ഒരു വർഷത്തേക്ക് അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങരുതെന്ന തന്റെ അഭ്യർഥന രാജ്യത്തെ ജനങ്ങൾ ഏറ്റെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വർണം വാങ്ങുന്നത് ജനങ്ങൾ കുറച്ചതോടെ വില കുറഞ്ഞെന്നും മോദി പറഞ്ഞു. ലാൽ ബഹദൂർ ശാസ്ത്രി ഒരുനേരത്തെ ഭക്ഷണം ഒഴിവാക്കാൻ ആഹ്വാനം ചെയ്തപ്പോൾ രാജ്യം അത് ഏറ്റെടുത്തിരുന്നു. അതേ മനോഭാവം ഇന്നും രാജ്യത്തുണ്ടെന്നും മോദി പറഞ്ഞു. സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന തന്റെ ഉപദേശം സ്വീകരിച്ചതിലൂടെ പണം ലാഭിക്കാനായെന്ന് പലരും തന്നോട് പറയുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലഖ്‌നൗവിൽ നടന്ന അഞ്ചാമത് ദേശീയ കൗശൽ ദീക്ഷാന്ത് സമാരോഹിൽ (നൈപുണ്യ ബിരുദദാന ചടങ്ങ്) സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Also read: സ്വർണത്തേക്കാൾ വലിയ തകർച്ച, വെള്ളിടിയേറ്റ് വെള്ളി; ഈ വര്‍ഷം 63 ശതമാനം ഇടിവ്
"ഒരു വർഷം മുൻപ് അനിവാര്യമല്ലെങ്കിൽ ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഞാൻ രാജ്യത്തെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. ലാൽ ബഹദൂർ ശാസ്ത്രിജിയുടെ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാനുള്ള അഭ്യർഥന അന്ന് രാജ്യത്തെ ജനങ്ങൾ സ്വീകരിച്ചതുപോലെ ഇന്നും എന്റെ രാജ്യത്തെ ജനങ്ങളുടെ സ്വഭാവത്തിൽ മാറ്റമില്ലെന്ന് കാണുന്നതിൽ സന്തോഷമുണ്ട്", മോദി പറഞ്ഞു.
"എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരൻ സ്വർണം വാങ്ങരുതെന്ന് ആവശ്യപ്പെട്ടപ്പോൾ രാജ്യത്തെ ജനങ്ങൾ സ്വർണം വാങ്ങുന്നത് കുറച്ചു. ഇതോടെ സ്വർണവില കുത്തനെ ഇടിഞ്ഞു. 'മോദിജി, അങ്ങയുടെ വാക്ക് കേട്ട് ഞങ്ങൾ പണം ലാഭിച്ചു' എന്ന് ഇന്ന് ആളുകൾ എന്നോട് പറയുന്നുണ്ട്", അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക–ഇറാൻ യുദ്ധത്തെത്തുടർന്നുള്ള ആശങ്കകളും ഊർജവിലയിലെ വർധനയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ധനത്തിന്റെയും സ്വർണത്തിന്റെയും ഉപഭോഗം കുറയ്ക്കണമെന്ന് വിവിധ പൊതുപരിപാടികളിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ പരാമർശം.
അതേസമയം, ഭാവിയിൽ ഔപചാരിക വിദ്യാഭ്യാസ യോഗ്യതകളേക്കാൾ പ്രായോഗിക നൈപുണ്യമുള്ളവർക്കായിരിക്കും കൂടുതൽ മൂല്യം ലഭിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.
"ഇന്ന് ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു. എന്റെ വാക്കുകൾ ഓർത്തുവയ്ക്കുക, കാലം മാറുകയാണ്. കടലാസ് സർട്ടിഫിക്കറ്റുകൾ കൈവശം വയ്ക്കുകയും കോട്ടും ട്രൗസറും ടൈയും ധരിക്കുകയും ചെയ്യുന്നവരേക്കാൾ നൈപുണ്യമുള്ളവർക്കായിരിക്കും ഇനി കൂടുതൽ പരിഗണന ലഭിക്കുക", മോദി പറഞ്ഞു.