പത്മജ വേണുഗോപാല്‍ ബിജെപി വിട്ടു. രാജിക്കത്ത് ഇമെയിലായി കൈമാറി. ബിജെപിയില്‍ പോയത് തെറ്റായെന്ന് പത്മജ പ്രതികരിച്ചു.രാജിക്കാര്യം സംസാരിച്ചത് സഹോദരന്‍ കെ.മുരളീധരനോട് മാത്രമെന്നും പത്മജ പറഞ്ഞു . മുരളീധരൻ സഹോദരിയെ കോൺഗ്രസിലേക്ക് തിരികെ സ്വാഗതം ചെയ്തു.

ബിജെപിയിൽ തുടരുന്നതിനാൽ കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ ഒറ്റപ്പെടുന്നു എന്നതാണ് പത്മജ കാരണമായി പറഞ്ഞത്. പത്മജയുടെ താൽപര്യം പോലെ തീരുമാനിക്കാം എന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ മറുപടി.

Also read: ബിജെപിയുമായുള്ള ബന്ധം കുടുംബബന്ധം ഇല്ലാതാക്കുന്നു; നേതൃത്വം ഒറ്റപ്പെടുത്തി: പത്മജ

2024 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കി ബിജെപി കൂടാരത്തിൽ എത്തിയ പത്മജാ വേണുഗോപാൽ അവിടെനിന്ന് തിരിച്ചിറങ്ങി. രാജിക്കാര്യം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെ ഫോണിലൂടെ അറിയിച്ചു. ബിജെപിയിൽ തുടരുന്നതിനാൽ കുടുംബത്തിൽ ഒറ്റപ്പെടുന്നുവെന്നാണ് പത്മജയുടെ പരാതി. അതിൽ തനിക്ക് മാനസിക വിഷമം ഉണ്ടെന്നും അറിയിച്ചു. കുടുംബ പ്രശ്നമായതിനാൽ പത്മജയുടെ താൽപര്യം പോലെ തീരുമാനമെടുക്കാനാണ് രാജീവ് മറുപടി നൽകിയത്. പിടിച്ചുനിർത്താൻ ഇനി ചർച്ചകൾ ഇല്ല.  

കുടുംബ പ്രശ്നമാണ് ഔദ്യോഗികമായി പറയുന്നതെങ്കിലും ബിജെപിയിൽ കാര്യമായ പരിഗണന കിട്ടാത്തതും രാജിക്ക് കാരണമായിട്ടുണ്ട്. സംസ്ഥാന കോർ കമ്മിറ്റിയിലെ ക്ഷണിതാവിന് അപ്പുറം ഔദ്യോഗിക സ്ഥാനങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഗവർണർ സ്ഥാനം അടക്കം പറഞ്ഞു കേട്ടിരുന്നെങ്കിലും കിട്ടിയില്ല. ഇതോടെ കോൺഗ്രസ് വിട്ടപ്പോൾ കുടുംബത്തിൽ ഒറ്റപ്പെടുക മാത്രമല്ല ചെന്ന് കയറിയ ബിജെപിയിലും ഒറ്റപ്പെട്ടു എന്ന അവസ്ഥയിലായിരുന്നു പത്മജ വേണുഗോപാൽ.

ENGLISH SUMMARY:

Padmaja Venugopal quits BJP highlights the sudden resignation of the leader from the party due to isolation and lack of recognition. She sent her resignation via email after expressing her distress to state leadership and discussing the matter with her brother K. Muraleedharan.