ചിത്രം– മനോരമ
ഉത്തർപ്രദേശിലെ നോയിഡയ്ക്ക് സമീപം ജെവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ രാജ്യാന്തര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകാൻ തീരുമാനം. വിമാനത്താവളത്തിന്റെ പേര് 'നരേന്ദ്ര മോദി രാജ്യാന്തര വിമാനത്താവളം, നോയിഡ-ജെവാർ’ എന്ന് പുനർനാമകരണം ചെയ്യും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് നിർദ്ദേശത്തിന് അംഗീകാരം നൽകിയത്.
ഉത്തർപ്രദേശിന്റെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വലിയ സംഭാവനകൾ കണക്കിലെടുത്താണ് മന്ത്രിസഭ ഈ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഉത്തർപ്രദേശിനുള്ള സമ്മാനമായി പ്രധാനമന്ത്രി വിശേഷിപ്പിച്ച വിമാനത്താവളത്തിന് മന്ത്രിസഭ അദ്ദേഹത്തിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളമായും രാജ്യത്തെ പ്രധാന വ്യോമയാന കേന്ദ്രമായും വിമാനത്താവളം ഉയർന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ തലസ്ഥാന മേഖല (എൻസിആർ)യിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളമാണ് നോയിഡ വിമാനത്താവളം. സ്വിസ് കമ്പനിയായ സൂറിക് എയർപോർട്ട് ഇന്റർനാഷനൽ എജിയുടെ ഉപകമ്പനി യമുന ഇന്റർനാഷനൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡും നോയിഡ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡും ചേർന്നാണു വിമാനത്താവളം നിർമിച്ചത്. 2021 നവംബർ 26നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു നോയിഡ വിമാനത്താവളത്തിനു തറക്കല്ലിട്ടത്. ജൂൺ 15 ന് ലഖ്‌നൗവിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തോടെയാണ് വിമാനത്താവളത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. 11,282 കോടി രൂപ ചെലവിൽ നിർമ്മിച്ച വിമാനത്താവളത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രതിവർഷം 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് 7 കോടിയായി ഉയർത്തും.
1.38 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെർമിനൽ, 48 ചെക്ക്-ഇൻ കൗണ്ടറുകൾ, 9 സുരക്ഷാ പാതകൾ, 9 ഇമിഗ്രേഷൻ കൗണ്ടറുകൾ, ആഭ്യന്തര, രാജ്യാന്തര യാത്രക്കാർക്കായി പ്രത്യേക ലൗഞ്ചുകൾ, 10 എയ്‌റോബ്രിജുകൾ, 28 വിമാന പാർക്കിങ് സ്റ്റാൻഡുകൾ, മണിക്കൂറിൽ ഏകദേശം 30 വിമാന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള റൺവേ, പ്രതിവർഷം 2.5 ലക്ഷം ടൺ പ്രാരംഭ ശേഷിയുള്ള ഒരു അത്യാധുനിക കാർഗോ ഹബ്, ഡിജിയാത്ര ബയോമെട്രിക് പ്രോസസിങ്, സെൽഫ്-ബാഗേജ് ഡ്രോപ് സൗകര്യങ്ങൾ, സൗരോർജ ഉൽപാദനം, മഴവെള്ള സംഭരണം, ഇലക്ട്രിക് വാഹന ചാർജിങ് ഹബ്, ടാക്സികൾക്കും ബസുകൾക്കും പാർക്കിങ്ങിനായി പ്രത്യേക ഗ്രൗണ്ട് ട്രാവൽ ഹബ് എന്നിവ അടങ്ങുന്നതാണ് വിമാനത്താവളം. ലോകോത്തര സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനു പുറമേ യാത്രക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു ഹൈടെക് കോട്ടയായാണ് വിമാനത്താവളം രൂപകൽപ്പന ചെയ്തിരിക്കുന്നത്.