brother-sister-skeleton

Image: X

TOPICS COVERED

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി സഹോദരന്‍. ഒഡിഷയിലെ ക്യോൻജാർ ജില്ലയിലാണ് സംഭവം. തുക പിന്‍വലിക്കാന്‍ ചെന്നപ്പോള്‍ അക്കൗണ്ട് ഉടമ ഹാജരാകുകയോ അല്ലെങ്കിൽ നിയമപരമായ അവകാശ രേഖകൾ സമർപ്പിക്കുകയോ ചെയ്യണമെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞതിനെ തുടര്‍ന്നാണ്, വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ആദിവാസി യുവാവ് സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്.

ക്യോൻജാറിലെ ഡയാനാലി ഗ്രാമത്തിലായിരുന്നു ജീതു മുണ്ടയുടേയും സഹോദരി കാക്ര മുണ്ടയുടേയും താമസം. എന്നാല്‍ രണ്ട് മാസം മുമ്പ് കാക്ര മരിച്ചു. കാക്രയുടെ ഭർത്താവും കുട്ടിയും നേരത്തെ മരിച്ചിരുന്നു. ജീതു മാത്രമായിരുന്നു കാക്രയുടെ ജീവിച്ചിരിക്കുന്ന ഏക ബന്ധു. തുടര്‍ന്നാണ് സഹോദരിയുടെ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന19,300 രൂപ പിൻവലിക്കാൻ ജീതു ബാങ്കിനെ സമീപിക്കുന്നത്. മല്ലിപ്പസിയിലെ ഒഡീഷ ഗ്രാമീൺ ബാങ്കിലായിരുന്നു കാക്രയുടെ അക്കൗണ്ട്. 

എന്നാല്‍ ബാങ്കിലെത്തിയപ്പോള്‍ തുക പിന്‍വലിക്കണമെങ്കില്‍ അക്കൗണ്ട് ഉടമ നേരിട്ട് ഹാജരാകുകയോ അല്ലെങ്കിൽ നിയമപരമായ അവകാശ രേഖകൾ സമർപ്പിക്കുകയോ ചെയ്യണമെന്ന് ബാങ്ക് മാനേജർ പറഞ്ഞു. ആദിവാസി യുവാവായ ജീതുവിന്‍റെ കയ്യില്‍ സഹോദരിയുടെ മരണ സർട്ടിഫിക്കറ്റോ പിന്തുടർച്ചാവകാശ രേഖകളോ ഇല്ലായിരുന്നു. ബാങ്കിലെ സങ്കീര്‍ണമായ പ്രക്രിയകളെ കുറിച്ചും അറിവില്ലായിരുന്നു. തുടര്‍ന്ന് അദ്ദേഹം നിസ്സഹായനായി മടങ്ങി.

തുടര്‍ന്ന് ഗ്രാമത്തില്‍ തിരിച്ചെത്തിയ ജീതു സഹോദരിയെ അടക്കം ചെയ്ത സ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്തു. ഈ അവശിഷ്ടങ്ങള്‍ ചാക്കിലാക്കി തിങ്കളാഴ്ച വീണ്ടും ബാങ്കിലെത്തുകയും ചെയ്തു. കൊടും ചൂടിൽ മൂന്ന് കിലോമീറ്റർ മൃതദേഹാവശിഷ്ടങ്ങളുമായി നടന്നാണ് അദ്ദേഹം ബാങ്കിലെത്തിയത്.

ജീതുവിന്‍റെ വരവ് കണ്ട് ആ സമയം ബാങ്കിലുണ്ടായ ജീവനക്കാരും ആളുകളും ഞെട്ടി. ഒരു വിഭാഗം രോഷാകുലരായി ജീതുവിനെ പഴിച്ചപ്പോള്‍ മറ്റൊരു വിഭാഗം ബാങ്കിന്‍റെ നിലപാടിനെതിരെ രംഗത്തെത്തി. ഒരു പാവപ്പെട്ട മനുഷ്യന് സ്വന്തം പണം ലഭിക്കുന്നത് ഇത്ര ബുദ്ധിമുട്ടാണോ എന്ന് അവര്‍ ചോദിച്ചു. ബാങ്കിന് സർപഞ്ചുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ സ്ഥിരീകരിക്കാമായിരുന്നു അല്ലെങ്കിൽ ഫീൽഡ് വിസിറ്റ് നടത്താമായിരുന്നു, പക്ഷേ ചെയ്തില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

ഒടുവില്‍ സംഭവത്തില്‍ പൊലീസും ഇടപെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജീതുവിനെ ശാന്തനാക്കി തിരിച്ചയക്കുകയായിരുന്നു. നടപടി ഉറപ്പ് നൽകിയ ഉദ്യോഗസ്ഥര്‍ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ കേസ് കൈകാര്യം ചെയ്യുമെന്നും ബാങ്കുമായി ബന്ധപ്പെടുമെന്നും അറിയിച്ചു.

ENGLISH SUMMARY:

In a tragic incident in Odisha's Keonjhar, a tribal man named Jitu Munda carried his deceased sister's skeletal remains to the Odisha Gramya Bank to withdraw ₹19,300 from her account. Jitu, who lacked legal documents like a death certificate, took this extreme step after the bank manager insisted on the account holder's presence or legal heir proof. The incident has sparked outrage against the bank's rigid bureaucracy and highlighted the plight of uneducated tribal individuals navigating complex banking procedures. Police have intervened to assist Jitu with the legal formalities.