മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജിയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യതയും ആവശ്യപ്പെട്ട് ഇന്ത്യാസഖ്യത്തിന്‍റെ പ്രതിഷേധം ഇന്നും തുടരും. ഉച്ചയ്ക്ക് 1.45ന് കൊണാട്ട് പ്ലേസിലെ ഹോട്ടലിൽ എത്താൻ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ എംപിമാർക്ക് നിർദേശം നൽകി. തുടർന്ന് രാജ്ഘട്ടിലേക്ക് മാർച്ച് നടത്താനാണ് നീക്കമെന്നാണ് സൂചന. Also Read: ഹാജര്‍ബുക്കില്‍ വ്യാജഒപ്പ്; മേയര്‍ വി.വി രാജേഷിനെതിരെ കേസ്, മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് മേയര്‍
ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി രാജ്ഘട്ടിൽ ഉച്ചയ്ക്ക് 2.30ന് പ്രതിഷേധ ധർണ സംഘടിപ്പിക്കും. ഡല്‍ഹിയിലെ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ് പിസിസി തലത്തിൽ കരിദിനം ആചരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി എൻഎസ്‌യു ഉച്ചയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും.
അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ കോൺഗ്രസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. എത്ര ബഹളമുണ്ടാക്കിയാലും തന്‍റെ പ്രവർത്തനം തുടരുമെന്ന് മോദി പറഞ്ഞു. ഇന്ത്യ മൊബൈൽ കോൺഗ്രസിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
വെള്ളിയാഴ്ചയ്ക്കുള്ളിൽ 15 നേതാക്കൾക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി നൽകണമെന്നും ഇന്ത്യാസഖ്യം ആവശ്യപ്പെട്ടു. എന്നാൽ നേതാക്കളുടെ എണ്ണം 10 ആയി കുറയ്ക്കണമെന്ന് രാഷ്ട്രപതി ഭവൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ എതിർപ്പില്ലെന്നാണ് ഇന്ത്യാസഖ്യത്തിന്‍റെ നിലപാട്. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി തുടങ്ങിയവർ സംഘത്തിലുണ്ടാകും. ഇതിനായി ഇന്ത്യാസഖ്യത്തിലെ മുതിർന്ന നേതാക്കൾ ഉടൻ ഡൽഹിയിലെത്തും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ സമരത്തിൽ വിജയം നേടുംവരെ പിന്നോട്ടില്ലെന്ന് കോൺഗ്രസ് എംപിമാർ വ്യക്തമാക്കി. ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ നിലപാടാണ് ശരിയെന്ന് രാജ്യം തിരിച്ചറിയുമെന്നും സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഹൈബി ഈഡൻ എംപി പ്രതികരിച്ചു.