Image: instagram.com/abhijeetdipke/

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജിയാവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 9 വെള്ളിയാഴ്ച രാത്രി 9 മണി മുതൽ രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടറിയേറ്റ്, ന്യൂഡൽഹി, മാണ്ഡി ഹൗസ്, കശ്മീരി ഗേറ്റ് തുടങ്ങി പ്രധാനപ്പെട്ട 57 മെട്രോ സ്റ്റേഷനുകളിലെ എൻട്രി, എക്സിറ്റ് ഗേറ്റുകൾ അടച്ചിടണമെന്ന് ഡല്‍ഹി മെട്രോ കോര്‍പറേഷനോട് പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. മാത്രമല്ല, ശനിയാഴ്ച പുലർച്ചെ 4 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ എത്തേണ്ട ഒട്ടേറെ ട്രെയിനുൾ ആരംഭിക്കുന്ന സ്റ്റേഷനുകളിൽ തന്നെ റദ്ദാക്കുകയും ചെയ്തു. ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണിതെന്നാണ് വിശദീകരണം. എന്നാല്‍ ആശങ്കയാണോ പേടിയാണോ എന്നാണ് സിജെപി ചോദിക്കുന്നത്. നടപടികളെ പരിഹസിച്ച് അഭിജീത്ത് ദീപ്കെ പങ്കുവച്ച വിഡിയോക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രം 10 മില്യണ്‍ വ്യൂസാണ് ലഭിച്ചിരിക്കുന്നത്.

‘നാളെ ഞങ്ങൾ പ്രതിഷേധത്തിന് ഇറങ്ങാനിരിക്കെ, നമ്മുടെ 'വിശ്വഗുരു 56 ഇഞ്ച് മഹാമാനവ്' റെയിൽവേ സേവനങ്ങൾ നിർത്തലാക്കിയിരിക്കുകയാണ്. എന്ത് പറയാനാണ്? വളരെ മികച്ച അന്തരീക്ഷമാണ് മോദിജി ഉണ്ടാക്കിയെടുക്കുന്നത്. അല്ലാ മോദിജി, ആരോഗ്യത്തിലൊക്കെ കുഴപ്പമൊന്നുമില്ലല്ലോ അല്ലേ? ബുദ്ധിമുട്ടുകളൊന്നും തോന്നുന്നില്ലല്ലോ? ഇടയ്ക്കിടെ ബി.പി ഒക്കെ ഒന്ന് പരിശോധിച്ചുകൊണ്ടിരിക്കണേ... റെയിൽവേ തന്നെ നിർത്തിവെക്കുക എന്ന് വെച്ചാൽ, അത്രയ്ക്കൊക്കെ വേണമായിരുന്നോ?’– ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ സിജെപി നേതാക്കളായ അഭിജീത് ദീപ്കെയും സൗരവ് ദാസും അശുതോഷ് റാങ്കയും പരിഹസിക്കുന്നു.

'ഏകാധിപതി' എന്ന് വിളിക്കപ്പെടുന്ന ഇന്ദിരാഗാന്ധി പോലും അടിയന്തരാവസ്ഥക്കാലത്ത് റെയിൽവേ അടച്ചുപൂട്ടിയിരുന്നില്ല. ഡൽഹിയിലേക്ക് ആളുകളൊന്നും എത്തുന്നില്ലെന്നാണ് നിങ്ങളുടെ റൈറ്റ് വിങ് ആളുകൾ പറയുന്നത്; എന്നാൽ നിങ്ങളുടെ 'പപ്പ' പേടിച്ചിട്ട് എല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്! റെയിൽവേ നിർത്തിവെച്ചു, മെട്രോ സർവീസുകൾ നിർത്തിവെച്ചു... സാർ, ബി.പി ഒക്കെ കൃത്യമായി പരിശോധിക്കാൻ മറക്കരുത്, അത്ര തന്നെ! 57 മെട്രോ സ്റ്റേഷനുകളാണ് അടച്ചുപൂട്ടിയത്. ഇന്ത്യാ ഗവൺമെന്റ് തന്നെ ഇപ്പോൾ 'ഡൽഹി ബന്ദ്' പ്രഖ്യാപിച്ചിരിക്കുകയാണ്. സാരമില്ല സാർ, എന്തുതന്നെയായാലും ഞങ്ങൾ വരുന്നുണ്ട്, കേട്ടോ. നാളെ കാണാം. ബൈ ബൈ’- വിഡിയോയില്‍ പരിഹസിക്കുന്നു.

മാത്രമല്ല, നടപടികളെ സൗരവ് തന്‍റെ എക്സ് പോസ്റ്റിലും പരിഹസിച്ചിട്ടുണ്ട്. ‘ചക്രവർത്തിക്ക് ഭയമാണ്, നാളെ ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണ്! പക്ഷേ എത്ര ദിവസത്തേക്ക് അവർക്ക് ഇത് ചെയ്യാൻ കഴിയും? ഉണർന്നിരിക്കുന്ന ഒരു രാഷ്ട്രം അതിന്റെ സന്ദേശം എത്തിക്കാൻ എല്ലാ വഴികളും കണ്ടെത്തും. കോവിഡ് സമയത്ത് രാജ്യമെമ്പാടുമുള്ള കുടിയേറ്റക്കാരെ നൂറുകണക്കിന് കിലോമീറ്ററുകൾ നിങ്ങൾ നടത്തിപ്പിച്ചത് ഓർക്കുന്നുണ്ടോ? സർക്കാരിനെ ഒരു പാഠം പഠിപ്പിക്കാൻ അതേ ആളുകൾ വീണ്ടും അത് ചെയ്യും’ സൗരവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സമരത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. 10 ദിവസം മുമ്പ് മുൻകൂർ അപേക്ഷ നൽകാത്തതിനാലും മുൻ പ്രതിഷേധങ്ങളിലെ മാർഗ്ഗനിർദ്ദേശ ലംഘനങ്ങൾ കണക്കിലെടുത്തുമാണ് അനുമതി നിഷേധിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 23,000-ത്തോളം സി.എ.പി.എഫ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം ക്യാമറകളും സി.സി.ടി.വികളും ഉപയോഗിച്ച് കൺട്രോൾ റൂം വഴി കടുത്ത നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത പ്രകാരം നിരോധനാജ്ഞ നിലവിലുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസും മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY:

Delhi Police has imposed severe security restrictions ahead of a planned protest at Jantar Mantar by the Cockroach Janata Party demanding the resignation of Chief Election Commissioner Gyanesh Kumar. Police requested the Delhi Metro to close entry and exit gates at 57 major stations and cancelled several train services arriving at New Delhi and Hazrat Nizamuddin stations. CJP leaders Abhijit Dipke and Saurav Das posted viral videos mocking the government for resorting to a 'Delhi Bandh' due to fear of the demonstration. Authorities denied permission for the rally citing late application and past rule violations, deploying over 23,000 CAPF personnel along with facial recognition systems to enforce security.