവിത്രി വീട്ടിൽ തനിച്ചായിരുന്നു. വിജയനെ ആശുപത്രിയിൽ കൊണ്ടുപോകാനായി മകനും ഭാര്യയും പോയ സമയത്താണ് ആക്രമണം നടന്നത്. വൈകുന്നേരം സ്കൂളിൽ നിന്നും തിരിച്ചെത്തിയ പേരക്കുട്ടിയാണ് സാവിത്രിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ ആദ്യം കാണുന്നത്. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ചേർന്ന് പ്രദേശത്ത് വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

The tragic suspected murder of a 79-year-old woman inside her house in Karalam, Thrissur. Police have launched an investigation after gold jewelry weighing several sovereigns went missing from the victim's body.