Chief Electoral officer Uttar Pradesh, Navdeep Rinwa
2026-ലെ വോട്ടർ പട്ടികയിൽ വിചിത്രമായ ചില എൻട്രികൾ ശ്രദ്ധ നേടുന്നു. ഉത്തർപ്രദേശിലെ അലഹബാദ്–ഝാൻസി മണ്ഡലത്തിലെ പട്ടികയിലാണ് ‘റാം നേ ശർമ്മ കോ മാരാ’, ‘ബി.കോം’, ‘മൂർഖ് കാളി ദേവി’, ‘ഫൈസ് അബ്ബാസ് നേ കഹാ’, ‘ഇർഫാൻ അലി നേ കഹാ’ തുടങ്ങിയ എൻട്രികളുള്ളത്.
ഒരു വോട്ടറുടെ പിതാവിന്‍റെ പേരിനുള്ള കോളത്തിൽ ‘B.Com’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടർ പട്ടികയിലെ വിവരങ്ങളുടെ കൃത്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ സംഭവത്തിൽ തിരഞ്ഞെടുപ്പ് അധികൃതർ വിശദീകരണം തേടിയതായും റിപ്പോർട്ടുകളുണ്ട്. ഈ എൻട്രികളുടെ ഹിന്ദി അർഥം പരിശോധിക്കുമ്പോൾ അവയുടെ വിചിത്ര സ്വഭാവം വ്യക്തമാകും. ‘റാം നേ ശർമ്മ കോ മാരാ’ എന്നതിന്റെ അർഥം ‘റാം ശർമയെ അടിച്ചു’ എന്നാണ്. ‘ഫൈസ് അബ്ബാസ് നേ കഹാ’, ‘ഇർഫാൻ അലി നേ കഹാ’ എന്നീ വാചകങ്ങളുടെ അർഥം യഥാക്രമം ‘ഫൈസ് അബ്ബാസ് പറഞ്ഞു’, ‘ഇർഫാൻ അലി പറഞ്ഞു’ എന്നിങ്ങനെയാണ്.
എന്നാൽ, ഈ എൻട്രികൾ യഥാർഥ വ്യക്തികളുടെ പേരുകളാണോ, അപേക്ഷകളിൽ രേഖപ്പെടുത്തിയ പിശകുകളാണോ, അതോ ഡാറ്റാ എൻട്രിയിലെ തെറ്റുകളാണോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ നവദീപ് റിൻവ വിഷയത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറോട് (ERO) റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലത്തിന്റെ ചുമതല ഝാൻസി ഡിവിഷണൽ കമ്മീഷണർക്കാണ്. സംശയാസ്പദമായ എൻട്രികൾ എങ്ങനെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടുവെന്നും അവയ്ക്കു പിന്നിൽ പിഴവുകളോ മറ്റ് കാരണങ്ങളോ ഉണ്ടോയെന്നും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.
അതേസമയം, അലഹബാദ്–ഝാൻസി മണ്ഡലത്തിലും മറ്റ് മണ്ഡലങ്ങളിലും ഒരേ വ്യക്തിയുടെ പേര് ഒന്നിലധികം തവണ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി 2026 ഒക്ടോബർ 21-ന് ചീഫ് ഇലക്ടറൽ ഓഫീസർക്ക് നിവേദനം നൽകിയിരുന്നു.