gold-price-fall
  • യുഎസ് ഡോളർ 19 മാസത്തെ ഉയരത്തിലെത്തിയതും ഡിസംബറിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുമെന്ന സൂചനകളുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തെ ഇടിച്ചത്.

വര്‍ഷത്തിന്‍റെ തുടക്കത്തില്‍ സര്‍വകാല റെക്കോര്‍ഡിലേക്ക് പോയ സ്വര്‍ണ വിലയാണ് ഇപ്പോള്‍ ലക്ഷത്തിനും താഴേക്ക് പോയിരിക്കുന്നത്. വലിയ ലാഭം കണ്ട് സ്വര്‍ണം വാങ്ങികൂട്ടിയ നിക്ഷേപകരുടെ നെഞ്ചിടിക്കുമ്പോള്‍ വിവാഹ സീസണില്‍ ലോട്ടറിയടിച്ച അവസ്ഥയിലാണ് ആഭരണം വാങ്ങാനിരിക്കുന്നവര്‍. ഇപ്പോള്‍ വില തീരുമാനിക്കുന്നത് അമേരിക്കന്‍ സമ്പദ്‍വ്യവസ്ഥയിലെ ചലനങ്ങളാണ്. അമേരിക്കയിലെ പണപ്പെരുപ്പവും യുഎസ് ഡോളറിന്‍റെ കരുത്തുമാണ് സ്വര്‍ണത്തെ വലിയ താഴ്ചയിലേക്ക് കൊണ്ടു ചെന്നെത്തിച്ചത്. 

Also Read: വീണ്ടും ഇടിഞ്ഞ് സ്വര്‍ണം! പവന് 95,840തിലേക്ക്; പോക്ക് എങ്ങോട്ട്?

ഇന്നു രാവിലെ സ്വർണവില ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയായി. പവന് 1880 രൂപ ഇടിഞ്ഞ് 95,840 രൂപയിലാണ് വ്യാപാരം. 18 കാരറ്റിന് ഗ്രാമിന് 195 രൂപ കുറഞ്ഞ് 9805 രൂപയിലെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം കേരളത്തിൽ പവന് 11,240 രൂപയാണ് കുറഞ്ഞത്. ഈ വില ഇനിയും കുറയാനുള്ള സാഹചര്യമാണ് വിപണിയിലുള്ളത്. 

രാജ്യാന്തര സ്വര്‍ണ വില ഇപ്പോള്‍ 14 മാസത്തെ താഴ്ചയിലാണ്. ഇന്ന് രാവിലെ 3693 ഡോളര്‍ വരെ താഴ്ന്ന രാജ്യാന്തര വില സ്വര്‍ണ വില 3759 ഡോളര്‍ വരെ എത്തിയെങ്കിലും ഇപ്പോള്‍ വീണ്ടും ഇടിവിലാണ്. പലിശ നിരക്ക് ഉയര്‍ത്തും എന്നുള്ള യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള നയസൂചനകളും ഡോളർ കരുത്താര്‍ജിക്കുന്നതുമാണ് സ്വര്‍ണത്തെ ഇടിക്കുന്നത്. ഒക്ടോബറിലെ ഫെഡ് മിനിറ്റ്സ് പ്രകാരം ഇനിയും പലിശ നിരക്ക് ഉയര്‍ത്തിയേക്കാം. അതേസമയം, ക്രൂ‍ഡ് ഓയില്‍ വില ഉയരുന്നത് പണപ്പെരുപ്പം ഭീഷണികൂട്ടുന്നു. ഇത് പലിശ നിരക്കിനെ സ്വാധീനിക്കും. 

അമേരിക്കയിലെ പണപ്പെരുപ്പം കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ നിയന്ത്രണത്തിലാക്കാന്‍ കൂടുതല്‍ പലിശ നിരക്കു വര്‍ധനവ് ആവശ്യമായി വന്നേക്കാം എന്നാണ് ഫെഡ് പ്രതിനിധികള്‍ കഴിഞ്ഞ യോഗത്തില്‍ പറഞ്ഞത്. ഡിസംബറിൽ പലിശനിരക്ക് അര ശതമാനം വര്‍ധിപ്പിക്കണം എന്നാണ് ഫെഡ് ഗവർണർ ക്രിസ്റ്റഫർ വാലറിന്‍റെ ആവശ്യം. ഒക്ടോബർ യോഗത്തിൽ പലിശനിരക്കുകൾ  മാറ്റമില്ലാതെനിലനിർത്തിയെങ്കിലും കമ്മിറ്റി അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ പ്രകടമായിരുന്നു. അതോടെ ഡിസംബര്‍ യോഗത്തില്‍ പലിശ കൂട്ടും എന്ന് ഉറപ്പായി. 

പലിശ കൂടുന്നത് സ്വര്‍ണത്തിന് അനുകൂലമായ കാര്യമല്ല. സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ വില കൂടിയാൽ മാത്രമേ നേട്ടം കിട്ടൂ. അതേസമയം ബോണ്ട്, ഡോളർ നിക്ഷേപങ്ങളിൽ പണമിട്ടാൽ ലാഭവിഹിതം, പലിശ തുടങ്ങിയ നേട്ടങ്ങളും കിട്ടും. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യതകളാണ് ബോണ്ടിനും ഡോളറിനും കരുത്താകുന്നത്. ഇതോടെ സ്വര്‍ണത്തെ നിക്ഷേപകര്‍ കൈവിടുന്നതാണ് ഇപ്പോഴത്തെ വിലയിടിവിനു പ്രധാനകാരണം. 

യുഎസ് ഡോളര്‍ 19 മാസത്തെ ഉയരത്തിലാണ്. ഡോളര്‍ ഉയരുമ്പോള്‍ ഡോളറില്‍ വ്യാപാരം നടക്കുന്ന സ്വര്‍ണം വാങ്ങാന്‍ ചെലവേറും. ഇതു സ്വര്‍ണവിലയിലെ ഇടിവിനൊരു കാരണമാണ്. ഇടിവ് തുടര്‍ന്നാല്‍ രാജ്യാന്തര വില 3,625 ഡോളറിലേക്ക് വീഴാം എന്നാണ് വിലയിരുത്തല്‍. ഇനിയും ഇടിവ് തുടര്‍ന്നാല്‍ 3,440 ഡോളറിലക്ക് വില എത്താം. അങ്ങനെയെങ്കില്‍ േകരളത്തില്‍ സ്വര്‍ണ വില 90,000 ഡോളറിനും താഴേക്ക് എത്താം. 

നിലവില്‍ രാജ്യാന്തര വില 3,673 ഡോളറിലാണ്. ഇതേ ഇടിവ് തുടരുകയാണെങ്കില്‍ നാളെയും കേരളത്തില്‍ സ്വര്‍ണ വില കുറയും. 

കാത്തിരിക്കാന്‍ ഉപഭോക്താക്കള്‍

കേരളത്തിലെ സ്വർണ വ്യാപാര മേഖല വിലക്കുറവിനെ പോസിറ്റീവ് ഘടകമായാണ് കാണുന്നത്. ഉയർന്ന വില കാരണം സ്വർണം വാങ്ങുന്നത് മാറ്റിവെച്ചിരുന്ന നിരവധി ഉപഭോക്താക്കൾ ഇപ്പോൾ വീണ്ടും ജ്വല്ലറികളിലേക്ക് എത്തുന്നുണ്ട്. വിവാഹ ആവശ്യങ്ങൾക്കും മറ്റ് കുടുംബ ആവശ്യങ്ങൾക്കുമായി സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് നിലവിലെ വിലക്കുറവ് വലിയ ആശ്വാസമാണ്. എന്നാൽ വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ വാങ്ങൽ മാറ്റിവെയ്ക്കുകയാണ് ഒരു വിഭാഗം ഉപഭോക്താക്കൾ.  

അന്താരാഷ്ട്ര വിപണിയിലെ ഇടിവ് തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിലക്കുറവ് പ്രതീക്ഷിച്ചാണ് ഇവർ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വില കുറഞ്ഞതിന്റെ ആനുകൂല്യം വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെങ്കിലും വ്യാപാരത്തിൽ പൂർണമായ ഉണർവ് ഉണ്ടായിട്ടില്ല.

ENGLISH SUMMARY:

Gold prices in Kerala have plummeted below the one-lakh mark, offering massive relief to wedding shoppers while worrying investors who bought the precious metal at record highs earlier this year. Today, gold prices dropped by ₹1,880 per sovereign to ₹95,840, bringing the total decline to ₹11,240 over the past two weeks alone. The sharp downturn is driven by a surging US dollar reaching a 19-month high and strong indications that the US Federal Reserve will hike interest rates in December to curb inflation. Market analysts predict that if international prices continue their downward slide, gold rates in Kerala could soon dip below ₹90,000 per sovereign, prompting many buyers to wait for further drops.