heat-water-varanasi-up

ഒഡീഷയിൽ കനത്ത ചൂടിനെ അവഗണിച്ച് സെൻസസ് ജോലികളിൽ ഏർപ്പെട്ടിരുന്ന രണ്ട് സ്കൂൾ അധ്യാപകർ സൂര്യാഘാതമേറ്റ് മരിച്ചു. മയൂർഭഞ്ച്, സുന്ദർഗഡ് ജില്ലകളിലായാണ് രണ്ട് ദിവസത്തിനിടെ ദാരുണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് സെൻസസ് ഡ്യൂട്ടിക്കിടെ മരിക്കുന്നവരുടെ എണ്ണം മൂന്നായി.

മയൂർഭഞ്ച് ജില്ലയിലെ ബെതാനതി ബ്ലോക്കിലെ ബൈദ്യനാഥ് ഹൈസ്കൂൾ അധ്യാപകനായ രാജ്കപൂർ ഹെംബ്രാം ഞായറാഴ്ച വൈകുന്നേരമാണ് മരിച്ചത്. വീടുതോറുമുള്ള സെൻസസ് സർവേ കഴിഞ്ഞ് മടങ്ങിയെത്തിയ ഇദ്ദേഹം അബോധാവസ്ഥയിലാകുകയായിരുന്നു. ബാരിപാഡയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൂന്ന് ഗ്രാമങ്ങളിലെ സെൻസസ് ചുമതലയായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

അസുഖബാധിതനായിട്ടും ജോലി തുടരാൻ അധികൃതർ രാജ്കപൂറിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചു. സമാനമായ രീതിയിൽ സുന്ദർഗഡ് ജില്ലയിലെ ജരദ ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ അനുരാഗ് എക്ക ശനിയാഴ്ച സെൻസസ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

അധ്യാപകരുടെ മരണത്തിൽ സ്പെഷ്യൽ റിലീഫ് കമ്മീഷണറുടെ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചു. ജില്ലാ കളക്ടർമാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ ഏപ്രിൽ 21-ന് സോണെപൂർ ജില്ലയിൽ സെൻസസ് ജോലി കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

സംസ്ഥാനത്ത് താപനില 37 ഡിഗ്രി സെൽഷ്യസിനു മുകളിൽ തുടരുന്ന സാഹചര്യത്തിൽ സെൻസസ് ഉദ്യോഗസ്ഥർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ (SOP) സർക്കാർ പുറപ്പെടുവിച്ചിരുന്നു. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്ന തരത്തിലുള്ള ഫീൽഡ് ജോലികൾ പാടില്ല. ഉദ്യോഗസ്ഥർ കയ്യിൽ ഒ.ആർ.എസ് (ORS) കരുതണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും നിർദ്ദേശമുണ്ട്.

കടുത്ത ചൂടിലും ജോലി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് മേൽ വലിയ സമ്മർദ്ദമുണ്ടെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. വരും ദിവസങ്ങളിൽ ചൂട് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ സെൻസസ് ജോലികളുടെ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവും ശക്തമാണ്.

ENGLISH SUMMARY:

Odisha census deaths highlight the tragic impact of extreme heat on census workers. Two school teachers succumbed to heatstroke while on census duty in Odisha, raising concerns about the safety of officials during the ongoing heatwave.