jeethu-munda

TOPICS COVERED

ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ മരിച്ചുപോയ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ വയോധികന് ഒടുവിൽ ആശ്വാസം. സഹോദരിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന തുക ഒഡീഷ ഗ്രാമീൺ ബാങ്ക് കൈമാറി. ഒഡീഷയിലെ ക്യോൻജാർ ജില്ലയിലാണ് സംഭവം കേന്ദുഛർ സ്വദേശി ജീത്തു മുണ്ടയ്ക്കാണ് സഹോദരി കൽറ മുണ്ടയുടെ അക്കൗണ്ടിലുണ്ടായിരുന്ന 19,000 രൂപ ബാങ്ക് തിരികെ നൽകിയത്. 

തുക കിട്ടാൻ സഹോദരിയുടെ കുഴിമാടം തോണ്ടി അസ്ഥികൂടവുമായി ബാങ്കിലെത്തേണ്ടി വന്ന ജീത്തുവിന്റെ അവസ്ഥ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. സഹോദരിയുടെ പണം ചോദിച്ച് ബാങ്കിലെത്തിയെങ്കിലും അക്കൗണ്ട് ഉടമ നേരിട്ടു വരാതെ പണം നൽകാനാവില്ലെന്ന് ബാങ്ക് പറഞ്ഞതിന് പിന്നാലെയാണ് ജീത്തു അസ്ഥികൂടവുമായി ബാങ്കിൽ എത്തിയത്. 

നിരക്ഷരനായ ആദിവാസി വയോധികനാണ് ജീത്തു. എന്നാൽ ജീത്തു മദ്യപിച്ചാണ് ബാങ്കിലെത്തിയതെന്നും മരിച്ച വ്യക്‌തിയുടെ അക്കൗണ്ടിലെ പണം നോമിനിക്ക് മാത്രമേ ചട്ടങ്ങൾ പാലിച്ചു നൽകാനാകൂ എന്നു പറഞ്ഞിട്ടും അദ്ദേഹത്തിന് അത് മനസ്സിലായില്ലെന്ന് ഗ്രാമീൺ ബാങ്ക് പിന്നീട് വിശദീകരിച്ചിരുന്നു. ഇക്കാര്യം അംഗീകരിക്കാൻ ജീത്തു തയാറായില്ലെന്നും ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. 

രണ്ട് മാസം മുൻപാണ് ജീത്തുവിന്റെ സഹോദരി മരിച്ചത്. സഹോദരിയുടെ ഭർത്താവും കുട്ടിയും നേരത്തെ മരിച്ചിരുന്നു. ജീതു മാത്രമായിരുന്നു ജീവിച്ചിരിക്കുന്ന ഏക ബന്ധു. തുടര്‍ന്നാണ് സഹോദരിയുടെ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന19,300 രൂപ പിൻവലിക്കാൻ ജീതു ബാങ്കിനെ സമീപിക്കുന്നത്.

എന്നാല്‍ ബാങ്കിലെത്തിയപ്പോള്‍ തുക പിന്‍വലിക്കണമെങ്കില്‍ അക്കൗണ്ട് ഉടമ നേരിട്ട് ഹാജരാകുകയോ അല്ലെങ്കിൽ നിയമപരമായ അവകാശ രേഖകൾ സമർപ്പിക്കുകയോ ചെയ്യണമെന്ന് ബാങ്ക് മാനേജർ പറഞ്ഞു. ജീതുവിന്‍റെ കയ്യില്‍ സഹോദരിയുടെ മരണ സർട്ടിഫിക്കറ്റോ പിന്തുടർച്ചാവകാശ രേഖകളോ ഇല്ലായിരുന്നു. ബാങ്കിലെ സങ്കീര്‍ണമായ പ്രക്രിയകളെ കുറിച്ചും അറിവില്ലായിരുന്നു. 

തുടര്‍ന്ന് ഗ്രാമത്തില്‍ തിരിച്ചെത്തിയ ജീതു സഹോദരിയെ അടക്കം ചെയ്ത സ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്തു. ഈ അവശിഷ്ടങ്ങള്‍ ചാക്കിലാക്കി തിങ്കളാഴ്ച വീണ്ടും ബാങ്കിലെത്തുകയും ചെയ്തു. കൊടും ചൂടിൽ മൂന്ന് കിലോമീറ്റർ മൃതദേഹാവശിഷ്ടങ്ങളുമായി നടന്നാണ് അദ്ദേഹം ബാങ്കിലെത്തിയത്. സംഭവം വാർത്തയായതോടെ നിരവധിപ്പേർ ബാങ്കിന്‍റെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. 

ENGLISH SUMMARY:

An elderly man in Odisha, India, brought the skeletal remains of his deceased sister to a bank to withdraw money from her account. The bank eventually released the funds after the unusual incident garnered public attention and criticism.