ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സീറ്റുമോഹങ്ങള്‍ പൊളിച്ച് സമാജ്‍വാദി പാര്‍ട്ടി. 181 സീറ്റുകളില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുമ്പോള്‍ വെറും 24 സീറ്റുകളാണ് സമാജ്‍വാദി പാര്‍ട്ടി ആദ്യഘട്ട ചര്‍ച്ചയില്‍ മുന്നോട്ട് വെയ്‌ക്കുന്നത്. 2022 ലെ യുപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് 20,000 ത്തില്‍ കൂടുതല്‍ വോട്ടു ലഭിച്ച സീറ്റുകളാണിവ. കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കണമെങ്കില്‍ ചര്‍ച്ചകളില്‍ വലിയ വിലപേശല്‍ കോണ്‍ഗ്രസ് നടത്തേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
Also Read: ജയിക്കുകയോ രണ്ടാമതെത്തുകയോ ചെയ്ത സീറ്റ് കോണ്‍ഗ്രസിന് നല്‍കില്ല; കടുപ്പിച്ച് സമാജ്‍വാദി പാര്‍ട്ടി
2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് 20,000-ത്തിലധികം വോട്ടുകൾ ലഭിച്ച 21 നിയമസഭാ സീറ്റുകളെ ചുറ്റിപ്പറ്റിയായിരിക്കും ഇരു പാർട്ടികളും തമ്മിലുള്ള ആദ്യ റൗണ്ട് ചർച്ചകൾ നടക്കുക. 20,000 വോട്ടിന് അടുത്ത് എത്തിയ നാല് സീറ്റുകൾ കൂടി ഉൾപ്പെടുത്തിയാണ് 24 സീറ്റുകളുടെ പട്ടിക തയ്യാറാക്കിയത്. ഈ 21 സീറ്റുകളില്‍ എസ്‍പിയുടെ സിറ്റിങ് എംപിമാരുള്ള സീറ്റുകള്‍ പാര്‍ട്ടി നിലനിര്‍ത്തും. ഇവയ്ക്ക് പകരമായി കോണ്‍ഗ്രസിന് 10,000-20,000 ഇടയില്‍ വോട്ട് ലഭിച്ച സീറ്റുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നാണ് വിവരം.
അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച സീറ്റുകള്‍ വിട്ടുനല്‍കേണ്ടതില്ലെന്നാണ് അഖിലേഷിന്റെയും സംഘത്തിന്‍റെയും തീരുമാനം. രണ്ടാമതെത്തിയ സീറ്റുകളും കോണ്‍ഗ്രസിന് നല്‍കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റു നേടാന്‍ കടുത്ത വിലപേശല്‍ ആവശ്യമായി വരും.
തിങ്കളാഴ്ച സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിനിടെ ഇരു പാര്‍ട്ടികളും തമ്മിവുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ അഭിലേഷ് യാദവ് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. സീറ്റ് ചര്‍ച്ചയ്ക്കായി കെ.സി.വേണുഗോപാല്‍, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള രാജേന്ദ്ര ഗൗതം, സംസ്ഥാന പ്രസിഡന്‍റ് ആരാധന മോന മിശ്ര, ഇമ്രാന്‍ മസൂദ് എന്നിവരടങ്ങുന്ന സമതി കോണ്‍ഗ്രസ് രൂപീകരിച്ചിട്ടുണ്ട്. നവംബർ 23, 24, 25 തീയതികളിൽ എസ്പി നേതാക്കളുമായി സീറ്റ് വിഭജന ചർച്ചകൾ നടക്കും.
403 സീറ്റുകളുള്ള യുപി അസംബ്ലി തിരഞ്ഞെടുപ്പില്‍ 181 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതെന്ന് നേരത്തെ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഇതില്‍ എസ്പിയുടെ രണ്ട് സിറ്റിങ് സീറ്റും ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, 2022 ലെ തിരഞ്ഞെടുപ്പില്‍ വെറും രണ്ടു സീറ്റു മാത്രമാണ് കോണ്‍ഗ്രസിനു ജയിക്കാനായത്.