2008ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്ത് നേരിട്ടതിനേക്കാൾ വലിയ തകർച്ചയിലാണ് ഇപ്പോൾ വെള്ളിവില. ഈ വർഷം ഇതുവരെ വിലയിൽ 63.24 ശതമാനം ഇടിവുണ്ടായി. 2026 ജനുവരി 29-ന് കിലോയ്ക്ക് 4,07,456 രൂപയായി റെക്കോർഡെത്തിയ വെള്ളി ഇപ്പോൾ 1,49,770 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ വില 26.24 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ഗ്രാമിന് കുറഞ്ഞത് 5 രൂപ. കഴിഞ്ഞ വർഷം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ തിളങ്ങിയ വെള്ളി ഇപ്പോൾ നിക്ഷേപകർക്ക് തിരിച്ചടിയായി മാറി. 2026 ജനുവരി 29-ന് ഒരു കിലോ വെള്ളി 4,07,456 രൂപയ്ക്ക് നിക്ഷേപമായി വാങ്ങിയവർക്ക് അതിന്റെ മൂല്യം ഇപ്പോൾ 1,49,770 രൂപ മാത്രമാണ്. അതായത് 2,57,686 രൂപയുടെ നഷ്ടം.
നിക്ഷേപകർക്ക് വൻ നഷ്ടം
ചരിത്രത്തിലാദ്യമായി ഒരു കിലോഗ്രാം വെള്ളിയുടെ വില മൂന്ന് ലക്ഷം കടന്നത് 2026 ജനുവരിയിലാണ്. ചില ദിവസങ്ങളിൽ കിലോയ്ക്ക് പതിനായിരം രൂപ വരെ വർധനയുണ്ടായി. ഗ്രീൻലൻഡ് സംബന്ധിച്ച തർക്കത്തെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ 25% തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയാണ് വില കുതിച്ചുയരാൻ കാരണമായത്. ട്രംപിന്റെ ഭീഷണി ആഗോള ഓഹരി വിപണികളിലുണ്ടാക്കിയ ആശങ്ക മൂലം നിക്ഷേപകർ ഏറ്റവും സുരക്ഷിത നിക്ഷേപമായ ലോഹങ്ങളിലേക്ക് മാറി. സ്വർണത്തേക്കാൾ വലിയ കുതിപ്പാണ് അന്ന് വെള്ളിവിലയിൽ അനുഭവപ്പെട്ടത്. 2024–2025 കാലഘട്ടത്തിൽ വെള്ളിവിലയിൽ 206% വർധനയാണ് ഉണ്ടായത്. സംസ്ഥാനത്ത് വെള്ളിവില ഗ്രാമിന് 305 രൂപവരെയായി. തൊട്ട് മുൻപത്തെ വർഷം ഗ്രാമിന് 95 രൂപയായിരുന്നു വില.
സ്വര്‍ണത്തെക്കാള്‍ വേഗത്തില്‍ വെള്ളി ഇടിയും
സ്വർണത്തെ പിന്തുടരുകയാണ് വെള്ളിയെങ്കിലും കയറ്റത്തിലും ഇറക്കത്തിലും സ്വർണത്തേക്കാൾ രണ്ട് മടങ്ങുവരെ വേഗത വെള്ളിക്കാണ്. 2026 ജനുവരിയിൽ നിന്ന് നവംബറിലേക്ക് എത്തുമ്പോൾ സ്വര്‍ണവില 29.3 ശതമാനം ഇടിഞ്ഞു. എന്നാൽ ഇതേ സമയത്ത് വെള്ളിവിലയിലുണ്ടായ ഇടിവ് 61 ശതമാനമാണ്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ സ്വര്‍ണവില പവന് 17,600 രൂപ കുറഞ്ഞപ്പോൾ വെള്ളിവിലയിലെ കുറവ് കിലോയ്ക്ക് 36,500 രൂപയാണ്. സ്വർണം ആഭരണങ്ങളായി സൂക്ഷിക്കുന്നതിനു പുറമെ നിക്ഷേപമായി സെൻട്രൽ ബാങ്കുകൾ ഇപ്പോഴും വാങ്ങാറുണ്ട്. ബാങ്കുകൾ വാങ്ങുന്നതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഇടിവ് പരിമിതമാണ്. എന്നാൽ വെള്ളി ഉല്പാദനത്തിന്റെ പകുതിയും ഉപയോഗിക്കുന്നത് വ്യവസായമേഖലയാണ്. ബാക്കി മാത്രമാണ് നിക്ഷേപമായും ആഭരണമായും മറ്റും എത്തുന്നത്. സോളാർ പാനലുകൾ, ഇവി, ഇലക്ട്രോണിക്സ്, എഐ ചിപ്പുകൾ എന്നിവയിൽ വെള്ളി ഉപയോഗിക്കുന്നു. വെള്ളിവില കൂടിയതോടെ വ്യവസായ മേഖല ബദല്‍ മാര്‍ഗങ്ങളിലേക്ക് തിരിഞ്ഞതും വിലയിടിവിന്റെ ആക്കംകൂട്ടി
വിലയിടിയാൻ കാരണങ്ങളേറെ
ലോകമെമ്പാടും സ്വർണത്തിനും വെള്ളിക്കും വില നിശ്ചയിക്കുന്നത് ഡോളറിലാണ്. ഡോളറിന്റെ മൂല്യം കൂടുമ്പോൾ മറ്റ് രാജ്യങ്ങൾക്ക് ലോഹങ്ങൾ വിലകൂടിയതാവുകയും ഡിമാൻഡ് കുറയുകയും ചെയ്യുന്നു. ഡിസംബറിൽ അമേരിക്കയിലെ കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന് വിപണി കണക്കുകൂട്ടുന്നു. സ്വർണത്തിനും വെള്ളിക്കും പലിശ ലഭിക്കാത്തതിനാൽ, നിരക്കുകൾ കൂടുമ്പോൾ നിക്ഷേപകർ ബോണ്ടുകളിലേക്കും എഫ്ഡികളിലേക്കും യുഎസ് ട്രഷറിയലേക്കും പണം മാറ്റുന്നു. ഇത് ലോഹങ്ങളുടെ ആകർഷണീയത കുറച്ചു. എഐ ഓഹരികൾ തകർന്നതോടെ നിക്ഷേപകർ നഷ്ടം നികത്താൻ പണം കണ്ടെത്താനായി സ്വർണവും വെള്ളിയും വിറ്റു. ഈ ആഴ്ച ഡോളറിനെതിരെ രൂപ 1.5 ശതമാനം മൂല്യവർധനവ് രേഖപ്പെടുത്തി. ഇന്ത്യ സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യുന്നതിനാൽ, രൂപ ശക്തമായാൽ ഇറക്കുമതി ചെലവ് കുറയുകയും ഇന്ത്യയിൽ വില കൂടുതൽ ഇടിയുകയും ചെയ്യും.