• 'ബിജെപിയെ തോല്‍പ്പിക്കുകയെന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. സഖ്യത്തിന്‍റെ പരമായ ലക്ഷ്യവും അതാണെന്നിരിക്കെ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ വേണം തിരഞ്ഞെടുക്കാന്‍'

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്–സമാജ്​വാദി പാര്‍ട്ടി സഖ്യനീക്കത്തില്‍ തുടക്കത്തിലേ കല്ലുകടി. സീറ്റ് സംബന്ധിച്ച് സമാജ്​വാദി പാര്‍ട്ടി ഉറച്ച നിലപാട് തുടരുന്നതോടെയാണ് ധാരണ നീണ്ടുപോകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച സീറ്റുകള്‍ വിട്ടുനല്‍കേണ്ടതില്ലെന്നാണ് അഖിലേഷിന്റെയും സംഘത്തിന്‍റെയും തീരുമാനം. രണ്ടാമതെത്തിയ സീറ്റുകളും കോണ്‍ഗ്രസിന് നല്‍കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ ആത്മാഭിമാനം പണയപ്പെടുത്തി സഖ്യത്തിന് തങ്ങള്‍ തയാറല്ലെന്ന് കോണ്‍ഗ്രസ് നേതാക്കളും തുറന്നടിച്ചത്. 

സോണിയ ഗാന്ധിയുടെ പുസ്തക  പ്രകാശനത്തിന് അഖിലേഷ് എത്തിയപ്പോള്‍ രാഹുലും  പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുഭാഗത്ത് നിന്നും സമിതികള്‍ രൂപീകരിക്കാമെന്നും ചര്‍ച്ച നടത്താമെന്നും അതിന് ശേഷം അഖിലേഷും രാഹുലും പ്രിയങ്കയുമായി ചേര്‍ന്ന് തീരുമാനം കൈക്കൊള്ളാമെന്നുമുള്ള ധാരണയിലാണ് പിരിഞ്ഞത്. കെ.സി.വേണുഗോപാല്‍, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള രാജേന്ദ്ര ഗൗതം, സംസ്ഥാന പ്രസിഡന്‍റ് ആരാധന മോന മിശ്ര, ഇമ്രാന്‍ മസൂദ് എന്നിവരാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ച സമിതിയിലുള്ളത്. ഈ സമിതി തിങ്കളും, ചൊവ്വയും യോഗം ചേരും. 

എണ്ണമല്ല, ജയസാധ്യത മുഖ്യമെന്ന് എസ്പി

അതേസമയം, സീറ്റുകളുടെ എണ്ണമല്ല, ജയ സാധ്യത മാത്രമാണ് കണക്കിലെടുക്കുന്നതെന്നാണ് സമാജ്​വാദി പാര്‍ട്ടി പറയുന്നത്. 'ബിജെപിയെ തോല്‍പ്പിക്കുകയെന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. സഖ്യത്തിന്‍റെ പരമായ ലക്ഷ്യവും അതാണെന്നിരിക്കെ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ വേണം തിരഞ്ഞെടുക്കാന്‍' –സമാജ്​വാദി നേതാക്കള്‍ പറയുന്നു. ബിജെപിയില്‍ നിന്ന് ഉത്തര്‍പ്രദേശിനെ മോചിപ്പിക്കുകയെന്നതാണ് കാര്യം. സഖ്യത്തിലെ ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഏകാധിപത്യ, ധാര്‍ഷ്ട്യ, അഴിമതി സര്‍ക്കാരിനെ താഴെയിറക്കുക എന്നതിനാണ് ഊന്നല്‍ നല്‍കുന്നത് എന്നും നേതാക്കള്‍ വിശദീകരിക്കുന്നു. 

100 പ്ലസ് സീറ്റ് വേണമെന്ന് കോണ്‍ഗ്രസ്! 

നിലവിലെ എസ്പി എംഎല്‍എമാരുടെ സീറ്റുകള്‍ കോണ്‍ഗ്രസിന് കൈമാറുന്നത് ആലോചിക്കുന്നത് പോലുമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. 2022 ല്‍ 111 സീറ്റുകളിലാണ് സമാജ്​വാദി പാര്‍ട്ടി ജയിച്ചത്. 69 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ചയാകാമെന്നാണ് സമാജ്​വാദി പാര്‍ട്ടി നേതാക്കളുടെ നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 33 സീറ്റുകള്‍ ആര്‍എല്‍ഡിക്കും 17 രാജ്ഭറിന്‍റെ പാര്‍ട്ടിക്കും നാല് സീറ്റ് മറ്റുപാര്‍ട്ടികള്‍ക്കുമായി സമാജ്​വാദി പാര്‍ട്ടി നല്‍കിയിരുന്നു. ഇതില്‍ ജയന്ത് ചൗധരിയും ഓം പ്രകാശ് രാജ്ഭറും നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണ്. 

ആറ് ലോക്സഭ എംപിമാരാണ് ഇവിടെ നിന്നും കോണ്‍ഗ്രസിനുള്ളത്. ഇത് നിയമസഭ സീറ്റായി കണക്കിലാക്കിയാല്‍ 30 സീറ്റുകള്‍ മാത്രമാണ് വരിക.  അതില്‍ തന്നെ അമേഠിയിലെ രണ്ട് സീറ്റിലും ഗൗരിഗഞ്ചിലും സമാജ്​വാദി പാര്‍ട്ടി ജയിച്ച സ്ഥിതിക്ക് കോണ്‍ഗ്രസിന് ആ  പ്രതീക്ഷയും ഇല്ല. റായ്ബറേലിയിലെ ബച്റാവ​വ്ന്‍, സറേനി, ഹര്‍ചന്ദ്പുര്‍, ഉന്‍ചര്‍ നിയമസഭാ മണ്ഡലങ്ങള്‍ നിന്നും സമാജ്​വാദി പാര്‍ട്ടിയാണ് ജയിച്ചത്. കണക്കുകള്‍ ഇങ്ങനെയാണെന്നിരിക്കെ നൂറിന് മുകളില്‍ സീറ്റുകളാണ് കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായി പ്രതീക്ഷിക്കുന്നത്.

ENGLISH SUMMARY:

The proposed alliance between the Congress and the Samajwadi Party for the upcoming Uttar Pradesh Assembly elections is facing early challenges over seat-sharing arrangements. The Samajwadi Party, led by Akhilesh Yadav, has made it clear that it will not give Congress any constituency it won or finished second in during the 2022 Assembly elections. While the SP is reportedly open to discussions over around 69 seats, Congress is seeking more than 100 constituencies, leading to differences between the two parties. Both sides are forming negotiation committees to resolve the deadlock, with the stated common objective of defeating the BJP in Uttar Pradesh.