Image Credit: X
നിയന്ത്രണം വിട്ട എല്‍പിജി ടാങ്കര്‍ ടോള്‍ ബൂത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ വന്‍ തീ പിടിത്തത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ടാങ്കര്‍ ഡ്രൈവര്‍ ധര്‍മേന്ദ്ര ദുബെ, ടോള്‍ പ്ലാസ ജീവനക്കാരന്‍ അലോക് എന്നിവര്‍ തല്‍ക്ഷണം മരിച്ചു. മറ്റ് മൂന്ന് ടോള്‍ പ്ലാസ ജീവനക്കാര്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ കൗഷാംബിയില്‍ കഴിഞ്ഞ മാസം 26നുണ്ടായ തീ പിടിത്തത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
24 സെക്കന്‍റുള്ള വിഡിയോയില്‍ രണ്ട് ടാങ്കറുകള്‍ ടോള്‍ബൂത്തിലേക്ക് എത്തുന്നത് കാണാം. പിന്നാലെ ഇതിലൊന്നിന്റെ നിയന്ത്രണം നഷ്ടമായി ഡിവൈഡറില്‍ ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഡിവൈഡറിലിടിച്ച് മുന്നോട്ട് വന്ന ടാങ്കര്‍ നേരെ ടോള്‍ പ്ലാസയിലേക്ക് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടാങ്കറില്‍ നിന്നും ഇന്ധനം ചോര്‍ന്നതോടെ വലിയ പൊട്ടിത്തെറിയുണ്ടായി.
പ്രദേശത്ത് കനത്ത പുക നിറയുന്നതും തീ പടരുന്നതും ദൃശ്യങ്ങളില്‍ കാണാം. രണ്ട് കിലോ മീറ്റര്‍ ദൂരേക്ക് വരെ തീനാളങ്ങള്‍ ദൃശ്യമായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. അഗ്നിരക്ഷാസേനയും പൊലീസും ഇടപെട്ടതോടെ അതിവേഗത്തില്‍ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞുവെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.