എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image
ട്രെയിന്‍ യാത്രയ്ക്കിടെ 10 മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ തട്ടിയെടുത്ത് വിറ്റ യുവാവ് പിടിയില്‍. മൂന്നരലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും ഉത്തര്‍പ്രദേശ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ആറുദിവസത്തെ നെട്ടോട്ടത്തിനൊടുവില്‍ കണ്ടെത്തിയ കുഞ്ഞിനെ പൊലീസ് അമ്മയ്ക്ക് കൈമാറി.
ഈമാസം 14ന് കാനന്‍ എക്സ്പ്രസില്‍ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നിന്ന് ജാര്‍ഖണ്ഡിലെ കൊഡെര്‍മയിലേക്ക് പോകുകയായിരുന്ന മുന്നി അന്‍സാരി എന്ന യുവതിയുടെ കുഞ്ഞിനെയാണ് അര്‍ധരാത്രിയോടെ കാണാതായത്. അലിഗഡില്‍ നിന്ന് ട്രെയിനില്‍ കയറിയ യുവാവ് അമ്മയോടും കുഞ്ഞിനോടും സൗഹൃദം സ്ഥാപിച്ചു. കുറച്ചുനേരം കഴിഞ്ഞ് അമ്മയ്ക്കും കുഞ്ഞിനും മിഠായി നല്‍കി. ഇത് കഴിച്ച് അല്‍പനേരത്തിനകം മുന്നി ഉറങ്ങിപ്പോയി.
കാണ്‍പുര്‍ കഴിഞ്ഞ് ഫത്തേപുര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ യുവാവ് കുഞ്ഞിനെയുമെടുത്ത് ഇറങ്ങിപ്പോയി. ട്രെയിന്‍ മിര്‍സാപ്പുര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ബോധം തിരിച്ചുകിട്ടിയ യുവതി ഉണര്‍ന്നുനോക്കിയപ്പോള്‍ കുഞ്ഞിനെ കണ്ടില്ല. തുടര്‍ന്ന് മിര്‍സാപ്പുര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഇറ്റാവയ്ക്കും കാണ്‍പുരിനുമിടയിലാണ് സംഭവം നടന്നതെന്ന് എന്നതിനാല്‍ മിര്‍സാപുര്‍ റെയില്‍വേ പൊലീസ് ‘സീറോ’ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് ഇറ്റാവ പൊലീസിന് കേസ് കൈമാറി.
എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image
ഇറ്റാവ പൊലീസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചു. കാനന്ഡ എക്സ്പ്രസ് നിര്‍ത്തിയ എല്ലാ സ്റ്റേഷനുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചു. ഫത്തേപ്പുര്‍ സ്റ്റേഷനിലെ സിസിടിവിയില്‍ പച്ച സ്വെറ്റര്‍ ധരിച്ച യുവാവ് കുട്ടിയുമായി പോകുന്ന ദൃശ്യം കിട്ടി. യുവതി നല്‍കിയ വിവരങ്ങളുമായി സാമ്യമുള്ളയാളായിരുന്നു അത്. സമീപത്തെ ബസ് സ്റ്റാന്‍ഡിലേക്കാണ് ഇയാള്‍ പോയത്. വിശദമായ പരിശോധനയില്‍ ഇയാള്‍ കുട്ടിയുമായി അലിഗഡ് റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറില്‍ നില്‍ക്കുന്നതും തിരിച്ചറിഞ്ഞു. ഇവിടെ യുപിഐ ഉപയോഗിച്ചാണ് പണം നല്‍കിയത്.
യുപിഐ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ആളെ തിരിച്ചറിഞ്ഞു. ബുലന്ദ്‍ശഹര്‍ സ്വദേശി സോനു. അധികം വൈകാതെ ഇയാള്‍ പൊലീസിന്‍റെ വലയിലായി. ചോദ്യംചെയ്യലില്‍ സോനു കുറ്റം സമ്മതിച്ചു. തട്ടിയെടുത്ത കുഞ്ഞിനെ മൂന്നരലക്ഷം രൂപയ്ക്ക് നോയിഡയിലുള്ള ദമ്പതികള്‍ക്ക് വിറ്റുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ആണ്‍കുട്ടി വേണമെന്ന ആഗ്രഹം കൊണ്ടാണ് സോനുവിനെ സമീപിച്ചതെന്ന് ദാദ്രിയില്‍ താമസിക്കുന്ന അശോക് കുമാര്‍, പൂനം ദമ്പതികള്‍ മൊഴി നല്‍കി. ഇവരെയും അറസ്റ്റ് ചെയ്തു.
ആറുദിവസം നെഞ്ചിടിപ്പോടെ കാത്തിരുന്ന മുന്നി അന്‍സാരി വ്യാഴാഴ്ചയാണ് നേരെ ശ്വാസം വിട്ടത്. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ കൈമാറിയപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു. കേസില്‍ വിശദമായ അന്വേഷണം തുടരുമെന്നും കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും റെയില്‍വേ പൊലീസ് ആഗ്ര സോണ്‍ എസ്.എസ്.പി അനില്‍ കുമാര്‍ ഝാ അറിയിച്ചു.