സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും ഗ്രീസിലെ വിവാഹത്തെ രൂക്ഷമായി വിമർശിച്ച് എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോ. ഗ്രീസിൽ കോടികൾ ചെലവാക്കി ആഡംബര ഹോട്ടലിൽ വിവാഹം നടത്തിയതിനെ ചോദ്യം ചെയ്ത വൈക്കോ ഡി.എം.കെയെയും രജനികാന്തിനെയും കടന്നാക്രമിച്ചു.
ചെന്നൈയിൽ കല്യാണ മണ്ഡപം ഇല്ലേയെന്നും തമിഴ്നാട്ടിൽ വിവാഹം നടത്താൻ സ്ഥലമില്ലേ എന്നും എന്തിനാണ് ഗ്രീസിലേക്ക് പോയി കോടികൾ ചെലവഴിച്ച് കല്യാണം നടത്തുന്നതെന്നും വൈക്കോ ചോദിച്ചു. നേരത്തെ ജയലളിതയുടെ വളർത്തുമകന്റെ വിവാഹത്തെ ഡി.എം.കെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നുവെന്നും ഇപ്പോൾ അതേ ഡി.എം.കെ നേതൃത്വം തന്നെ ഗ്രീസിലെ ആഡംബര വിവാഹത്തിൽ പങ്കെടുത്തത് ഇരട്ടത്താപ്പാണെന്നും വൈക്കോ പറഞ്ഞു.
തമിഴ്നാട്ടിൽ ഇത്രയധികം സ്ഥലങ്ങൾ ഉണ്ടായിട്ടും വിദേശത്ത് പോയി വിവാഹം നടത്തുന്നത് തമിഴ് സംസ്കാരത്തിന് ചേർന്നതല്ലെന്നും സാധാരണ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും വൈക്കോ കുറ്റപ്പെടുത്തി. കലാനിധി മാരന്റെ മകൾ കാവ്യ മാരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഡി.എം.കെ അധ്യക്ഷൻ MK. സ്റ്റാലിനും കുടുംബവും, നടൻ രജനികാന്തും കുടുംബവും ഗ്രീസിൽ പോയിരുന്നു
ഇന്നാണ് അനിരുദ്ധ് രവിചന്ദറിന്റെയും സൺ റൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യമാരന്റെയും വിവാഹ വിരുന്ന്. ചെന്നൈയിൽ വൈകീട്ട് ആറരയ്ക്ക് ഹോട്ടൽ ഐടിസി ഗ്രാൻഡ് ചോലയിൽ വച്ചാണ് റിസപ്ഷൻ. ബിജെപി-കോൺഗ്രസ് ദേശീയ നേതാക്കൾ, തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്, മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കേരളം മുഖ്യമന്ത്രി വി.ഡി സതീശൻ , തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങി പ്രമുഖർ ചടങ്ങിനെത്തും. രജനീകാന്ത്, ഷാറൂഖ് ഖാൻ ഉൾപ്പെടെയുള്ള സിനിമതാരങ്ങളും പങ്കെടുക്കും. ഈമാസം 11ന് ഗ്രീസിലെ ഏഥൻസിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം