പ്രതീകാത്മക ചിത്രം
ക്ഷേത്രത്തിലെ ആഘോഷത്തിന്‍റെ ഭാഗമായി പഞ്ചാമൃതം തയാറാക്കുന്നതിനെടുത്ത പാല്‍ പേ വിഷബാധയേറ്റ പശുവിന്‍റേതെന്ന് കണ്ടെത്തലിനെ തുടര്‍ന്ന് നാട്ടുകാര്‍ കൂട്ടത്തോടെ വാക്സീനെടുത്തു. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. ഇതേത്തുടര്‍ന്ന് പ്രസാദം കഴിച്ച 170 പേരാണ് അധികൃതരുടെ നിര്‍ദേശാനുസരണം റാബീസ് വാക്സീന്‍റെ ആദ്യ ഡോസ് എടുത്തത്.
പേവിഷ ബാധയേറ്റ് ചത്ത പശുവിന് മൂന്ന് മാസം മുന്‍പാണ് പേപ്പട്ടിയുടെ കടിയേറ്റതെന്ന് അധികൃതര്‍ പറയുന്നു. പശുവിന്‍ പാലില്‍ നിന്ന് പേ വിഷ ബാധ പകരുമോ ഇല്ലയോ എന്നതില്‍ അധികൃതരും ഉറപ്പ് പറയാതിരുന്നതോടെയാണ് നാട്ടുകാര്‍ ആശങ്കയിലായത്. തുടര്‍ന്ന് എല്ലാവരും ആദ്യ ഡോസ് വാക്സീന്‍ സ്വീകരിക്കുകയായിരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ മാര്‍ച്ചില്‍ പശുവിന്‍ പാല്‍ കുടിച്ച യുവതി പേ വിഷ ബാധയേറ്റ് മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇവര്‍ കുടിച്ച പാല്‍ പേ വിഷബാധയേറ്റ പശുവിന്‍റേതായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ തിളപ്പിച്ചാണോ പച്ചയ്ക്കാണോ യുവതി പാല്‍ കുടിച്ചതെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
പശുവിന്‍ പാലിലൂടെ പേ വിഷം പകരുമോ?
തിളപ്പിക്കാത്ത പാലിലൂടെ പേ വിഷബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാല്‍ നിശ്ചിത താപനിലയില്‍ തിളപ്പിച്ചാറ്റിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവുള്ളൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ പാലില്‍ നിന്നോ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നോ റാബീസ് വൈറസ് പകരുമെന്ന വാദത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്നും എന്നിരുന്നാലും പേ വിഷബാധയേറ്റ മൃഗങ്ങളുടെ പാലോ, പാലുല്‍പ്പന്നങ്ങളോ ഉപയോഗിക്കരുതെന്നും നാഷനല്‍ റാബീസ് കണ്‍ട്രോള്‍ പ്രോഗ്രാമില്‍ പറയുന്നു.
പേപ്പട്ടിയുടെ കടിയേറ്റ പശുവിന്‍റെ പാല്‍ ഉപയോഗിച്ച സംഭവങ്ങളില്‍ യുഎസില്‍ നേരത്തെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മസാച്യുസെറ്റ്സില്‍ 1996 ലും 1998ലുമാണ് സംഭവങ്ങളുണ്ടായത്. 1996 ല്‍ പേ ബാധിച്ച പശുവിന്‍റെ പാല്‍ തിളപ്പിക്കാതെ കുടിച്ച 66 പേരും 1998 ല്‍ 14 പേരുമാണ് മരിച്ചത്.