Image credit: X/UPpolice
സഹോദരനെ കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മതംമാറി, പേരും ലുക്കും മാറ്റി രക്ഷപെടാന്‍ നോക്കിയിട്ടും 36 വര്‍ഷത്തിനിപ്പുറം കുടുങ്ങി. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ പ്രദീപ് സക്സേനയാണ് പൊലീസിന്‍റെ പിടിയിലായത്. 1987 ലാണ് പ്രദീപ് സ്വന്തം സഹോദരനെ വകവരുത്തിയത്. 1989 ല്‍ പ്രദീപ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. പരോള്‍ കിട്ടി പുറത്തിറങ്ങിയ പ്രദീപ് മുങ്ങിയെന്നാണ് പൊലീസ് പറയുന്നു.
ബറേലിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള മൊറാദാബാദിലെത്തിയാണ് പ്രദീപ് 'പുതിയ' മനുഷ്യനായി ജീവിതം തുടങ്ങിയത്. ഇസ്ലാം മതം സ്വീകരിച്ച പ്രദീപ്, അബ്ദുല്‍ റഹ്മാനെന്ന് പേരുമാറി. മുസ്ലിം യുവതിയെയും വിവാഹം കഴിച്ചു. ഡ്രൈവറായാണ് പിന്നീട് പ്രദീപ് ജീവിച്ചത്. കൊലക്കേസും ശിക്ഷയും ജയിലുമെല്ലാം മറന്ന് ജീവിക്കുന്നതിനിടെയാണ് ട്വിസ്റ്റുണ്ടായത്.
നാലാഴ്ചയ്ക്കുള്ളില്‍ പ്രദീപിനെ ഹാജരാക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ പൊലീസുകാര്‍ പൊടിപിടിച്ചു കിടന്ന പഴയ കേസ് തപ്പിയെടുത്തു. പുതിയ അന്വേഷണ സംഘം രൂപീകരിച്ച് പ്രദീപിനെ തിരഞ്ഞിറങ്ങുകയായിരുന്നു. പ്രദീപിന്‍റെ മറ്റൊരു സഹോദരനായ സുരേഷിന്‍റെ വീട്ടില്‍ പൊലീസെത്തി. ഇതോടെയാണ് , പ്രദീപ് മതംമാറി മറ്റൊരാളായി ജീവിക്കുകയാണെന്നും ഇടയ്ക്കിടെ ബറേലിയില്‍ വരാറുണ്ടെന്നും വിവരം കിട്ടി. പതിവുപോലെ ബറേലിയിലെത്തിയ പ്രദീപിനെ കാത്തിരുന്ന പൊലീസം സംഘം പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.