• തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നെങ്കിൽ ബഹിഷ്കരിച്ചുകൂടെ എന്ന യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ ചോദ്യത്തിന് മത്സരിക്കാതെ മാറിനിന്നാൽ ആ നിമിഷം ഇന്ത്യൻ ജനാധിപത്യം അവസാനിക്കുമെന്ന് രാഹുൽ ഗാന്ധി മറുപടി നൽകി.

യു.എസില്‍ പര്യടനം നടത്തുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേ തേടി യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ സംവാദത്തിനിടെ ഒരു ചോദ്യമെത്തി. ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നുവെന്ന് താങ്കളുടെ പാര്‍ട്ടി വിശ്വസിക്കുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചുകൂടെ എന്നായിരുന്നു ആ ചോദ്യം. വിഷയത്തില്‍ കൃത്യതയുള്ള മറുപടി രാഹുലിന്‍റെ കയ്യിലുണ്ടായിരുന്നു. 

ഞാന്‍ നിങ്ങള്‍ക്ക് കുറച്ചു വ്യക്തത തരാം എന്നു പറഞ്ഞാണ് രാഹുല്‍ ഗാന്ധി സംസാരിച്ചു തുടങ്ങിയത്. 2014 ല്‍ നരേന്ദ്രമോദി ആദ്യമായി പ്രധാനമന്ത്രിയായ തിരഞ്ഞെടുപ്പിലും സംശയങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ തെളിവുകളില്ലാത്തതിനാല്‍ ഒന്നും പറഞ്ഞില്ലെന്നും രാഹുല്‍ പറഞ്ഞു. 

'2014 ലെ തിരഞ്ഞെടുപ്പില്‍ എന്തോ പ്രശ്നമുണ്ടെന്ന് ഞങ്ങള്‍  വിശ്വസിച്ചിരുന്നു. വിജയ–പരാജയ മാര്‍ജിനുകള്‍ അവിശ്വസനീയമായതാണ് ഇതിനു കാരണം. എന്നാല്‍ ഞങ്ങളുടെ കയ്യില്‍ തെളിവില്ലാത്തതിനാല്‍ ഇക്കാര്യം രാഷ്ട്രീയമായി ഉന്നയിച്ചില്ല. തെളിവുകളുമായി കോണ്‍ഗ്രസിലെ നേതാക്കളോട് സംസാരിച്ചപ്പോള്‍ ഇങ്ങനെ പറയരുതെന്നായിരുന്നു മറുപടി'

ഇന്ത്യന്‍ ജനാധിപത്യം വിശുദ്ധമാണ്. ജനാധിപത്യത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് പറയാന്‍ പോലും 100-300 ശതമാനം തെളിവ് ആവശ്യമാണെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നിന്നാല്‍ ഇതോടെ ജനാധിപത്യം ഇല്ലാതാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പ്രതിപക്ഷ പ്രവര്‍ത്തകരോട് പറഞ്ഞാല്‍ എന്ത് സംഭവിക്കും. ആ നിമിഷം ഇന്ത്യൻ ജനാധിപത്യം അവസാനിക്കും. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഘടന അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ആ ചോദ്യത്തിന് രാഹുല്‍ ഗാന്ധിയുടെ മറുപടി. അതിനാൽ, എന്താണ് സംഭവിക്കുന്നതെന്ന് തുറന്നുകാട്ടുകയാണ് ഞങ്ങളുടെ തന്ത്രം എന്ന് രാഹുല്‍ പറഞ്ഞു. 

ENGLISH SUMMARY:

During an interaction at the University of Chicago, Leader of the Opposition in the Lok Sabha Rahul Gandhi was asked why his party does not boycott elections if it believes polls in India are rigged. Responding to the query, Gandhi stated that while the Congress had doubts about the 2014 general election due to unexplainable margins, they refrained from raising it politically due to a lack of concrete proof. Calling Indian democracy sacred, he emphasized that alleging flaws in the democratic process requires overwhelming proof and warned that boycotting polls would instantly destroy India's democratic structure. Instead of withdrawing from the electoral process, Gandhi asserted that the opposition's strategy is to remain in the fray and expose irregularities before the public.