suhail-bailreject

നെടുമ്പാശേരി വാഹനാപകടക്കേസ് പ്രതി സുഹൈല്‍ സജീവടക്കം നാല് പ്രതികളുടെയും ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. സുഹൈലിന്റെ സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീർ എന്നിവരാണ് കൂട്ടുപ്രതികള്‍. ഈ മാസം 11നാണ് നെടുമ്പാശേരിയിൽ വച്ച് സുഹൈൽ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന 3 പേർ കൊല്ലപ്പെട്ടത്.

 

ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ മൂന്നേമുക്കാൽ മണിക്കൂറാണ് പ്രൊസിക്യൂഷനും പ്രതിഭാഗവും വാദ പ്രതിവാദം നടത്തിയത്. നിലവിൽ കാക്കനാട് ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിൽ കഴിയുന്ന നാലു പ്രതികളും ജാമ്യാപേക്ഷയുമായി മജിസ്ട്രേട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഇതൊരു സാധാരണ അപകടം മാത്രമാണെന്നും കുറ്റകരമായ നരഹത്യ എന്ന ബിഎൻഎസ് 105 വകുപ്പ് നിലനിൽക്കില്ല എന്ന വാദമാണ് പ്രതിഭാഗം പ്രധാനമായും ഉയർത്തിയത്. പ്രതികൾക്കെതിരെ ഗൂഡാലോചന നടക്കുന്നുണ്ട്. അപകട വിവരം പുറത്തു വന്നതു മുതൽ സമൂഹമാധ്യമങ്ങളിലടക്കം പലതരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ എഫ്ഐആറിലെ വിവരങ്ങൾ പോലും ശരിയല്ല. അപകടം സാക്ഷി കണ്ടു എന്നു പറയുന്നത് ശരിയല്ല. സ്കൂട്ടറില്‍ സഞ്ചരിച്ചത് 3 പേരാണ്, ഇത് അപകടത്തിന് കാരണമാകുന്നതാണ്. അപകടം ഉണ്ടായ ശേഷം സുഹൈല്‍ എവിടേക്കും ഓടിപ്പോയില്ല തുടങ്ങിയ വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു.

 

Also read: സുഹൈല്‍ മൂന്നു ബാറില്‍ക്കയറി അടിച്ചത് അ‍ഞ്ച് ഇരട്ടിയിലധികം മദ്യം; ലക്കുകെട്ട ഡ്രൈവിങ്

 

എന്നാൽ പ്രഥമദൃഷ്ട്യാ എല്ലാ തെളിവുകളും പ്രതികൾക്കെതിരെ വിരൽച്ചൂണ്ടുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വാഹനമോടിച്ചിരുന്ന സുഹൈൽ അമിതമായി മദ്യപിച്ചിരുന്നു എന്നതിന്റെ പരിശോധനാഫലം ലഭിച്ചു. ഇയാളുടെ രക്തത്തിൽ‍ 5.3 മടങ്ങ് അധികമായിരുന്നു മദ്യത്തിന്റെ അളവ്. രക്തത്തിൽ 161 എംജിയും മൂത്രത്തിൽ 230 എംജിയും മദ്യമാണ് പരിശോധനയിൽ ലഭിച്ചത്. പ്രതികൾ ബാറിലേക്ക് കയറിപ്പോകുന്നതു ഇറങ്ങിവരുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. കാർ അതിവേഗത്തിലായിരുന്നു എന്നതിനും തെളിവുകളുണ്ട്. കേസ് ഇപ്പോൾ പ്രാഥമികഘട്ടത്തിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. തുടർന്ന് വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

 

മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതികൾ ഇനി സെഷൻസ് കോടതിയെ സമീപിച്ചേക്കും. നിലവിൽ രക്തപരിശോധനാഫലം ലഭിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ച ആഡംബര കാറിന്റെ വേഗതയടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്ന ഇഡിആർ (ഇവന്റ് ഡാറ്റ റെക്കോർഡർ) പരിശോധന പൂർത്തിയായെങ്കിലും ഇതിന്റെ ഫലം പുറത്തുവന്നിട്ടില്ല. ഇതും വരും ദിവസങ്ങളിൽ ലഭിച്ചേക്കും. കാർ അതിവേഗത്തിലായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളിടലക്കം വ്യക്തമാണ്.

ENGLISH SUMMARY:

Nedumbassery accident case update shows that the Angamaly Magistrate Court has rejected the bail plea of prime accused Suhail and three others involved in the fatal luxury car crash. The prosecution strongly opposed the bail by presenting concrete evidence of drunk driving and high-speed collision.