ബിജെപി വിട്ട പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്കുള്ള മടക്കം ആഗ്രഹിക്കുമ്പോള്‍, ചരിത്രത്താളുകളില്‍ മിന്നിത്തെളിയുന്നത് ഒന്നര പതിറ്റാണ്ട് മുന്‍പ് തറവാട്ടിലേക്കുള്ള മടക്കം ആഗ്രഹിച്ചു ഇന്ദിരാഭവന് മന്‍പില്‍ മൂന്നുരൂപാ മെമ്പര്‍ഷിപ്പിനായി കെ.മുരളീധരന്‍ കാത്തുനിന്ന നാളുകളാണ്. പാര്‍ട്ടി വിട്ട് ഡിഐസി രൂപീകരിച്ച് ഒടുവില്‍ എന്‍സിപിയിലെത്തി അവിടെ നിന്നിറങ്ങി സമസ്താപരാധങ്ങളും പൊറുത്ത് മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ച് പുറത്തിനിന്ന കെ.മുരളീധരന് 20 മാസത്തിന് ശേഷമാണ് അന്ന് അംഗത്വം നല്‍കിയത്. തെറ്റുപറ്റിയെന്നും മാപ്പ് തരണമെന്നും അപേക്ഷിക്കുന്ന പത്മജയ്ക്ക് കോണ്‍ഗ്രസ് അംഗത്വത്തിനായി എത്ര കാലം കാത്തിരിക്കേണ്ടിവരുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഉയരുന്നുവരുന്ന പ്രതിഷേധങ്ങള്‍ എല്ലാം നേതൃത്വം വിലയിരുത്തുന്നുണ്ട്. ബി.ജെ.പിയിലായിരിക്കെ പത്മജ നടത്തിയ പ്രസ്താവനകളും നേതൃത്വം മറന്നിട്ടില്ല. Also Read: 'ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനം'; കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് പറഞ്ഞ് പത്മജ വേണുഗോപാൽ
കലുഷിതമായ കാലഘട്ടം: ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പിളര്‍പ്പുകള്‍ നേരിട്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ പാര്‍ട്ടി ഏറ്റവും തകര്‍ച്ച നേരിട്ടത് 1970 കളുടെ അവസാനം എ.കെ.ആന്റണിയും എ ഗ്രൂപ്പുകാരും പാര്‍ട്ടി വിട്ടപ്പോഴും 2005ല്‍ ലീഡര്‍ കെ.കരുണാകരന്‍ ഡി.ഐ.സി (കെ) രൂപീകരിച്ചപ്പോഴുമാണ്. ഡിഐസി രൂപീകരണത്തിന്റെ ആഘാതം ഇന്നും സംഘടനാതലത്തിലുണ്ടെന്നതാണ് വാസ്തവം.
നൂറു സീറ്റുമായി 2001ല്‍ അധികാരത്തിലെത്തിയ എ.കെ.ആന്റണിക്കൊപ്പം കെ.പി.സി.സി അധ്യക്ഷനായി കെ.മുരളീധരനും ചുമതലയേറ്റു. ആദ്യം വലിയ പ്രശ്നങ്ങള്‍ ഒന്നുമുണ്ടായില്ല. ഇതിനിടെ, പത്മജ വേണുഗോപാലും രാഷ്ട്രീയപ്രവേശനം നടത്തി. പത്മജയ്ക്ക് കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കി. കരുണാകരന്‍ (കെ) തന്‍റെ (ടി) ഡോട്ടര്‍ക്ക് കൊടുത്ത (ഡി) ചെയര്‍മാന്‍ (സി) സ്ഥാനമെന്ന് പരിഹാസം ഉയര്‍ന്നു.
2003ലെ രാജ്യസഭാ തിരഞ്ഞെടുപ്പോടെ കലുഷിതമായ കോണ്‍ഗ്രസ് രാഷ്ട്രീയം 2004 തുടക്കത്തില്‍ ചെന്നാവസാനിച്ചത് അധ്യക്ഷ പദവിയില്‍ നിന്നുള്ള കെ.മുരളീധരന്‍റെ രാജിയിലാണ്. മറ്റൊരു ഫോര്‍മുലയുടെ ഭാഗമായി എംപിയായ കെ.മുരളീധരന്‍ ആന്‍റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയുമായി. മന്ത്രിസ്ഥാനത്ത് തുടരാന്‍ ആറുമാസത്തിനകം എംഎല്‍എയാകാന്‍ വേണ്ടി വടക്കാഞ്ചേരിയില്‍ നിന്നുള്ള വി.ബലറാമിനെ ഐ ഗ്രൂപ്പ് രാജിവയ്പ്പിച്ചു. തുടര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം വടക്കാഞ്ചേരിയിലും ഉപതിരഞ്ഞെടുപ്പ് നടന്നു. വടക്കാഞ്ചേരിയില്‍ നിന്ന് നിയമസഭയിലേക്ക് കെ.മുരളീധരനും മുകുന്ദപുരത്ത് നിന്ന് ലോക്സഭയിലേക്ക് പത്മജ വേണുഗോപാലും മത്സരിച്ചു. ഗ്രൂപ്പ് പോര് കണ്ടു മടുത്ത ജനം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 ല്‍ 19 ഇടത്തും യുഡിഎഫിനെ പരാജയപ്പെടുത്തി. ഇ.അഹമ്മദ് മാത്രമാണ് യുഡിഎഫില്‍ നിന്ന് വിജയിച്ചത്. വടക്കാഞ്ചേരിയില്‍ എ.സി.മൊയ്തീനോട് പരാജയപ്പെട്ട് മന്ത്രിയായിരിക്കെ തോല്‍ക്കുന്ന ആള്‍ എന്ന റെക്കോഡ് കെ.മുരളീധരന്‍ വാങ്ങിവച്ചു. മുരളിയുടെ മന്ത്രിസ്ഥാനം പോയി. കരുണാകരന്റെ സിറ്റിങ് സീറ്റായിരുന്ന മുകുന്ദപുരത്ത് ലോനപ്പന്‍ നമ്പാടനോട് ഒരു ലക്ഷം വോട്ടിന് പത്മജ അടിയറവ് പറഞ്ഞു.
പിന്നാലെ ഗ്രൂപ്പ് യുദ്ധം എല്ലാ പരിധികളും കടന്ന് പുറത്തേക്ക് വന്നു. 2005 മാര്‍ച്ച് എട്ടിന് കെ.മുരളീധരനെ പാര്‍ട്ടിയില്‍ സസ്പെന്‍ഡ് ചെയ്തു. പിന്നാലെ ആറുവര്‍ഷത്തേക്ക് പുറത്താക്കി. മേയ് ഒന്നിന് കെ.കരുണാകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു – നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര). കെ.മുരളീധരന്‍ പാര്‍ട്ടി അധ്യക്ഷനായി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആ പേര് അംഗീകരിച്ചില്ല. അങ്ങനെ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര, ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് (കരുണാകരന്‍) ആയി. 2005ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം ധാരണയായി മത്സരിച്ച് പലയിടുത്തും വിജയിച്ചു. തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രനെ പിന്തുണച്ച് വിജയിപ്പിച്ചും കോണ്‍ഗ്രസിനെ ഞെട്ടിച്ചു. ഇതിനിടെ, ടി.എം. ജേക്കബ്ബിന്‍റെ കേരളാ കോണ്‍ഗ്രസും ഡി.ഐ.സിയില്‍ ചേര്‍ന്നു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്ത് പ്രവേശനം കിട്ടാതായതോടെ യുഡിഎഫുമായി 18 സീറ്റില്‍ ധാരണയിലെത്തി മത്സരിച്ചു. കുട്ടനാട്ടില്‍ ഡിഐസിയുടെ തോമസ് ചാണ്ടി ഒഴികെ കെ.മുരളീധരന്‍ ഉള്‍പ്പെടെ എല്ലാവരും പരാജയപ്പെട്ടു. 2006 നവംബറില്‍ ഡി.ഐ.സി (കെ) എന്‍.സി.പിയില്‍ ലയിച്ചു. മുരളീധരന്‍ എൻസിപി സംസ്‌ഥാന പ്രസിഡന്റായി. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ പരാജയയപ്പെട്ടതോടെ 2009 ജൂലൈ 31നു എൻസിപി പ്രസിഡന്റ് സ്‌ഥാനം ഒഴിയാൻ തീരുമാനിച്ചതിനു തൊട്ടുപിന്നാലെ പുറത്താക്കി.
മുരളി കരഞ്ഞ നാളുകള്‍: എന്‍സിപി വിട്ട കെ.മുരളീധരന്‍ 20 മാസക്കാലം കോണ്‍ഗ്രസിലേക്കുള്ള മടക്കം ആഗ്രഹിച്ച് കാത്തുനിന്നു. താന്‍ മൂന്നുരൂപാ മെമ്പര്‍ഷിപ്പ് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ചെയ്തത് എല്ലാം മറന്ന് സ്വീകരിക്കണമെന്നും പറഞ്ഞ മുരളീധരന്‍ എത്രകാലം പുറത്തുനിര്‍ത്തിയാലും കാത്തിരിക്കുമെന്നും പലതവണ ആണയിട്ടു. മുരളി മടങ്ങിയെത്തും മുന്‍പെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ കെ.കരുണാകരനും മുരളിയുടെ മടങ്ങിവരവിനുള്ള ശ്രമങ്ങള്‍ നടത്തി. വി.എം.സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ നേതാക്കള്‍ സമ്മര്‍ദ്ദം ശക്തമാക്കിയെങ്കിലും കെ.പി.സി.സി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല എതിര്‍ത്തു.
രമേശിന്‍റെ എതിര്‍പ്പ് കടുത്തതോടെ മുരളിയുടെ പ്രവേശനവും നീണ്ടു. അങ്ങനെയിരിക്കെ 2010 ഡിസംബര്‍ 23ന് ലീഡര്‍ കെ.കരുണാകരന്‍ വിടവാങ്ങി. 2001ല്‍ കെ.മുരളീധരന്‍ കെപിസിസി അധ്യക്ഷനായിരിക്കെയാണ് ഇന്ദിരഭവനില്‍ പുതിയ കെട്ടിടം പണിതത്. എന്നാല്‍, അതിന്‍റെ ഉദ്ഘാടനത്തിന് മുന്‍പ് പാര്‍ട്ടിയില്‍ നിന്ന പുറത്തായ മുരളീധരന് പുതിയ കെട്ടിടം കാണാന്‍ അവസരം കിട്ടിയിരുന്നില്ല. അവിടേക്ക് മുരളി വീണ്ടും വന്നതാകട്ടെ പിതാവിന്‍റെ ഭൗതികദേഹത്തിനൊപ്പമാണ്. ലീഡര്‍ വിടവാങ്ങിയതോടെ മുരളിയെ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമായി. ഒടുവില്‍ സംസ്‌ഥാന ഘടകത്തിന് എതിർപ്പില്ലെന്നു പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കത്തുനൽകിയതിനു പിന്നാലെ 2011 ഫെബ്രുവരി 15 കെ.മുരളീധരന്‍ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി.
അന്ന് മുരളിയും പത്മജയും പറഞ്ഞത്: താൻ കോൺഗ്രസിൽ തിരിച്ചെത്തുന്നതിൽ ഏറ്റവുമധികം സന്തോഷിക്കേണ്ട ആൾ ജീവിച്ചിരിപ്പില്ലെന്നും അതിൽ ദുഃഖമുണ്ടെന്നും ആയിരുന്നു കെ. കരുണാകരനെ അനുസ്‌മരിച്ചുകൊണ്ട് കെ. മുരളീധരൻ അന്ന് പ്രതികരിച്ചത്. മുരളീധരന്‍റെ തിരിച്ചുവരവു കോൺഗ്രസിനു ഗുണം ചെയ്യുമെന്നും അതിൽ ഏറെ സന്തോഷമുണ്ടെന്നുമായിരുന്നു കോണ്‍ഗ്രസ് വിട്ടുപോകാതിരുന്ന പത്മജ വേണുഗോപാല്‍ അന്ന് നടത്തിയ പ്രതികരണം.