എഐ പ്രതീകാത്മക ചിത്രം
ഭാര്യയുടെ തലയറുത്ത് വീടിനോട് ചേര്‍ന്ന പൂജാസ്ഥലത്തു വച്ച പ്രതി പിതാവിനേയും വെട്ടിക്കൊന്നു. പശ്ചിമബംഗാളിലെ ബങ്കുര ജില്ലയിലാണ് സംഭവം. മംഗള്‍ ചൗധരിയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായത്. മംഗളിന്‍റെ ഭാര്യ റുംപാ ചൗധരി(39), പിതാവ് രാജേന്ദ്ര ചൗധരി( 60) എന്നിവരാണ് കൊല്ലപ്പെട്ടത്.
Also Read: കടത്തിണ്ണയില്‍ ലൈംഗികബന്ധം; കുഞ്ഞിനെ കൊന്നതും അതേ സ്ഥലത്ത്, അഴിയുന്ന ചുരുളുകള്‍
തിങ്കളാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. സോനംമുഖി പൊലീസ് സ്റ്റേഷന്റെയും പശ്ചിമ ബർധമാൻ ജില്ലയിലെ കാൻക്‌സ പൊലീസ് സ്റ്റേഷന്റെയും അതിർത്തിയിലുള്ള ദാമോദർ നദിക്കരയിലെ ലാൽ ബാബ മാണാചർ മേഖലയിലാണ് സംഭവം. ഭാര്യയുടെ തലയറുത്ത ശേഷം വീട്ടിലെ പൂജ നടത്തുന്ന സ്ഥലത്തിനു മുന്‍പിലെ ത്രിശൂലത്തിനരികില്‍ വച്ചെന്നാണ് പുറത്തുവരുന്ന വിവരം.
പിന്നാലെ മുറ്റത്തുവച്ച് പ്രതി പിതാവിനേയും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം ആയുധവുമായി ഗ്രാമത്തിലൂടെ പരിഭ്രാന്തി പരത്തി ചുറ്റിനടന്നെന്നും പ്രദേശവാസികള്‍ പറയുന്നു. ആക്രമണത്തിനിടെ മംഗളിന്‍റെ ഒരു വിരലിനു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സോനംമുഖി, കാന്‍ക്സ സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
അതേസമയം കൊലപാതകത്തിനു ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടോ എന്ന കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയും ഭാര്യയും വീട്ടില്‍ പതിവായി പൂജകള്‍ നടത്തിയിരുന്നതായി സമീപവാസികള്‍ പറയുന്നുണ്ട്. പൂജകള്‍ നടത്താനായി മറ്റൊരാള്‍ പതിവായി ഇവരുടെ വീട്ടിലെത്തിയിരുന്നതായും ഇവര്‍ സ്ഥിരീകരിക്കുന്നു. ബന്ധുക്കളില്‍ നിന്നും ഗ്രാമവാസികളില്‍ നിന്നും മൊഴിയെടുക്കുകയാണ് പൊലീസ്.