വിഡിയോയില്‍ നിന്നുള്ള ചിത്രം

വിവാഹാഘോഷത്തിനിടെ അത്യുച്ചത്തില്‍ വച്ച ഡിജെ സംഗീതം കേട്ട് തൊട്ടടുത്ത ഫാമിലെ 140കോഴികള്‍ ചത്തതായി റിപ്പോര്‍ട്ട്. ഉത്തർപ്രദേശിലെ സുൽത്താൻപുര്‍, ദരിയാപുര്‍ ഗ്രാമത്തിലാണ് സംഭവം. ഡിജെയില്‍ നിന്നുള്ള ഉയര്‍ന്ന ശബ്ദവും പ്രകമ്പനവും മൂലമാണ് കോഴികള്‍ ചത്തതെന്ന് ഫാം ഉടമ ആരോപിക്കുന്നു.

ഏപ്രില്‍ 25നാണ് സംഭവം നടന്നത്. ഫാമിന് സമീപത്തുകൂടി വിവാഹഘോഷയാത്ര കടന്നുപോയപ്പോള്‍ തന്റെ ഫാമിലെ കോഴികള്‍ക്ക് വല്ലാത്ത പരിഭ്രാന്തിയും ഹൃദയാഘാതവും ഉണ്ടായെന്നാണ് ഫാം ഉടമ സാബിര്‍ അലി, ബൽദിരായ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡിജെ കേട്ടയുടന്‍ കോഴികളെല്ലാം കൂടി ബഹളം വയ്ക്കാനും പറക്കാനും മറ്റും ശ്രമിച്ചതായി സാബിര്‍ അലി പറയുന്നു. ഇതിനിടെ 140 കോഴികള്‍ ചത്തുപോയതായും തനിക്ക് നഷ്ടപരിഹാരം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. കേസന്വേഷിച്ച സബ് ഇൻസ്പെക്ടർ ഭരത് സിങ് പാർസിപൂർ സ്വദേശിയായ കവി യാദവ് എന്ന ഡിജെ ഓപ്പറേറ്റർക്കെതിരെ കേസെടുത്തു.

ഉയര്‍ന്ന ശബ്ദങ്ങളും കോലാഹലങ്ങളും പൊതുവേ പക്ഷികളിലും മൃഗങ്ങളിലും കടുത്ത സമ്മര്‍ദ്ദങ്ങളുണ്ടാക്കാറുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനുമുൻപും സമാനമായ രീതിയിൽ ഒഡീഷയിലും മറ്റും ഡിജെ കേട്ട് കോഴികൾ കൂട്ടത്തോടെ ചത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷികള്‍ക്കുള്‍പ്പെടെ ശബ്ദത്തോടുള്ള സെന്‍സിറ്റിവിറ്റി കൂടുതലായതിനാല്‍ ഉച്ചത്തിലുള്ള ശബ്ദം അവയുടെ നാഡീവ്യൂഹത്തെ തകരാറിലാക്കിയേക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കോഴികള്‍ ചത്തതിന്റെ യഥാർത്ഥ കാരണം കണ്ടെത്താനും ഘോഷയാത്രയിലെ അമിത ശബ്ദം കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കാനും അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 

Loud DJ Music Leads to Mass Chicken Deaths:

Chicken death due to loud DJ music at a wedding has been reported. This incident, which occurred in Sultanpur, Uttar Pradesh, highlights the sensitivity of birds to high-decibel sounds.