Lok Sabha LoP Rahul Gandhi during an open question-and-answer session with students and faculty, at University of Chicago, USA

  • 'രാജ്യാന്തര വേദികളില്‍ രാഹുലിന്‍റെ റോള്‍ മോഡല്‍ പാക്കിസ്ഥാനാണ്. റഷ്യ–യുക്രെയ്ന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യ നടത്തിയ ഇടപെടലുകള്‍ പാക്കിസ്ഥാന്‍ സ്നേഹം കാരണം രാഹുല്‍ മറന്നു'

നരേന്ദ്രമോദി സര്‍ക്കാരിന്‍റെ വിദേശനയത്തെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി പാക്കിസ്ഥാന്‍റെ ‘ഫാന്‍ ബോയ്’ ആണെന്ന് ബിജെപി. ബുധനാഴ്ച ഷിക്കാഗോ സര്‍വകലാശാല വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് രാഹുല്‍ മോദി സര്‍ക്കാരിന്‍റെ വിദേശനയത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയത്. രാജ്യാന്തര പ്രശ്നങ്ങളില്‍ ഇന്ത്യ കാഴ്ചക്കാരുടെ റോളിലേക്ക് മാറിയെന്ന് രാഹുല്‍ പറഞ്ഞു. യുഎസ്–ഇറാന്‍ തര്‍ക്കത്തില്‍ പാക്കിസ്ഥാന്‍ മധ്യസ്ഥരായത് ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. ഇതോടെയാണ് രാഹുലിനെതിരെ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രംഗത്തുവന്നത്.

പ്രദീപ് ഭണ്ഡാരി

രാഹുല്‍ ഗാന്ധി തികഞ്ഞ പാക്കിസ്ഥാന്‍ ആരാധകനാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ‘എക്സി’ല്‍ കുറിച്ചു. രാജ്യാന്തര വേദികളില്‍ രാഹുലിന്‍റെ റോള്‍ മോഡല്‍ പാക്കിസ്ഥാനാണ്. റഷ്യ–യുക്രെയ്ന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യ നടത്തിയ ഇടപെടലുകള്‍ പാക്കിസ്ഥാന്‍ സ്നേഹം കാരണം രാഹുല്‍ മറന്നുപോയെന്നും ഭണ്ഡാരി കുറ്റപ്പെടുത്തി. ഭീകരരാഷ്ട്രമായ പാക്കിസ്ഥാനോടുള്ള ആരാധന കാരണമാണ് മുംബൈ ആക്രമണത്തിനുശേഷം പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയാറാകാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാഹുല്‍ ഗാന്ധിയുടെ യുഎസ് പരിപാടിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ മുസ്‍ലിം കൗണ്‍സിലിലെ റഷീദ് അഹമ്മദ് പങ്കെടുത്തതിനെയും ഭണ്ഡാരി വിമര്‍ശിച്ചു. പാക്കിസ്ഥാനിലെ ജമാഅത്തെ ഇസ്‍ലാമിയുമായും മുസ്‍ലിം ബ്രദര്‍ഹുഡുമായും ബന്ധമുള്ളയാവാണ് റഷീദ് അഹമ്മദ് എന്നാണ് ഭണ്ഡാരിയുടെ വാദം. വിദേശത്ത് ഇന്ത്യക്കെതിരെ പ്രചാരണം നടത്തുന്നവര്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ കൂട്ടായ്മയുടെ ഭാഗമാകുമ്പോള്‍ രാഹുല്‍ ഇന്ത്യയുടെ ശത്രുക്കളുടെ പക്ഷത്താണെന്ന് വ്യക്തമല്ലേ എന്നും ഭണ്ഡാരി അധിക്ഷേപിച്ചു.

സി.ആര്‍. കേശവന്‍

രാജ്യാന്തരതലത്തില്‍ ഇന്ത്യയുടെ പേരും പ്രശസ്തിയും നശിപ്പിക്കാനാണ് രാഹുലിന്‍റെ ശ്രമമെന്ന് ബിജെപി വക്താവ് സി.ആര്‍.കേശവന്‍ പിടിഐയോട് പറഞ്ഞു. പാക്കിസ്ഥാന്‍റെ ചിയര്‍ലീഡറും പ്രചാരകനുമാണ് രാഹുല്‍ എന്നും അദ്ദേഹം ആരോപിച്ചു. രാഹുലിന്‍റെ പാര്‍ട്ടി നേതാക്കള്‍ പോലും മോദി സര്‍ക്കാരിന്‍റെ വിദേശനയത്തെ അനുകൂലിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ടെന്ന് കേശവന്‍ അവകാശപ്പെട്ടു. നിരുത്തരവാദിയും വിവേകശൂന്യനുമായ രാഹുലിനെക്കാള്‍ മികച്ച ഒരു പ്രതിപക്ഷനേതാവിനെ ഇന്ത്യ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ്–ഷി ചിന്‍പിന്‍–പുട്ടിന്‍ കൂടിക്കാഴ്ചയില്‍ മോദിയെ ഒപ്പം കൂട്ടാത്തതിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി ഇട്ട പോസ്റ്റാണ് കേശവനെ പ്രകോപിപ്പിച്ചത്. ‘കോണ്‍ഗ്രസായിരുന്നു അധികാരത്തിലെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഈ മേശക്കരികില്‍ ഇരിക്കുമായിരുന്നു. വിട്ടുവീഴ്ചയ്ക്ക് വിധേയനായ ഒരു പ്രധാനമന്ത്രിക്ക് ഒരിക്കലും ഈ മേശയ്ക്കരികില്‍ ഇരിക്കാന്‍ കഴിയില്ല’ എന്നാണ് രാഹുല്‍ പോസ്റ്റ് ചെയ്തത്. ഈ പരാമര്‍ശത്തോടെ നെഹ്റുവിന്‍റെ വിദേശ നയങ്ങളും അതിലെ പാളിച്ചകളും ചൂണ്ടിക്കാട്ടിയായിരുന്നു കേശവന്‍റെ പ്രതികരണം.

ENGLISH SUMMARY:

The BJP has launched a strong attack on Rahul Gandhi, calling him a "Pakistan fan boy" after he criticised the Narendra Modi government's foreign policy during an interaction with students at the University of Chicago. Rahul argued that India had become a spectator in international affairs, citing Pakistan's role as a mediator in the US-Iran conflict. BJP spokesperson Pradeep Bhandari accused Rahul of overlooking India's diplomatic interventions in the Russia-Ukraine conflict and alleged that his political associations included individuals linked to organisations in Pakistan. Another BJP spokesperson, C.R. Kesavan, accused Rahul of damaging India's global image and criticised his remarks about India's absence from a meeting involving Donald Trump, Xi Jinping and Vladimir Putin.