ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് 1,700 അടി ഉയരമുള്ള മലമുകളിൽനിന്ന് ചാടി യുവാവ് ജീവനൊടുക്കിയ സംഭവം ഗുജറാത്തിൽ വലിയ വാർത്തയായിരിക്കുകയാണ്. മരണത്തിന് തൊട്ടുമുൻപ് ചിത്രീകരിച്ച 13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

താനെ, പൂനെ, അഹല്യാനഗർ ജില്ലകളുടെ അതിർത്തിയോട് ചേർന്നുകിടക്കുന്ന ഹരിശ്ചന്ദ്രഗഡിലെ കൊങ്കൺകഡ മലഞ്ചെരുവിൽ ഒക്ടോബർ 12-നായിരുന്നു സംഭവം. 1,700 അടി ഉയരമുള്ള കുത്തനെയുള്ള പാറക്കെട്ടിൽനിന്ന് താഴേക്ക് ചാടിയാണ് വിശ്വരാജ് ഗോഹിൽ ജീവനൊടുക്കിയത്. മരണത്തിന് തൊട്ടുമുൻപ് ചിത്രീകരിച്ച വീഡിയോയിലെ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഭാവ്നഗറിലെ ചിത്ര അഖണ്ഡ് ആനന്ദ് സൊസൈറ്റി നിവാസിയാണ് വിശ്വരാജ്‌സിങ് ഗോഹിൽ. ഗാർഹികപീഡനവുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498എ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഭൂരിഭാഗം കേസുകളും വ്യാജമാണെന്നും വിശ്വരാജ് വീഡിയോയിൽ ആരോപിക്കുന്നു. ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പീഡനവും വ്യാജപരാതികളും കാരണം താനും അമ്മയും പ്രായപൂർത്തിയാകാത്ത സഹോദരനും നിരപരാധികളായിട്ടും പ്രതിക്കൂട്ടിലായെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കൗൺസലിങ്ങിലും ഒത്തുതീർപ്പ് ചർച്ചകളിലും നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

പുരുഷന്മാരെ മാനസികമായും സാമ്പത്തികമായും തകർക്കുന്ന ഇത്തരം വ്യാജക്കേസുകൾ തടയാൻ നിയമത്തിൽ അടിയന്തര മാറ്റം വരുത്തണമെന്നും തന്നെപ്പോലെ മറ്റാർക്കും ഈ ഗതി വരാതിരിക്കാൻ അധികാരികൾ നിയമപരിഷ്കരണം നടത്തണമെന്നും വിശ്വരാജ് ആവശ്യപ്പെടുന്നു. തന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം വീഡിയോയിലൂടെ അഭ്യർഥിക്കുന്നുണ്ട്.

സംഭവത്തിനു പിന്നാലെ, സ്ത്രീസംരക്ഷണ നിയമങ്ങളുടെ മറവിൽ നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്നും പുരുഷന്മാർ നേരിടുന്ന മാനസികസംഘർഷങ്ങൾ സമൂഹം തിരിച്ചറിയണമെന്നും ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഒട്ടേറെപ്പേര്‍ പ്രതികരിക്കുന്നുണ്ട്.

ENGLISH SUMMARY:

Harishchandragad suicide video of Vishwaraj Gohil highlights the alleged misuse of Section 498A and domestic violence laws in India. The tragic incident from Gujarat has sparked widespread online discussions regarding men's rights and legal reforms.