പാര്‍ട്ടിയിലേക്ക് പലരും വരും പോകുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. പത്മജ വേണുഗോപാല്‍ ബി.ജെ.പി വിട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഈ മറുപടി. എത്രയോ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പലരും പലതും എഴുതും. അതൊന്നും പാര്‍ട്ടി നിലപാടല്ലെന്നും കൃഷണദാസ് മാധ്യമങ്ങളോടു പറഞ്ഞു
അതേസമയം, പാര്‍ട്ടി വിട്ടപ്പോള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രവര്‍ത്തകരോട് മാപ്പുപറഞ്ഞ് പദ്മജ വേണുഗോപാല്‍ രംഗത്തെത്തി. ബി.ജെ.പി പ്രവേശനം തെറ്റായിപ്പോയി. തീരുമാനം കെ.കരുണാകരന്‍ എന്ന വ്യക്തിയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വേദനിപ്പിക്കുന്നതായിരുന്നു. മടക്കം പദവി മോഹിച്ചല്ല. പല തലങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം തിരിച്ചറിയുന്നു. എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ച എല്ലാവരോടും മാപ്പു ചോദിക്കുന്നതായും പത്മജ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Also read: അന്ന് മുരളി കാത്തിരുന്നു 20 മാസം; പത്മജയ്ക്ക് എത്ര നാള്‍
അതിനിടെ ഒരു വശത്ത് പത്മജയ്ക്കെതിരെ കോണ്‍ഗ്രസില്‍ നിന്നും വിമര്‍ശന സ്വരം ഉയര്‍ന്നത് തുടരുകയാണ്. സംഘപരിവാർ ബന്ധം പൂർണമായും ഉപേക്ഷിച്ചെന്ന് വ്യക്തമാക്കണമെന്ന് ദീപ്തി മേരി വർഗീസും ആവശ്യപ്പെട്ടു. സാധാരണ പ്രവർത്തകർക്ക് അടക്കം അത് ബോധ്യമാകണമെന്നും ദീപ്തി പറഞ്ഞു.
പത്മജയുടെ കോണ്‍ഗ്രസ് പ്രവേശം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന നിലപാടിലാണ് കെ.മുരളീധരന്‍. പാര്‍ട്ടി തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ല. ബിജെപി വിട്ട് ആര് പുറത്തുവന്നാലും നല്ലതെന്നും പത്മജയുടെ കാര്യത്തില്‍ വ്യക്തിപരമായ അഭിപ്രായം പുറത്തുപറയാനില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.