പത്തനംതിട്ട പുളിക്കീഴിലെ ചതുപ്പിൽ മൂന്ന് വർഷം മുൻപ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞതിനു പിന്നാലെ നടുക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തമിഴ്നാട്ടുകാരിയായ അമ്മ കഴിഞ്ഞ ദിവസം അറസ്റ്റിലായി. അമ്മയുടെ കാമുകന് ശിവയെ കണ്ടെത്താന്‍ പൊലീസ് വിപുലമായ തിരച്ചില്‍ നടത്തിവരികയാണ്.
2023 ഓഗസ്റ്റ് 12നാണ് പത്തനംതിട്ട പുളിക്കീഴിലെ ചതുപ്പിൽ കുഞ്ഞിന്റെ കയ്യില്ലാത്ത മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായതായി പരാതികളൊന്നും ലഭിക്കാത്തതിനാലും പിന്തുടരാന് തക്ക തെളിവുകള്‍ ലഭിക്കാത്തതുകൊണ്ടും അന്വേഷണം വഴിമുട്ടി. ഏത് കുറ്റകൃത്യത്തിലും ഒരു വീഴ്ചയുണ്ടാകും, അത് എന്നെങ്കിലും പുറത്തുവരും എന്ന വിശ്വാസം ഒരുപാട് കേസുകളില്‍ യാഥാര്‍ഥ്യമായിട്ടുണ്ട്. അതുതന്നെയാണ് ഈ കേസിലും വഴിത്തിരിവുണ്ടാക്കിയത്.
Also Read: ലൈംഗിക വേഴ്ചയ്ക്കിടെ കുഞ്ഞ് കരഞ്ഞു; കാമുകന് ശ്വാസംമുട്ടിച്ച് കൊന്നു; കുഞ്ഞിന്റെ മരണത്തില്‍ ട്വിസ്റ്
അടുത്തിടെ പാലക്കാട് മീനാക്ഷിപുരം പൊലീസ് സ്റ്റേഷനില്‍ വന്ന ഒരു കേസിലെ മൊഴി പൊലീസിനെ അമ്പരപ്പിച്ചു. നാടോടികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് ഒരു സ്ത്രീയും പുരുഷനും തമ്മിലുണ്ടായ വഴക്കാണ് വഴിത്തിരിവായത്. വഴക്കിനിടെ അവര്‍ കുട്ടിയെ കൊന്ന കാര്യം പറഞ്ഞ് തര്‍ക്കിച്ചു. അത് അയല്‍വാസികളില്‍ ഒരാള്‍ കേട്ടു. അതയാള്‍ എസ്.സി പ്രൊമോട്ടറെ അറിയിച്ചു. തുടര്‍ന്ന് എസ്.സി പ്രൊമോട്ടര്‍ നടത്തിയ നീക്കമാണ് കൊലപാതക കഥയുടെ ചുരുളഴിച്ചത്. നാടോടിസ്ത്രീയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത് തമിഴ്നാട്ടിലാണ്. എസ്സി പ്രമോട്ടര്‍ അവിടെയെത്തി കുടുംബത്തെ സമീപിച്ച് കണക്കെടുപ്പ് നടത്തിയപ്പോള്‍ ഒരു കുഞ്ഞിനെ കാണാനില്ലെന്ന് ബോധ്യപ്പെട്ടു.
പാലക്കാട് സ്വദേശിയായ പ്രമോട്ടര്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പുളിക്കീഴില്വച്ച് ഒരു കുട്ടി മരണപ്പെട്ട വിവരം അറിയുന്നത്. കുട്ടിക്കെന്തു സംഭവിച്ചെന്ന് അമ്മയോട് ചോദിച്ചു. അമ്മയെ പലതവണ കൗണ്‍സിലിങ്ങിന് വിധേയയാക്കി. ഒടുവില്‍ അവര്‍ പറഞ്ഞു, ‘ശിവയാണ് കുട്ടിയെ കൊന്നത്’. പുളിക്കീഴിലും ആലപ്പുഴയിലും താമസിക്കുന്ന സമയത്ത് കുട്ടിയുടെ അമ്മയ്ക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്താണ് ശിവ. വിവരം ഉറപ്പിച്ചതോടെ എസ്.സി പ്രമോട്ടര്‍ പുളിക്കീഴ് പൊലീസിനെ വിവരം അറിയിച്ചു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അമ്മയെ ചോദ്യംചെയ്തുവരികയാണ്. ശിവയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
നാടോടികൾ ആയതുകൊണ്ട് ഇവർക്ക് കൃത്യമായ മേൽവിലാസം ഇല്ലായിരുന്നു. കേരളത്തിൽ പലയിടത്തും പഴയ സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന സംഘമായിരുന്നു. ആലപ്പുഴയിൽ എത്തിയപ്പോഴാണ് യുവതി ശിവയെകണ്ടുമുട്ടുന്നത്. പിന്നീട് ഇവർ ചങ്ങനാശ്ശേരിയിലെത്തി. ഒപ്പമുണ്ടായിരുന്ന കാമുകനുമായി ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപത്തെ കടത്തിണ്ണയില്വച്ച് ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടു. ഈ സമയത്ത് കുഞ്ഞ് കരഞ്ഞതോടെ ശിവ നിയന്ത്രണം വിട്ട് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അമ്മയുടെ മൊഴി.
കാമുകൻ കുട്ടിയുടെ മൂക്കും വായും പൊത്തിപ്പിടിച്ചും കഴുത്തു ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ തന്റെ സഹോദരന് ശക്തിയെ വിളിച്ചുവരുത്തി. മൃതദേഹം പത്തനംതിട്ട പുളിക്കീഴിൽ എത്തിച്ചു. ചതുപ്പ് നിലത്ത് കുഴിയെടുത്ത് കുഞ്ഞിനെ അതിലിട്ട് മൂടുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് ദുർഗന്ധം പരന്നപ്പോള്‍ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് കൈപ്പത്തിയും കാലും ഇല്ലായിരുന്നു. കേസിൽ പരാതിയോ മിസ്സിംഗ് കേസുകളോ രജിസ്റ്റർ ചെയ്യാഞ്ഞതിനാൽ പൊലീസിന് മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങളും ഇല്ലായിരുന്നു. കഴിഞ്ഞദിവസം പാലക്കാട് പൊലീസ് അന്വേഷിച്ചു വന്നപ്പോഴാണ് കുട്ടിയുടെ മരണവുമായി സാമ്യം ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് അമ്മ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി കുട്ടിയുടെ അമ്മയുമായി മൃതദേഹം മറവുചെയ്ത സ്ഥലത്ത് തെളിവെടുപ്പ് നടത്തി. കാമുകന് ശിവയെയും അയാളുടെ സഹോദരന് ശക്തിയെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്