Image Credit:X
ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. രവീന്ദ്ര അഹിര്‍വാര്‍(30) എന്ന യുവാവാണ് മരിച്ചത്. എല്‍ഐസിയില്‍ ഡവലപ്മെന്‍റ് ഓഫിസറായിരുന്ന രവീന്ദ്രയ്ക്ക് ബോളിങിനിടെ ക്ഷീണം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വെള്ളം കുടിച്ചു. ഇതിന് പിന്നാലെ ഛര്‍ദ്ദിക്കുകയും ബോധരഹിതനായി കുഴഞ്ഞ് വീഴുകയുമായിരുന്നു. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കടുത്ത ക്രിക്കറ്റ് പ്രേമിയായിരുന്നു രവീന്ദ്രയെന്നും രാവിലെ അച്ഛനൊപ്പമിരുന്ന് കാപ്പി കുടിച്ച ശേഷമാണ് കളിക്കാനായി പോയതെന്നും അനുജന്‍ അര്‍വിന്ദ് പറയുന്നു. മൂന്ന് മാസം മുന്‍പ് മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തിയതാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും കുടുംബം പറയുന്നു.
മൂന്നാം ഓവര്‍ എറിഞ്ഞ ശേഷം വെള്ളം കുടിക്കാനായി രവീന്ദ്ര എത്തി. കുടിച്ചതിന് പിന്നാലെ ഛര്‍ദ്ദിക്കുകയും ഗ്രൗണ്ടില്‍ വീഴുകയുമായിരുന്നു. നിര്‍ജലീകരണം സംഭവിച്ചതാകാമെന്നാണ് ആദ്യം സുഹൃത്തുക്കള്‍ കരുതിയത്. എന്നാല്‍ ബോധം മറഞ്ഞതോടെയാണ് സ്ഥിതി ഗുരുതരമാണെന്ന് മനസിലായത്. ഒരാഴ്ചയ്ക്ക് ശേഷമാണ് രവീന്ദ്ര കളിക്കാനെത്തിയതെന്നും പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.
ഹൃദയസ്തംഭനം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്നും കൃത്യമായ കാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലേ അറിയാന്‍ കഴിയുകയുള്ളൂവെന്നും മഹാറാണ് ലക്ഷ്മി ബായ് മെഡിക്കല്‍കോളജ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ സച്ചിന്‍ പറഞ്ഞു.